അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സന്തോഷകരമായ വാര്‍ത്ത. 

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും വിശപ്പ് മാറ്റാനും കഴിയുന്ന ഒരു ഹോര്‍മോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസ്‌ത്രലോകം. ആദ്യം എലികളില്‍ പരീക്ഷിച്ച വിജയകരമെന്ന് കണ്ടെത്തിയ ഈ ഹോര്‍മോണ്‍ മനുഷ്യരിലും സമാന ഫലങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകൾ.

'ലിപ്പോകാലിന്‍-2' (എല്‍സിഎന്‍2) എന്ന ഹോര്‍മോണാണ് ​ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ദീര്‍ഘനേരം വിശപ്പ് തോന്നാതിരിക്കും എന്നതാണ് ഇതിന്റെ പ്രയോജനം. എലികളുടെയും മനുഷ്യരുടെയും ബോണ്‍ സെല്ലുകള്‍ സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് എല്‍സിഎന്‍2.

 

 

ഈ ഹോര്‍മോണ്‍ നല്‍കിക്കഴിഞ്ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതുവഴി ഭാരം കുറയ്ക്കാനും സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ കൊളംബിയ യൂണിവേഴ്സിറ്റി ഈർവിംഗ് മെഡിക്കൽ സെന്ററിലെ റിസർച്ച് സയന്റിസ്റ്റായിരുന്ന പെരിസ്റ്റെറ ഇയോന്ന പെട്രോപ പറഞ്ഞു.

കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറ് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. തലച്ചോറിലെ ഹൈപ്പോതലാമസില്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഇതിന് കാരണം.

എല്‍സിഎന്‍2 എത്രത്തോളം അളവില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് എന്നതിന്റെ അടിസ്‌ഥാനത്തില്‍ ആണ് ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നത്. സാധാരണ ശരീരഭാരമുള്ളയാള്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എല്‍സിഎന്‍ 2 ഹോര്‍മോണിന്റെ അളവ് കൂടുതലായിരിക്കും.

അതേസമയം ശരീരഭാരം കൂടുതലുള്ളവരില്‍ ഹോര്‍മോണ്‍ അളവ് കുറവായിരിക്കും. ഇതിനാലാണ് ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതെന്നും  ശാസ്ത്ര ജേണലായ ഇലൈഫിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പഠനം