എലിയിൽ നിന്ന് മാത്രമല്ല നായ്ക്കളുടെ മൂത്രം വഴിയും രോഗം പകരാമെന്നാണ് വിദഗ്ധ പക്ഷം. അങ്ങനെയെങ്കിൽ തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതും രോഗ പകർച്ചയ്ക്ക് വേഗം കൂട്ടുന്നുണ്ട്.  കഴിഞ്ഞ 10 വർഷമായി എലിപ്പനി രോഗ ബാധിതരുടേയും മരണ നിരക്കും കൂടി വരികയാണെന്ന് കണക്കുകൾ പറയുന്നു. എന്നിട്ടും പ്രതിരോധം പരസ്യങ്ങളിലൊതുങ്ങുകയാണ്. 

തിരുവനന്തപുരം : കേരളത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് ഭീഷണിയായി എലിപ്പനി പകർച്ചയും മരണങ്ങളും. സെപ്റ്റംബർ മാസത്തോടെ എലിപ്പനി ബാധിതരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ . രോഗം ബാധിച്ച് ചികിൽസ തേടുന്നവരിൽ 15ശതമാനത്തിലധികം പേർക്ക് മരണം സംഭവിക്കുന്നുണ്ട്. എലികളുടെ വിസർജ്യത്തിൽ നിന്നുണ്ടാകുന്ന ഹാന്‍റ വൈറസ് അടക്കം രോഗ ഭീഷണിയിൽ കൂടിയാണ് സംസ്ഥാനം കടന്നു പോകുന്നത്. മങ്കിപോക്സിലേക്കും കൊവിഡ് പ്രതിരോധത്തിലേക്കും മാത്രം ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധ മാറിയതോടെ എലിപ്പനി രോഗ നിർണയം പോലും പാളുകയാണെന്ന് രോഗ ബാധിതരുടെ എണ്ണം വ്യക്തമാക്കുന്നു. രോഗ നിർണയത്തിലെ കാലതാമസം മരണ നിരക്കും കൂട്ടുകയാണ്. മരണ കണക്കുകളും ആശങ്ക ഉയർത്തുകയാണ്.

കരുതലില്ലെങ്കിൽ കാത്തിരിക്കുന്നത് മരണം. എലിപ്പനിയെ കുറിച്ച് ഇതിനപ്പുറം ഒന്നും പറയാനില്ല. പനിയ്ക്കൊപ്പം ശക്തമായ ശരീര വേദന , പേശികളിൽ തൊട്ടാൽ പോലും കഠിന വേദന, കണ്ണിൽ ചുവപ്പു നിറം ഇതു കണ്ടാൽ എലിപ്പനി സംശയിക്കാം, ഉടൻ ചികിൽസ തേടണം. നാലോ അഞ്ചോ ദിവസത്തെ പനിക്ക് ശേഷം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയും ബി പി കുറഞ്ഞും ആണ് പലരുടേയും മരണം സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വൃക്ക,കരൾ,ഹൃദയം ,ശ്വാസകോശം അങ്ങനെ എലിപ്പനി പിടിമുറുക്കാത്ത ശരീരഭാഗങ്ങൾ കുറവ്. വൃക്കകളെ ബാധിക്കുന്ന രോഗം ഒരാളെ ഡയാലിസിസ് ഇല്ലാതെ ജീവിക്കാനാകാത്ത സ്ഥിതിയിലേക്കും എത്തിക്കും. ചില്ലറ കാര്യമല്ല എലിപ്പനിയെന്ന് മനസിലാക്കണം. 

ആശങ്കയേറ്റുന്ന കണക്കുകൾ

പ്രസിദ്ധീകരിച്ച കണക്കുകൾ അനുസരിച്ച് ഈ മാസം 10-ാം തിയതി വരെ മാത്രം 172 പേർക്കാണ് എലിപ്പനി പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണം ആകട്ടെ 135 ഉം . എലിപ്പനി ബാധിച്ചെന്ന് ഉറപ്പു വരുത്തിയവരിലെ മരണം 7. ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 18. അതായത് എലിപ്പനി മരണം ഈ മാസം മാത്രം 25. ജനുവരി മുതലുള്ള കണക്ക് അനുസരിച്ച് 1321 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 49പേർ മരിച്ചു. രോഗ ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ എത്തിയ 1683പേരിൽ 131പേരും മരിച്ചു.

ചുരുക്കത്തിൽ എലിപ്പനി ബാധിച്ചുള്ള മരണം 180. ഇത് സർക്കാർ മേഖലയിലെ കണക്ക് മാത്രമാണെന്ന തിരിച്ചറിവ് കൂടിയാകുമ്പോഴാണ് മരണ സംഖ്യ ഇനിയും കുതിക്കുമെന്ന് ഉറപ്പിക്കാവുന്നത്. സ്വകാര്യ മേഖലയിൽ നിന്നുള്ള കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. അത് ക്രോഡീകരിക്കാൻ ആരോഗ്യവകുപ്പിനും താൽപര്യമില്ല. വർഷാവസാനം കണക്കുകൾ നിരത്തുമ്പോൾ രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ കണക്ക് ഡിലീറ്റ് ചെയ്യപ്പെടും. 

