ഒട്ടകങ്ങളുമായി സമ്പർക്കത്തിൽ വന്നവർക്കാണ് യുഎഇയിൽ മുൻപ് മെർസ് സ്ഥിരീകരിച്ചത്. ഒട്ടകം, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ് വൈറസ് വാഹകരെന്ന് പഠനങ്ങൾ പറയുന്നു

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെർസ് വൈറസ് യുഎഇയിൽ സ്ഥിരീകരിച്ചു. യുഎഇയിലെ അൽഐനിൽ പ്രവാസി യുവാവിന് മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ല. ഇയാളുമായി സമ്പർക്കത്തിൽ വന്ന 108 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച 28കാരനുമായി സമ്പർക്കം പുലർത്തിയ 108 പേരുടെയും നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടത്.

എന്താണ് മെർസ് വൈറസ്?(MERS virus)

MERS-CoV ഒരു സൂനോട്ടിക് വൈറസാണ്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്നതാണ് രോഗം. ഉയർന്ന മരണ നിരക്കാണ് മെർസിനെ വില്ലനാക്കുന്നത്. രോഗ ബാധിതരിൽ 35 ശതമാനവും മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ചെയ്യുന്നത്. പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. 

ഒട്ടകങ്ങളുമായി സമ്പർക്കത്തിൽ വന്നവർക്കാണ് യുഎഇയിൽ മുൻപ് മെർസ് സ്ഥിരീകരിച്ചത്. ഒട്ടകം, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ് വൈറസ് വാഹകരെന്ന് പഠനങ്ങൾ പറയുന്നു.

വയറിളക്കം ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമായവർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ, വൃക്കരോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശരോഗം, രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിലാണ് രോ​ഗം വരാനുള്ള സാധ്യത. വാക്സിനോ നിർദ്ദിഷ്ട ചികിത്സയോ നിലവിൽ ലഭ്യമല്ല. എന്നിരുന്നാലും നിരവധി MERS-CoV നിർദ്ദിഷ്ട വാക്സിനുകളും ചികിത്സകളും ക്ലിനിക്കൽ വികസനത്തിലാണ്. 

ഫാമുകൾ, മാർക്കറ്റുകൾ, മൃഗങ്ങളുമായി നേരിട്ടു സമ്പർക്കമുണ്ടാകുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകുക. രോഗ ബാധയുള്ള മൃഗങ്ങളെ തൊടരുതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.

​ഗ്രീൻ ടീ പ്രിയരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live