ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഏറെ പ്രധാന്യമേറിയതാണ് ഉറക്കം. മാനസിക-ശാരീരിക സൗഖ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാല്‍ രാത്രിയില്‍ ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം കിട്ടാത്ത നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം പലര്‍ക്കും നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഉറക്കവുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് ശാസ്ത്ര ലോകത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഉറക്കക്കുറവ് ഒരാളെ സ്വാർഥരാക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. 'PLOS Biology' എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കമില്ലാത്ത രാത്രികൾ ഒരാളെ സ്വാർഥരാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനം സ്വാർഥരാകുന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. 

കാലിഫോർണിയ, ബെർക്ലി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. ഉറക്കം കുറയുന്നതോടെ മറ്റൊരാളെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിന് മാറ്റം വരുമെന്നും പഠനത്തിൽ പറയുന്നു. ഉറക്കക്കുറവ് ഒരാളുടെ വൈകാരിക അവസ്ഥയെ മാറ്റുന്നതിനൊപ്പം സാമൂഹിക ഇടത്തിലുള്ള പെരുമാറ്റങ്ങളെയും ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നുണ്ട്.

ഉറക്കക്കുറവ് തടയാം; ഇതാ ചില ടിപ്സ്...

1. ഉറക്കത്തിന് അനുകൂലമായ സാഹചര്യം, കൃത്യമായ സമയം ഉറപ്പുവരുത്തുക. 

2. പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. അതിനാല്‍ ലൈറ്റ് ഓഫ് ആക്കിയതിന് ശേഷം ഉറങ്ങുക. 

3. ഉറങ്ങാനുള്ള സമയത്ത് മൊബൈൽ ഫോണ്‍ ഉപയോഗിക്കരുത്. 

4. ചായ, കാപ്പി, കോള എന്നിവ രാത്രി കുടിക്കാതിരിക്കാന്‍ ശ്രമിക്കുക. 

5. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ പരീക്ഷിക്കുക. 

6. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

Also Read: ഉറക്കം കുറവാണോ? ഈ ആരോഗ്യ പ്രശ്നങ്ങള്‍ പിന്നാലെയുണ്ട്...