ഈ കണക്കുകൾ അത്ര നിസാരമായി തള്ളിക്കളയാനാകില്ല. പകർച്ച വ്യാധികളിൽ വില്ലൻ ആണ് എലിപ്പനി. പകർച്ച വ്യാധികളിൽ മരണങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നതും എലിപ്പനി കാരണമാണ്. അതിൽ തന്നെ മരണം കവരുന്നവരിൽ ഏറേയും 40 വയസിന് താഴെ ഉള്ളവരാണന്നാണ് ഏറ്റവും ഒടുവിലെ ഡെത്ത് ഓഡിറ്റിങ്ങിൽ വ്യക്തമായത്. അത്യാഹിത വിഭാഗത്തിൽ കടുത്ത എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്നവരെ രക്ഷിക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. കഴിഞ്ഞ വർഷവും എലിപ്പനി ബാധിതരുടെ എണ്ണവും മരണങ്ങളും കൂടുതലായിരുന്നു. കഴിഞ്ഞ 10 വർഷമായി രോഗ ബാധിതരുടേയും മരണ നിരക്കും കൂടി വരികയാണെന്ന് കണക്കുകൾ പറയുന്നു. എന്നിട്ടും പ്രതിരോധം പരസ്യങ്ങളിലൊതുങ്ങുകയാണ്

ആരോഗ്യ സംവിധാനത്തിലെ വീഴ്ചകൾ 

എലിപ്പനി ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന പലപ്പോഴും കൃത്യമായി നടക്കുന്നില്ല. പ്രത്യേകിച്ച് താഴേ തട്ടിലുള്ള സർക്കാർ ആശുപത്രികളിൽ. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്നവർക്ക് പോലും പലപ്പോഴും പരിശോധന നടത്തുന്നില്ല. ചിലപ്പോൾ തുടക്കത്തിൽ നടത്തുന്ന ആന്‍റിബോഡി പരിശോധനയിൽ ചിലപ്പോൾ കണ്ടെത്താനായേക്കില്ലെന്നതും ചികിൽസ വൈകിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പോലും ഡോക്സി സൈക്ലിൻ മാത്രം കൊടുത്ത് ഗ്ലൌസും ഷൂസിം അടക്കം പ്രതിരോധങ്ങളില്ലാതെ വെള്ളക്കെട്ടിലും പറമ്പുകളിലുമിറക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ആാരോഗ്യ വകുപ്പിനൊപ്പം വീഴ്ചയ്ക്ക് ഉത്തരവാദികളാണ്. രോഗം മൂർച്ഛിച്ചശേഷമുള്ള ചികിൽസ പലപ്പോഴും ഫലപ്രദമാകില്ലെന്നതിനാൽ പെട്ടെന്നുളള മരണവും സംഭവിക്കാം

രോഗ വ്യാപനത്തിന്‍റെ കാരണങ്ങൾ

അതിതീവ്ര മഴ, അതുവഴി വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം. മാലിന്യം ഒലിച്ചിറങ്ങി ഉണ്ടാകുന്ന ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ, ഇത്തരം ഇടങ്ങളിലെ എലികളുടെ സാന്നിധ്യം, കേരളത്തിലെ സ്ഥിരം കാഴ്ചയായ ഇതുള്ളപ്പോൾ എലിപ്പനിക്ക് മറ്റ് കാരണങ്ങൾ ചികയേണ്ട. എലിയിൽ നിന്ന് മാത്രമല്ല നായ്ക്കളുടെ മൂത്രം വഴിയും രോഗം പകരാമെന്നാണ് വിദഗ്ധ പക്ഷം. അങ്ങനെയെങ്കിൽ തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതും രോഗ പകർച്ചയ്ക്ക് വേഗം കൂട്ടുന്നുണ്ട്.

മാലിന്യ നിർമാർജനം കീറാമുട്ടിയായ സംസ്ഥാനത്ത് എലികളും തെരുവ് നായ്ക്കളും പെരുകുന്നതിൽ അതിശയോക്തി ഇല്ല. അതുപോലെ രോഗം പകരുമെന്നതും വ്യക്തം. ഇതിന് പരിഹാരം കാണാനായില്ലെങ്കിൽ എലിപ്പനി വില്ലനായി തുടരും. കുറേ വർഷങ്ങളായുള്ള കണക്ക് അനുസരിച്ച് സെപ്റ്റംബർ മാസത്തിലാണ് രോഗ ബാധ കൂടുന്നത്. 2018ലെ പ്രളയ ശേഷം ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം ഉണ്ടായത് ഓഗസ്റ്റ് 31 നും സെപറ്റംബർ 1നും ആണ്. ഇക്കൊല്ലവും ആ പതിവ് ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.