Asianet News MalayalamAsianet News Malayalam

Loose Motion Remedy : മഴക്കാലത്ത് പിടിപെടുന്ന വയറിളക്കം നിസാരമായി കാണേണ്ട...

രോഗാണുക്കള്‍ക്ക് അതിജീവിക്കാനും പകരാനുമെല്ലാം അനുകൂലമായ കാലാവസ്ഥയാണ് മഴക്കാലത്ത് ഉള്ളത്. അതിനിലാണ് മഴക്കാലത്ത് രോഗങ്ങളും കൂടുതലായി വരുന്നത്. ഇത്തരത്തില്‍ മഴക്കാല രോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് വയറിളക്കം. 

loose motion in monsoon should consider as a serious issue
Author
Trivandrum, First Published Aug 3, 2022, 11:40 AM IST

മഴക്കാലമായാല്‍ ചൂടില്‍ നിന്നൊരാശ്വാസമായല്ലോ എന്ന സന്തോഷത്തിലായിരിക്കും മിക്കവരും. എന്നാല്‍ മഴക്കാലരോഗങ്ങളെ ( Monsoon Diseases ) കുറിച്ചോര്‍ക്കുമ്പോള്‍ ഈ സന്തോഷം തീര്‍ത്തും ഇല്ലാതാകാം. അത്രമാത്രം അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട് മഴക്കാലത്തെ ( Monsoon Diseases ) അന്തരീക്ഷം. 

രോഗാണുക്കള്‍ക്ക് അതിജീവിക്കാനും പകരാനുമെല്ലാം അനുകൂലമായ കാലാവസ്ഥയാണ് മഴക്കാലത്ത് ഉള്ളത്. അതിനിലാണ് മഴക്കാലത്ത് രോഗങ്ങളും കൂടുതലായി വരുന്നത്. ഇത്തരത്തില്‍ മഴക്കാല രോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് വയറിളക്കം( Loose Motion ). 

പ്രധാനമായും വൈറസാണ് ഈ വയറിളക്കത്തിന് കാരണമായി വരുന്നത്. മഴക്കാലത്ത് കുടിവെള്ളത്തിലോ, ഭക്ഷണത്തിലോ എല്ലാം ഈ വൈറസ് അടക്കമുള്ള രോഗാണുക്കള്‍ കയറിപ്പറ്റുവാനും അതുവഴിയെല്ലാം വയറിളക്കം ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. 

സാധാരണഗതിയില്‍ ദഹനവ്യവസ്ഥയെ ബാക്ടീരിയയോ വൈറസോ എല്ലാം ബാധിക്കുമ്പോഴാണ് വയറിളക്കമുണ്ടാകുന്നത്.  മഴക്കാലത്ത് നേരത്തെ സൂചിപ്പിച്ചത് പോലെ അധികവും ഇത് മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് സംഭവിക്കുന്നത്. ചിലര്‍ക്ക് ചില മരുന്നുകളും അതുപോലെ അലര്‍ജികളും വയറിളക്കം ഉണ്ടാക്കാറുണ്ട്. 

വയറിളക്കം ലക്ഷണങ്ങള്‍...

സാധാരണനിലയിലുള്ള ദഹനപ്രശ്നങ്ങള്‍ അല്ലാതെ ശ്രദ്ധിക്കേണ്ട വിധത്തിലുള്ള വയറിളക്കമാണെങ്കില്‍ ( Loose Motion ) ഇത് തിരിച്ചറിയേണ്ടതും ചികിത്സയെടുക്കേണ്ടതും അത്യാവശ്യമാണ്. അങ്ങനെയെങ്കില്‍ ഇതെങ്ങനെ തിരിച്ചറിയാം? അറിയാം ഇതിന്‍റെ ലക്ഷണങ്ങള്‍...

