അമിതമായി മദ്യം കഴിച്ചതിന് പിന്നാലെ വയര്‍ പ്രശ്നത്തിലാവുകയും ഇതെത്തുടര്‍ന്ന് ഗുരുതരമായ ആന്ത്രവീക്കം (ആമാശയവും കുടലും വീര്‍ക്കുന്ന അവസ്ഥ) ഉണ്ടാവുകയും ചെയ്തതോടെയാണ് തിമോത്തിയുടെ മരണം സംഭവിച്ചിരിക്കുന്നത്
മദ്യപാനം ആരോഗ്യത്തെ എത്തരത്തിലെല്ലാം ദോഷകരമായി ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ അമിതമായ മദ്യപാനം, അതും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വ്യക്തിക്ക് താങ്ങാൻ സാധിക്കാത്ത അത്രയും ആല്‍ക്കഹോള്‍ ശരീരത്തിലേക്ക് എത്തിയാല്‍ അത് മരണത്തിലേക്ക് വരെ എത്തിക്കാം. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.
യുകെയില്‍ നിന്ന് ജമൈക്കയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ അമ്പത്തിമൂന്നുകാരൻ അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് മരിച്ചു എന്നതാണ് വാര്‍ത്ത. സംഭവം നടന്നത് ഒരു വര്‍ഷം മുമ്പാണ്. എന്നാല്‍ ഇതില്‍ മരിച്ച വ്യക്തിയുടെ കുടുംബം പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദത്തിലായിരിക്കുന്നത്.
ലിച്ച്‍ഫീല്‍ഡ് സ്വദേശിയായ തിമോത്തി സതേണ്‍ എന്നയാളാണ് 2022 മെയില്‍ ജമൈക്കയിലെ ഒരു ഹോട്ടലില്‍ വച്ച് മരിച്ചത്. ഇവിടെയൊരു ബാറില്‍ കയറി സുഹൃത്തുക്കളോട് ബെറ്റ് വച്ച ശേഷമാണ് ഇദ്ദേഹം മദ്യപിക്കാൻ തുടങ്ങിയത്. ബാറിലെ മെനുവിലുണ്ടായിരുന്ന മുഴുവൻ കോക്‍ടെയിലുകളും അദ്ദേഹം ഓര്‍ഡര്‍ ചെയ്തു. ഏതാണ്ട് 21 തരം കോക്‍ടെയിലുകളാണ് മെനുവിലുണ്ടായിരുന്നത്.
എന്നാല്‍ പന്ത്രണ്ടിലധികം കോക്‍ടെയിലുകള്‍ കഴിച്ചപ്പോഴേക്ക് തിമോത്തി അവശനിലയിലായി. അദ്ദേഹം ഉടനെ തന്നെ മുറിയിലേക്ക് മടങ്ങിപ്പോവുകയാണ് ചെയ്തത്. സഹോദരിക്കും, കുട്ടികള്‍ക്കും ചില ബന്ധുക്കള്‍ക്കുമൊപ്പമാണ് അവധിയാഘോഷിക്കാൻ തിമോത്തി ജമൈക്കയിലെത്തിയിരുന്നത്.
അവശനിലയിലായ തിമോത്തിക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നതിന് വേണ്ടി താൻ ഏറെ ശ്രമിച്ചുവെന്നും എന്നാല്‍ സമയത്തിന് സഹായം കിട്ടിയില്ല, കിട്ടിയിരുന്നെങ്കില്‍ തിമോത്തി ജീവനോടെ ഇപ്പോഴും ഉണ്ടാകുമായിരുന്നു എന്നുമാണ് ഒരു വര്‍ഷത്തിനിപ്പുറം സഹോദരി തന്‍റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഹോട്ടല്‍ സ്റ്റാഫിനും അവിടെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി എത്തിയ നഴ്സിനുമെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
ആംബുലൻസ് വിളിച്ചിട്ട് എത്തിയില്ല. ശ്വാസം കിട്ടാതെ പിടയുന്ന ആളെ നേരാംവണ്ണം ഇരുത്താൻ പോലും ശ്രമിച്ചില്ല. പള്‍സ് പോയപ്പോള്‍ സിപിആര്‍ നല്‍കാൻ അപേക്ഷിച്ചെങ്കിലും അത് ശരിയാംവിധം ചെയ്തില്ല- ഇതെല്ലാമാണ് പരാതിയിലുള്ള പ്രധാന ആരോപണങ്ങള്‍.
ഏതായാലും അമിതമായി മദ്യം കഴിച്ചതിന് പിന്നാലെ വയര്‍ പ്രശ്നത്തിലാവുകയും ഇതെത്തുടര്‍ന്ന് ഗുരുതരമായ ആന്ത്രവീക്കം (ആമാശയവും കുടലും വീര്‍ക്കുന്ന അവസ്ഥ) ഉണ്ടാവുകയും ചെയ്തതോടെയാണ് തിമോത്തിയുടെ മരണം സംഭവിച്ചിരിക്കുന്നത് എന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ്.
ഒരു മാസം മുമ്പ് ചൈനയില്‍ നിന്നും സമാനമായൊരു വാര്‍ത്ത പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയ ചലഞ്ചിന്‍റെ ഭാഗമായി ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന മദ്യം ഏഴ് കുപ്പിയോളം കഴിച്ചതിന് പിന്നാലെ ഇൻഫ്ളുവൻസര്‍ മരിച്ചു എന്നതായിരുന്നു വാര്‍ത്ത. മദ്യപിച്ചതിന് ശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഇൻഫ്ളുവൻസറായ യുവാവിനെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
Also Read:- 'ഈ ചായ എങ്ങനെ കുടിക്കും?'; വ്യത്യസ്തമായ ചായ വീഡിയോ കണ്ട് അമ്പരന്ന് ഏവരും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

