യുകെയാണ് ഒമിക്രോണ്‍ വകഭേദം മൂലമുള്ള കൊവിഡ് ബാധിച്ച ശേഷം ഒരാള്‍ മരിച്ചത് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഒമിക്രോണ്‍ മൂലം കൊവിഡ് ബാധിക്കപ്പെട്ടവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാലിത് കൊവിഡ് മരണം എന്ന നിലയ്ക്ക് മാത്രമേ കണക്കാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്

കൊവിഡ് 19 ( Covid 19 ) രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. 

നേരത്തേ ശക്തമായ കൊവിഡ് തരംഗങ്ങള്‍ക്ക് കാരണമായ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വേഗത്തില്‍ രോഗവ്യാപനം നടത്തുമെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ മറ്റൊരു തരംഗത്തിന് കൂടി ഇടയാക്കുമോ എന്നതാണ് ഏവരുടെയും ആശങ്ക. 

ഇന്ത്യയിലും കൊവിഡ് കേസുകളും ഒപ്പം തന്നെ ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചുവരികയാണ്. എന്നാല്‍ കൊവിഡ് തീവ്രത വര്‍ധിപ്പിക്കാന്‍ ഒമിക്രോണ്‍ വകഭേദം കാരണമാകുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 

അതേസമയം ഒമിക്രോണ്‍ വകഭേദം അടക്കം വിവിധ വകഭേദങ്ങള്‍ പരത്തുന്ന കൊവിഡ് മൂലം ഇപ്പോഴും ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ട്. ഇതില്‍ ഒമിക്രോണിന് സവിശേഷമായ പങ്കില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. 


ഇന്ന് ജയ്പൂരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച എഴുപത്തിമൂന്നുകാരന്‍ കൊവിഡ് മുക്തി നേടിയ ശേഷം മരിച്ചിരുന്നു. ഡിസംബര്‍ 15നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ശേഷം വിശദപരിശോധന നടത്തിയപ്പോള്‍ ഒമിക്രോണ്‍ വകഭേദമാണ് രോഗകാരിയെന്ന് കണ്ടെത്തി. 

പ്രത്യേക സംവിധാനത്തില്‍ ചികിത്സ തുടരുകയും കൊവിഡ് ഭേദമാവുകയും ചെയ്തു. ഡിസംബര്‍ 21നും 25നും നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലവും ലഭിച്ചിരുന്നു. എന്നാല്‍ കൊവിഡാനന്തരവും ന്യുമോണിയ വേട്ടയാടിയതോടെയാണ് ഇദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. 

'കൊവിഡിന് ശേഷവും നീണ്ടുനിന്ന ന്യുമോണിയയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഇതിന് പുറമെ പ്രമേഹം, ബിപി, ഹൈപ്പോതൈറോയിഡിസം പോലുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവയും സ്ഥിതി മോശമാകാന്‍ ഇടയാക്കിയിരിക്കാം..'- ഉദയ്പൂര്‍ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഒഫീസര്‍ ഡോ. ദിനേശ് ഖരഡി അറിയിച്ചു. 

യുകെയാണ് ഒമിക്രോണ്‍ വകഭേദം മൂലമുള്ള കൊവിഡ് ബാധിച്ച ശേഷം ഒരാള്‍ മരിച്ചത് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഒമിക്രോണ്‍ മൂലം കൊവിഡ് ബാധിക്കപ്പെട്ടവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാലിത് കൊവിഡ് മരണം എന്ന നിലയ്ക്ക് മാത്രമേ കണക്കാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഒമിക്രോണ്‍ ഒരേ സമയം ഒരുപാട് രോഗികളെ സൃഷ്ടിക്കുകയും ഇത് ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധിയാകുന്നത് വഴി മരണനിരക്ക് വര്‍ധിക്കുകയും ചെയ്യുമോ എന്നതാണ് നിലവിലെ ആശങ്ക. അല്ലാത്ത പക്ഷം രോഗതീവ്രതയുടെ കാര്യത്തില്‍ ഒമിക്രോണിനെ ചൊല്ലി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Also Read:- 'ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് അതിവേഗത്തിലായിരിക്കും...'