ഉറക്കമുണരുമ്പോള്‍ മുഖം നീര് വന്നത് പോലെയാകുന്നതിനും ശബ്ദമടയുന്നതിനും പിന്നില്‍ വന്നേക്കാവുന്ന ചില കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്...

രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം അല്‍പം വീര്‍ത്തിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ മുഖത്ത് നീര് വന്നതിന് സമാനമായി കാണുന്നതും ഒപ്പം തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ അവസ്ഥയിലാകുന്നതും പതിവാണെങ്കില്‍ അത് അത്ര സ്വഭാവികമല്ല. പക്ഷേ ഇതും മിക്കവരും സാധാരണമാണെന്ന നിലയിലാണ് മനസിലാക്കാറ്.

എന്നാലിവയ്ക്ക് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം. അത്തരത്തില്‍ ഉറക്കമുണരുമ്പോള്‍ മുഖം നീര് വന്നത് പോലെയാകുന്നതിനും ശബ്ദമടയുന്നതിനും പിന്നില്‍ വന്നേക്കാവുന്ന ചില കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്...

ഒന്ന്...

ഏതെങ്കിലും വൈറല്‍ അണുബാധകള്‍ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളിലേതെങ്കിലും ഉണ്ടോയെന്നും പരിശോധിക്കുക. കാരണം ഇവയും വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്. 

രണ്ട്...

വായുമലിനീകരണമാണ് രണ്ടാമതൊരു കാരണമായി വരുന്നത്. ഇന്ന് രാജ്യത്ത് ഏറെ പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട് വായുമലിനീകരണം. ഇത് തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാൻ കാരണമാവുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുമ, ശ്വാസതടസം, കണ്ണെരിച്ചില്‍, മൂക്കിനകത്ത് അസ്വസ്ഥത, ബിപി കൂടുക എന്നിവയെല്ലാം വായു മലിനീകരണം നമ്മെ ബാധിക്കുന്നുണ്ട് എന്നതിന്‍റെ സൂചനകളായി വരാം. 

മൂന്ന്...

തണുപ്പുകാലങ്ങളില്‍ അന്തരീക്ഷം അസാധാരണമായ രീതിയില്‍ വരണ്ടുപോകാം. ഈ അന്തരീക്ഷവും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആവശ്യമെങ്കില്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ദിവസം മുഴുവൻ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

നാല്...

അലര്‍ജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. തൊണ്ടവേദനയ്ക്കും തൊണ്ടയടപ്പിനുമൊപ്പം കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, രാത്രിയില്‍ ഉറക്കമില്ലായ്മ എന്നിവയെല്ലാം കാണുന്നുണ്ടെങ്കില്‍ ഇത് അലര്‍ജി മൂലമാകാമെന്ന് അനുമാനിക്കാം. ഒരു ഡോക്ടറെ കണ്ട് ഇക്കാര്യം സ്ഥിരീകരിക്കുകയാണെങ്കില്‍ ഇതിനുള്ള പരിഹാരങ്ങളും തേടാം.

അഞ്ച്...

ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ല എന്നുണ്ടെങ്കിലും രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം. കാരണം ജലാംശം നഷ്ടപ്പെടുമ്പോള്‍ വായയും വലിയ രീതിയില്‍ വരണ്ടുപോകാനിടയാകുന്നു. ഇതാണ് തൊണ്ട അടയുന്നതിന് കാരണമാകുന്നത്. ഉറങ്ങുമ്പോള്‍ വിയര്‍പ്പും ഉമിനീരുമെല്ലാം പുറത്തുപോകാം. ഇതുകൂടി കഴിയുമ്പോള്‍ കാര്യമായി തന്നെ ഈ വരള്‍ച്ച നിങ്ങളെ ബാധിക്കുകയാണ്. നന്നായി വെള്ളം കുടിക്കുക എന്നതാണ് പരിഹാരം. പ്രത്യേകിച്ച് തണുപ്പുകാലങ്ങളില്‍. 

ആറ്...

ചിലര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും 'സ്ലീപ് അപ്നിയ' എന്ന പ്രശ്നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവര്‍ക്ക് രാത്രിയില്‍ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.

ഏഴ്...

ഇന്ന് ഏറ്റവുമധികം പേര്‍ നേരിടുന്നൊരു പ്രശ്നമാണ് അസിഡിറ്റി അഥവാ പുളിച്ചുതികട്ടല്‍. രാത്രിയില്‍ ഇത് കൂടാൻ സാധ്യതയുണ്ട്. ഈ പ്രശ്നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് വീക്കവും കാണാം. കാരണം ഇവരുടെ ഉറക്കം അത്ര സുഖകരമായിരിക്കില്ല. നെഞ്ചില്‍ അസ്വസ്ഥത, വേദന, ഛര്‍ദ്ദി, വായ്നാറ്റം എന്നീ പ്രശ്നങ്ങളും പുളിച്ചുതികട്ടലിന്‍റെ ഭാഗമായി ഉണ്ടാകാം.

Also Read:- ഇന്ത്യയില്‍ വ്യാപകമായി കാണുന്നൊരു രോഗം ; ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo