Health Tips : ആരോഗ്യകരമായ ജീവിതത്തിന് ഈ ശീലം നിര്‍ബന്ധമാക്കൂ...
എത്ര തിരക്കാണെങ്കിലും എവിടെ പോകുമ്പോഴും കൂടെ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ഇതൊരു ശീലമാക്കി വളര്‍ത്തിയെടുത്താല്‍ തന്നെ വെള്ളം കുടിക്കാതിരിക്കുന്ന പ്രശ്നമൊഴിവാക്കാം.

ആരോഗ്യകാര്യങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ പോലും മിക്കവര്‍ക്കും ഇതെല്ലാം ശ്രദ്ധിക്കുന്നതിനും പാലിക്കുന്നതിനുമെല്ലാം സമയക്കുറവും മടിയുമാണ്. എന്നാല്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങളെല്ലാം നിര്‍ബന്ധമായും ശ്രദ്ധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് ക്രമേണ നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കാം. എത്ര തിരക്കാണെങ്കിലും ഈ ശീലങ്ങള്‍ തുടരാൻ സ്വയം പ്രേരിപ്പിക്കണം.
ഇത്തരത്തില്‍ ആരോഗ്യം സുരക്ഷിതമാക്കാൻ നിങ്ങള്‍ പതിവായി ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് വെള്ളംകുടി. ദിവസത്തില്‍ പലപ്പോഴും നാം വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴിത് പര്യാപ്തമാവുകയോ ചിലപ്പോള്‍ അല്ലാതാവുകയോ ചെയ്യാം. എന്തായാലും ദിവസത്തില്‍ കിട്ടേണ്ടയത്ര വെള്ളം നിര്‍ബന്ധമായും കിട്ടിയിരിക്കണമല്ലോ. ഇതിനായി ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇത് നല്ലൊരു ശീലമാണ്. ആരോഗ്യത്തിന് പലരീതിയില്‍ ഇത് ഗുണകരമായിവരും. ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍ അത് ലഘൂകരിക്കാനും, ശരീരത്തിന് ഉണര്‍വേകാനുമെല്ലാം ഈ ശീലം സഹായിക്കുന്നതാണ്. വെറുതെ വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവരാണെങ്കില്‍ ഇളംചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരോ തേനോ എല്ലാം ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
എത്ര തിരക്കാണെങ്കിലും എവിടെ പോകുമ്പോഴും കൂടെ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ഇതൊരു ശീലമാക്കി വളര്‍ത്തിയെടുത്താല്‍ തന്നെ വെള്ളം കുടിക്കാതിരിക്കുന്ന പ്രശ്നമൊഴിവാക്കാം.
ജോലിക്കോ പഠനത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ ദിവസത്തില്‍ എത്ര വെള്ളം കുടിക്കുന്നുണ്ട് എന്നത് കൂടിയൊരു ഗോള്‍ ആയി സെറ്റ് ചെയ്യുക. അത്രയും പ്രാധാന്യം വെള്ളം കുടിക്കുന്നതിന് നല്‍കി ശീലിച്ചാല്‍ പിന്നെ അങ്ങനെ തന്നെ എളുപ്പമായിരിക്കും.
ചിലരുണ്ട്, ദാഹിക്കുമ്പോള്‍ ഉടനെ കടകളില്‍ നിന്ന് എന്തെങ്കിലും മധുരപാനീയങ്ങളോ ശീതളപാനീയങ്ങളോ വാങ്ങി കഴിക്കും. എന്നാലിത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ ദാഹിച്ചുവരണ്ടാലും വെള്ളത്തിന് തന്നെ പ്രഥമപ്രാധാന്യം നല്‍കുക. കഴിയുന്നതും മറ്റ് പാനീയങ്ങളൊഴിവാക്കാം. കരിക്കൊക്കെയാണ് വെള്ളത്തിന് പകരം കഴിക്കാവുന്ന ആരോഗ്യകരമായ പാനീയം.
വെള്ളം കുടിക്കുന്ന സമയത്തിനും ചില ശീലങ്ങളുണ്ടാക്കാവുന്നതാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും ഭക്ഷണം കഴിച്ച് അര മണിക്കൂറിന് ശേഷവും വെള്ളം കുടിക്കുന്നത് പതിവാക്കാം. ഇത് വെള്ളംകുടിയും ഉറപ്പിക്കും- കൂട്ടത്തില്‍ ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിച്ച് പോഷകങ്ങള്‍ ഭാഗികമായെങ്കിലും നഷ്ടപ്പെടുത്തുന്നതും ദഹനപ്രശ്നങ്ങളുണ്ടാക്കുന്നതും ഒഴിവാക്കുകയും ചെയ്യാം. അതുപോലെ ഓരോ മണിക്കൂറിലും വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാക്കുകയും വേണം. ഒരുമിച്ച് കുറെയധികം വെള്ളം കുടിക്കുന്നതിന് പകരം അല്‍പാല്‍പമായി കുടിക്കുന്നതാണ് ഉചിതം.
ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം പോലുള്ള അവസ്ഥകളുണ്ടാകാതിരിക്കാൻ വെള്ളം അധികമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിക്കാവുന്നതാണ്. തണ്ണിമത്തൻ, തക്കാളി, കക്കിരി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നവയാണ്.
ദാഹിക്കുമ്പോള്‍ ചായയിലേക്കോ കാപ്പിയിലേക്കോ ആണ് പോകുന്നതെങ്കില്‍ ഈ ശീലവും നല്ലതല്ല. ചായയും കാപ്പിയും ദിവസത്തില്‍ മൂന്ന് കപ്പിലധികമാകുന്നത്- പ്രത്യേകിച്ച് മധുരം ചേര്‍ത്തത്- തീരെ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നുമാത്രമല്ല ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന 'കഫീൻ' നിര്‍ജലീകരണത്തിന് കാരണമാകുന്ന ഘടകമാണ്. അത് പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. ചായയിലേക്കും കാപ്പിയിലേക്കും ശ്രദ്ധ തിരിക്കാതെ നേരെ വെള്ളത്തിലേക്ക് തന്നെ ശ്രദ്ധ തിരിക്കാനായാല്‍ നല്ലത്. കാപ്പിക്കും ചായയ്ക്കും അതാത് സമയങ്ങളും വയ്ക്കാം.
Also Read:- മുടി സമൃദ്ധമായി വളരാൻ പതിവായി ശ്രദ്ധിക്കേണ്ട ശീലങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-