Asianet News MalayalamAsianet News Malayalam

ആമാശയത്തിലെ ക്യാന്‍സര്‍; അറിയാം ലക്ഷണങ്ങള്‍...

ആമാശയത്തിലെ ക്യാന്‍സര്‍ പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍ ഏറെ സമയമെടുക്കുകയും ചികിത്സ വൈകി മറ്റ് ശരീരഭാഗങ്ങളിലേക്ക് ക്യാന്‍സര്‍ പരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കരള്‍, ശ്വാസകോശങ്ങള്‍, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ പടരാം

know the symptoms of stomach cancer
Author
Trivandrum, First Published Oct 2, 2021, 7:51 PM IST

ആമാശയത്തിലെ ക്യാന്‍സര്‍ ( Stomach Cancer ) എന്നാല്‍ ആമാശയത്തിനകത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ അസാധാരണമായ ക്യാന്‍സറസ് കോശങ്ങള്‍ വളര്‍ന്നുവരുന്ന അവസ്ഥയാണ്. ആമാശയത്തിനകത്തെ 'ഹെല്‍ത്തി' ആയ കോശങ്ങള്‍ ( Healthy Cells ) മാറ്റത്തിന് വിധേയമാവുകയും അനിയന്ത്രിതമായി വളരാന്‍ തുടങ്ങുകയും ചെയ്യുന്ന രോഗാവസ്ഥ.  

ആമാശയത്തിലെ ക്യാന്‍സര്‍ പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍ ഏറെ സമയമെടുക്കുകയും ചികിത്സ വൈകി മറ്റ് ശരീരഭാഗങ്ങളിലേക്ക് ക്യാന്‍സര്‍ പരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കരള്‍, ശ്വാസകോശങ്ങള്‍, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ പടരാം. 

എന്തുകൊണ്ടാണ് ആമാശയത്തില്‍ ക്യാന്‍സര്‍ പിടിപെടുന്നത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഗവേഷകലോകത്തിന് കഴിഞ്ഞിട്ടില്ല. പല കാരണങ്ങള്‍ ഇതിന് പിന്നില്‍ വരാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആമാശയകലകളെയുണ്ടാക്കുന്ന ഡിഎന്‍എ കോശങ്ങളില്‍ മാറ്റം വരുന്നതോടെയാണ് ക്യാന്‍സര്‍ ആരംഭിക്കുന്നത്. ഈ മാറ്റങ്ങള്‍ മൂലം കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവ കൂടിച്ചേര്‍ന്ന് ട്യൂമറായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. 

 

know the symptoms of stomach cancer


അമിതവണ്ണം, പാരമ്പര്യം, എ- ടൈപ്പ് രക്തം, ഉപ്പ് അധികമായി ചേര്‍ന്ന ഭക്ഷണം അതുപോലെ സ്‌മോക്ക്ഡ് ഫുഡ് അധികമായി കഴിക്കുന്നത്, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഡയറ്റ് ദീര്‍ഘകാലം പിന്തുടരുന്നത്, ചില അണുബാധകള്‍, പതിവായ പുകവലി, മറ്റ് ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ആമാശയത്തിലെ ക്യാന്‍സറിലേക്ക് നീളാം. 

ലക്ഷണങ്ങള്‍...

ആദ്യം സൂചിപ്പിച്ചത് പോലെ വര്‍ഷങ്ങളെടുത്താണ് മിക്കവരിലും ആമാശയത്തിലെ ക്യാന്‍സര്‍ രൂപപ്പെടുന്നത്. അതിനാല്‍ തന്നെ പല ലക്ഷണങ്ങളും രോഗിയോ കൂടെയുള്ളവരോ ഗൗരവമായി എടുക്കണമെന്നില്ല. വയറുമായി ബന്ധപ്പെട്ട് നിത്യജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളായി തന്നെ ഇവ മിക്കവരും എടുക്കുകയാണ് ചെയ്യുക. എങ്കിലും ആമാശയത്തിലെ ക്യാന്‍സറിന്റെ ചില സൂചനകള്‍ എന്തെല്ലാമാണെന്ന് ഒന്ന് മനസിലാക്കാം...


- നെഞ്ചെരിച്ചില്‍
- ഓക്കാനം വരിക 
- വിശപ്പില്ലായ്മ
- ദഹനപ്രശ്‌നം
- വയറുവേദന
- മലത്തില്‍ രക്തം
- ശരീരഭാരം നന്നായി കുറയുക
- ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം
- വയറ് വീര്‍ത്ത് കാണപ്പെടുക
- ചര്‍മ്മത്തിലും കണ്ണുകളിലുമെല്ലാം മഞ്ഞനിറം പടരുക
- ഛര്‍ദ്ദി

 

know the symptoms of stomach cancer

 

ഇവയെല്ലാം തന്നെ വയറുമായി ബന്ധപ്പെട്ട മറ്റ് പല അസുഖങ്ങളുടെയും ഭാഗമായും കാണാവുന്ന പ്രശ്‌നങ്ങളാണ്. അതിനാല്‍ തന്നെ ഇവയിലേതെങ്കിലും ലക്ഷണങ്ങള്‍ പതിവായി നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും പരിശോദനയ്ക്ക് വിധേയരാവുക. ശേഷം വിദഗ്ധരുടെ നിഗമനങ്ങള്‍ മാത്രം സ്വീകരിക്കുക. സ്വയം രോഗനിര്‍ണയമോ, ചികിത്സയോ ഒരിക്കലും ചെയ്യാതിരിക്കുക.

Also Read:- ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, ഒപ്പം വേദന; പുരുഷന്മാര്‍ അറിയേണ്ടത്...

Follow Us:
Download App:
  • android
  • ios