ഓക്കാനം, വയറുവേദന, തളര്‍ച്ച, മലം - വെള്ളം പോലെ പോകുക, നിര്‍ജലീകരണം, പനി, മലത്തില്‍ രക്തം എന്നിവയെല്ലാം ഇത്തരത്തില്‍ വയറിളക്കത്തിന്‍റെ ലക്ഷണങ്ങളായി വരുന്ന പ്രശ്നങ്ങളാണ്. കുട്ടികളിലാണ് ഈ ലക്ഷണങ്ങള്‍ കാണുന്നതെങ്കില്‍ തീര്‍ച്ചയായും പെട്ടെന്ന് തന്നെ ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കണം. 

തലവേദന, മൂത്ര തടസം, തളര്‍ച്ച, പനി, അസ്വസ്ഥത എന്നിവയും വയറിളക്കത്തില്‍ ലക്ഷണങ്ങളായി വരാം. മുതിര്‍ന്നവരാണെങ്കിലും ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ചികിത്സ തേടുക. അല്ലെങ്കിലൊരു പക്ഷേ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയില്‍ ഇത് ഗുരുതരമാകാം.

പ്രത്യേകിച്ച് വയറിളക്കം മൂലമുണ്ടാകുന്ന ജനലഷ്ടമെല്ലാം ശരീരത്തെ കുറഞ്ഞ സമയത്തിനുള്ളില്‍ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഈ സാഹചര്യം അതിജീവിക്കാൻ ഒരുപക്ഷേ എളുപ്പത്തില്‍ സാധിച്ചേക്കില്ല. ഇത്തരത്തില്‍ മരണം വരെ എത്തിയിട്ടുള്ള കേസുകള്‍ നിരവധിയാണ്. 

വയറിളക്കം തടയാം...

മഴക്കാലത്ത് വയറിളക്കം പകര്‍ച്ചയാകാം. ഇത് തടയാൻ വ്യക്തി ശുചിത്വം പാലിക്കല്‍ തന്നെയാണ് പ്രധാനം. കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കുക. കക്കൂസില്‍ പോയ ശേഷം നിര്‍ബന്ധമായും സോപ്പുപയോഗിച്ച് സ്വയം വൃത്തിയാക്കുക. 

ഭക്ഷണമോ വെള്ളമോ പുറത്തുനിന്ന് കഴിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. കഴിക്കും മുമ്പും കൈ നന്നായി വൃത്തിയാക്കുക. പച്ചക്കറികളും പഴങ്ങളും കഴിക്കും മുമ്പ് നന്നായി വൃത്തിയാക്കുക. വേവിക്കാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സ്ട്രീറ്റ് ഫുഡ് കഴിയുന്നതും വേണ്ടെന്ന് വയ്ക്കുക. 

'റോട്ട വൈറസ്' എന്ന വൈറസ് വയറിളക്കത്തിന് വ്യാപകമായ കാരണമാകാറുണ്ട്. കുട്ടികള്‍ക്ക് ഇതിനെതിരെ വാക്സിൻ നല്‍കാൻ സാധിക്കും.  

വൈറ്റമിൻ- എയുടെ കുറവ് ചിലരില്‍ വയറിളക്കത്തിന് കാരണമാകാറുണ്ട്. അതിനാല്‍ വൈറ്റമിൻ-എ സമ്പന്നമായ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. നന്നായി വെള്ളം കുടിക്കുക. വയറിളക്കമുണ്ടായാല്‍ പ്രത്യേകിച്ചും. ഇളനീരും മധുരം അധികം ചേര്‍ക്കാത്ത പഴച്ചാറുകളുമെല്ലാം വയറിളക്കമുള്ളപ്പോള്‍ നല്ലതാണ്. ഗ്രീൻ ടീയും ഏറെ നല്ലത് തന്നെ. 

Also Read:- മലിനജലം കുടിച്ച് മൂന്ന് മരണം; വെള്ളം കുടിക്കാൻ യോഗ്യമാണോ എന്ന് എങ്ങനെ അറിയാം?

Latest Videos
Follow Us:
Download App:
  • android
  • ios