കൊവിഡ് വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ടാല്‍ വാക്‌സിന് അനുമതി ലഭിക്കാനുള്ള നടപടികളിലേക്ക് കടക്കാനാകും. 

എന്നാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനിടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവെന്നാരോപിച്ച് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വൊളണ്ടിയര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 

ഗൗരവതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടുവെന്നാണ് വൊളണ്ടിയര്‍ പരസ്യമായി പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായല്ല അദ്ദേഹത്തിന് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരിക്കുന്നതെന്നും ഇത് നേരത്തേ തന്നെ അദ്ദേഹത്തോട് അറിയിച്ചിരുന്നുവെന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നത്. 

ഇക്കാര്യം അറിയിച്ച ശേഷവും പരസ്യമായി പരാതിയുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത് തങ്ങളെ അപമാനിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നത്. അതിനാല്‍ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്. 

നേരത്തേ ചെന്നൈ സ്വദേശിയായ നാല്‍പതുകാരനായ വൊളണ്ടിയറും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന്‍ പരീക്ഷണത്തിനിടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസും വാക്‌സിന്‍ പരീക്ഷണവുമായി ബന്ധമുള്ളതല്ല എന്നായിരുന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നത്.

Also Read:- '2021 പകുതിയാകുമ്പോഴേക്ക് 10 കൊവിഡ് വാക്‌സിന്‍ എത്തും'...