മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകളുണ്ടായ ഒരു വര്‍ഷമാണിത്. വിഷാദരോഗത്തിന് അടിപ്പെട്ട പല പ്രമുഖരും ഇതിനിടെ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി ശ്രദ്ധേയമാവുകയാണ് പ്രമുഖ സംഗീതജ്ഞയും ഗ്രാമി പുരസ്‌കാര ജേതാവുമായ ലേഡി ഗാഗയുടെ വെളിപ്പെടുത്തലുകള്‍. 

വിഷാദരോഗം തന്നെ അടിമുടി തകര്‍ത്തിരുന്നുവെന്നും കരിയര്‍ പോലും നശിച്ചുപോകുന്ന അവസ്ഥയിലൂടെ താന്‍ കടന്നുപോന്നുവെന്നും ലേഡി ഗാഗ 'ബില്‍ബോര്‍ഡ്' എന്ന മാഗസിന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

'കരിയറിലെ വിജയങ്ങള്‍ എനിക്ക് സമ്മാനിച്ച നേട്ടങ്ങള്‍ പോലും ഒരു ബാധ്യതയായി അനുഭവപ്പെട്ട സമയമായിരുന്നു അത്. ഒന്നും ചെയ്യാതെ വെറുതെയിരിക്കും, ഇടയ്ക്ക് കരഞ്ഞുകൊണ്ടിരിക്കും. ഒരു ചെയിന്‍ സ്‌മോക്കറായി ആ കാലത്ത് ഞാന്‍ മാറി...'- ലേഡി ഗാഗയുടെ വാക്കുകള്‍. 

തുടര്‍ന്ന് തെറാപ്പിയിലൂടെ പതിയെപ്പതിയെ ആണ് താന്‍ 'നോര്‍മല്‍' ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും 'ക്രോമാറ്റിക' എന്ന തന്റെ പുതിയ ആല്‍ബം ആ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയതാണെന്നും ലേഡി ഗാഗ അഭിമുഖത്തിലൂടെ പറയുന്നു. 

എത്ര സമ്പത്തുണ്ടായാലും, ജീവിതം എത്രമാത്രം സുരക്ഷിതമായി മുന്നോട്ടുപോയാലും വിഷാദരോഗം നിങ്ങളെ കടന്നുപിടിക്കാന്‍ അധികസമയം വേണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. സമയബന്ധിതമായി ഇതിന് ചികിത്സ തേടേണ്ടത് ആവശ്യമാണെന്നും ഇവര്‍ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചുപറയുന്നു.

Also Read:- 'വീണ്ടും ചോദിക്കാം'; മാനസികാരോഗ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ദീപിക പദുകോണ്‍; വീഡിയോ...