പതിനഞ്ച് വര്‍ഷത്തിലധികമായി പ്രമേഹബാധിതനായിരുന്നു  കോടിയേരി. പാൻക്രിയാസ് അര്‍ബുദത്തിന്‍റെ ആദ്യസൂചനകളിലൊന്നായി പ്രമേഹം വരാം. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പാണ് കോടിയേരിക്ക് പാൻക്രിയാസ് ക്യാൻസര്‍ സ്ഥിരീകരിക്കുന്നത്. 

അറുപത്തിയൊമ്പതാം വയസില്‍ തന്‍റെ രാഷ്ട്രീയ- സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും ഇനിയും ചെയ്യാൻ ഒരുപാട് കാര്യങ്ങള്‍ ബാക്കിവച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിട പറയുമ്പോള്‍ രാഷ്ട്രീയ- സംഘടനാ ഭേദമെന്യേ കേരളമാകെയും അദ്ദേഹത്തിന് ഹൃദയത്തില്‍ നിന്നും യാത്രാമൊഴി നേരുകയാണ്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തലശ്ശേരിയിലും പയ്യാമ്പലത്തുമെല്ലാം ജനം തടിച്ചുകൂടി. 

പാൻക്രിയാസ് അര്‍ബുദമാണ് കോടിയേരിയെ ബാധിച്ചത്. അര്‍ബുദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

പതിനഞ്ച് വര്‍ഷത്തിലധികമായി പ്രമേഹബാധിതനായിരുന്നു കോടിയേരി. പാൻക്രിയാസ് അര്‍ബുദത്തിന്‍റെ ആദ്യസൂചനകളിലൊന്നായി പ്രമേഹം വരാം. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പാണ് കോടിയേരിക്ക് പാൻക്രിയാസ് ക്യാൻസര്‍ സ്ഥിരീകരിക്കുന്നത്. 

പാൻക്രിയാസ് അര്‍ബുദം...

തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിശബ്ദമായി രോഗിയെ കാര്‍ന്നുതിന്നുന്നൊരു അര്‍ബുദമാണ് പാൻക്രിയാസ് അര്‍ബുദം. പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥിയെ ആണിത് ബാധിക്കുന്നത്. ആമാശയത്തിന് തൊട്ട് താഴെയായി കാണപ്പെടുന്ന പാൻക്രിയാസ് ആണ് ദഹനം നടക്കുന്നതിന് സഹായകമായ ദഹനരസം ഉത്പാദിപ്പിക്കുന്നത്. അതുപോലെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിനുള്ള ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതും പാൻക്രിയാസ് തന്നെ. ഇതിനാലാണ് പാൻക്രിയാസ് പ്രശ്നത്തിലാകുമ്പോള്‍ പ്രമേഹം പിടിപെടുകയോ ഉള്ള പ്രമേഹം കൂടുകയോ ചെയ്യുന്നത്. 

രോഗലക്ഷണങ്ങള്‍...

ആദ്യമേ സൂചിപ്പിച്ചത് പോലെ തുടക്കത്തില്‍ പാൻക്രിയാസ് ക്യാൻസര്‍ അധികം ലക്ഷണങ്ങള്‍ പ്രകടമാക്കാറില്ല. അതുകൊണ്ട് തന്നെ ചികിത്സ വൈകുകയും രോഗി രക്ഷപ്പെടാനുള്ള സാധ്യതകള്‍ കുറയുകയും ചെയ്യുന്നു. 

ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് രോഗിയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. വയറുവേദന, വയറ്റില്‍ നിന്ന് തുടങ്ങി നടുവിലേക്ക് പടരുന്ന വേദന, മഞ്ഞപ്പിത്തം, പ്രമേഹം, ശരീരഭാരം കുറയുക, രക്തം കട്ട പിടിച്ച് ക്ലോട്ടുകളുണ്ടാവുക, മലത്തില്‍ നിറവ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പാൻക്രിയാസ് അര്‍ബുദത്തില്‍ ഉണ്ടാകാം. 

എല്ലാ ലക്ഷണങ്ങളും ഒരേ രോഗിയില്‍ കാണണമെന്നില്ല. പലപ്പോഴും രോഗിയോ ചുറ്റുമുള്ളവരോ തിരിച്ചറിയാതെ പോവുകയോ നിസാരവത്കരിക്കുകയോ ചെയ്യുന്ന ലക്ഷണങ്ങളാണിത്. പാൻക്രിയാസ് ക്യാൻസറാണെങ്കില്‍ സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും ഭേദപ്പെടുത്താൻ സാധിക്കുന്നതാണ്. എന്നാല്‍ ലക്ഷണങ്ങളിലൂടെ രോഗം സംശയിക്കപ്പെടാതിരിക്കുകയും പരിശോധിക്കാതിരിക്കുകയും ചെയ്യുന്നതോടെ ചികിത്സ വൈകുകയും ക്യാൻസര്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയും ചെയ്യുന്നതോടെയാണ് രോഗിയുടെ ജീവന് വെല്ലുവിളിയാകുന്നത്. 

Also Read:- നടുവേദന ക്യാൻസറിനെയും സൂചിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