ചര്‍മ്മപ്രശ്‌നങ്ങള്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. ഒരുപക്ഷേ അകത്ത് ഉണ്ടായിരിക്കുന്ന ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാകാം, അതല്ലെങ്കില്‍ ഏതെങ്കിലും മരുന്നുകളോടോ ഭക്ഷണങ്ങളോടോ ഉള്ള അലര്‍ജിയാകാം, കാലാവസ്ഥയോടുള്ള പ്രതികരണമാകാം, കെമിക്കലുകളോടുള്ള 'റിയാക്ഷന്‍' ആകാം. ഇങ്ങനെ പല അവസ്ഥയിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. 

പുറത്ത് നിന്ന് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളോടും അലര്‍ജിക്ക്  ഇടയാക്കുന്ന 'അലര്‍ജന്റ്‌സ്' അല്ലെങ്കില്‍ 'ഇറിറ്റന്റ്‌സ്' എന്നിവയോടുള്ള പ്രതികരണമായും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. 

പൊതുവേ കാണപ്പെടുന്ന ചൊറിച്ചില്‍, പാടുകള്‍, ചുവപ്പ്, തടിപ്പ്, ചുട്ടുനീറല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ നേരിടാന്‍ പ്രധാനമായും ചെയ്യേണ്ടത് ജീവിതരീതികളിലെ ചിട്ടയാണെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യകരമായ ഡയറ്റ് (ധാരാളം പച്ചക്കറികളും പഴങ്ങളും നട്ട്‌സുമെല്ലാം അടങ്ങിയത്) നിര്‍ബന്ധമാണ്. പഴങ്ങളില്‍ നിന്നും പച്ചക്കറിയില്‍ നിന്നുമെല്ലാം ലഭിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് മിക്കവാറും ചര്‍മ്മപ്രശ്‌നങ്ങളെ പരിഹരിക്കുന്നത്. ധാരാളം വെള്ളം കുടിക്കണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുകയും അരുത്. ഒപ്പം തന്നെ സുഖകരമായ ഉറക്കവും ഉറപ്പുവരുത്തുക. 

ഓര്‍ക്കുക, എല്ലാ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണം ഒന്ന് തന്നെയാകണമെന്നില്ല. ഗൗരവമുള്ള പ്രശ്‌നങ്ങളായി തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ആവശ്യമായ നിര്‍ദേശം വാങ്ങാം. ചെറിയ ബുദ്ധിമുട്ടുകളാണെങ്കില്‍ ഡയറ്റും ഉറക്കവുമെല്ലാം അടക്കം നേരത്തേ സൂചിപ്പിച്ചത് പോലെ 'ലൈഫ്‌സ്റ്റൈല്‍' മാറ്റിനോക്കാം എന്ന് മാത്രം.

Also Read:- അകാരണമായി വണ്ണം കുറയുന്നതും വിശപ്പില്ലായ്മയും; അറിയാം ഈ കാരണം...