മുന്‍കാലങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ക്കിടയില്‍ മലാശയ ക്യാന്‍സര്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ കാലത്തെ ജീവിതരീതികള്‍ തന്നെയാണ് ഇതിലേക്ക് യുവാക്കളെ എത്തിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

ദീര്‍ഘനേരം ഇരുന്നുള്ള ജോലിയുടെ ഭാഗമായി ശരീരം ആവശ്യത്തിന് അനങ്ങാതിരിക്കുന്ന അവസ്ഥ, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയെല്ലാമാണ് പലപ്പോഴും മലാശയ ക്യാന്‍സറിലേക്ക് യുവാക്കളെ എത്തിക്കുന്നതത്രേ. 

കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും മലാശയ ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ പാരമ്പര്യവും സ്വാധീനഘടകമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യഘട്ടങ്ങളില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ മലാശയ ക്യാന്‍സറിനേയും തോല്‍പിക്കാനാകും. 

എന്നാല്‍ പലപ്പോഴും മലാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആളുകള്‍ വകവയ്ക്കാതെ ഒഴിവാക്കി വിടുകയാണ് പതിവ്. പൈല്‍സ് (മൂലക്കുരു) ഉണ്ടാക്കുന്ന അസ്വസ്ഥതകളുമായി ഏറെ സാമ്യതയുള്ള ലക്ഷണങ്ങളാണ് മലാശയ ക്യാന്‍സറിനുമുള്ളത്. അതിനാല്‍ പൈല്‍സായി തെറ്റിദ്ധരിക്കുകയും സമയബന്ധിതമായി ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നതിനാല്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ക്യാന്‍സര്‍ ലക്ഷണങ്ങളെ നിത്യജീവിതത്തിന്റെ ഭാഗമായി വരുന്ന അസ്വസ്ഥതകളായി തള്ളിക്കളയുന്നവരില്‍ ഏറെയും യുവാക്കളാണത്രേ. ഗ്യാസ്ട്രബിളായും, ഹാംഗോവറായുമെല്ലാം ക്യാന്‍സര്‍ ലക്ഷണങ്ങളെ സ്വയം വിലയിരുത്തി അവഗണിക്കും. എന്നാല്‍ ഈ മനോഭാവം വളരെ അപകടം പിടിച്ചതാണെന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്.

മലാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍...

മലബന്ധം, മലത്തില്‍ രക്തം കാണപ്പെടുക, കറുത്തതോ ഇരുണ്ടതോ ആയ നിറത്തിലുള്ള കുത്തുകളോടുകൂടിയ മലം, ക്ഷീണം, ഇടയ്ക്കിടെ വയറുവേദന എന്നിവയെല്ലാമാണ് മലാശയ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇവയില്‍ ഏതെങ്കിലും ലക്ഷണം കണ്ടാലും അത് മലാശയ ക്യാന്‍സര്‍ തന്നെയാകണമെന്ന് നിര്‍ബന്ധമില്ല. 

പൈല്‍സിനും സമാനമായ ലക്ഷണങ്ങളായതിനാല്‍ അങ്ങനെയും വിലയിരുത്താം, എന്നാല്‍ അതിനും നൂറ് ശതമാനം ഉറപ്പ് കല്‍പിക്കരുത്. ഇത്തരത്തില്‍ സ്വയം നിഗമനങ്ങളിലേക്ക് ഒരിക്കലും എത്താതിരിക്കുക. ശരീരത്തിന്റെ പലവിധത്തിലുള്ള അനാരോഗ്യങ്ങളുടെ ഫലമായി പ്രകടമായ അസ്വസ്ഥതകള്‍ കാണാം. അതിന്റെ കാരണം വ്യക്തമായി മനസിലാക്കാന്‍ ഒരു ഡോക്ടറുടെ സഹായം തന്നെ തേടുക. അദ്ദേഹം നിര്‍ദേശിക്കുന്ന പരിശോധനകളിലൂടെ ശാസ്ത്രീയമായിത്തന്നെ പ്രശ്‌നങ്ങളെ കണ്ടെത്താം. ആത്മവിശ്വാസത്തോടെ ചികിത്സയേയും നേരിടാം. 

Also Read:- എന്തുകൊണ്ട് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍?...