നിലവില്‍ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ഇന്ത്യയിലാണെങ്കില്‍ പെട്ടെന്നായിരിക്കും കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാവുകയെന്നും ഇത് നേരത്തേതിന് സമാനമായി ആരോഗ്യമേഖലയ്ക്ക് അധികഭാരമായി വരാമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടനാ ചീഫ് സയിന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥന്‍

കൊവിഡ് 19 ( Covid 19 ) രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). നേരത്തേ ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗത്തിന് കാരണമായ ഡെല്‍റ്റ എന്ന വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയിലാണ് ഒമിക്രോണ്‍ രോഗവ്യാപനം നടത്തുക. 

ഇതുതന്നെയാണ് ഒമിക്രോണിന്റെ കാര്യത്തിലുള്ള വലിയ ആശങ്കയും. ഡെല്‍റ്റത തന്നെ അതിവേഗത്തിലായിരുന്നു രോഗവ്യാപനം നടത്തിയിരുന്നത്. ഇതുമൂലം കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യമേഖല പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. 

രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആശുപത്രികളില്‍ കിടക്കകളില്ലാതിരിക്കുകയും, ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരിക്കുകയും ചെയ്തതോടെ നിരവധി പേര്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന അവസ്ഥ രണ്ടാം തരംഗസമയത്ത് രാജ്യത്ത് ഉണ്ടായി. 

ഇനിയും സമാനമായൊരു സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൈക്കൊള്ളുന്നത്. എന്നാല്‍ എത്രമാത്രം ഈ തയ്യാറെടുപ്പുകള്‍ ഫലം ചെയ്യുമെന്നത് പ്രവചിക്കുക വയ്യ. ഡെല്‍റ്റ സൃഷ്ടിച്ച പ്രതിസന്ധിയെക്കാള്‍ ശക്തമായത് ഒമിക്രോണ്‍ സൃഷ്ടിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. 

എന്തായാലും നിലവില്‍ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ഇന്ത്യയിലാണെങ്കില്‍ പെട്ടെന്നായിരിക്കും കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാവുകയെന്നും ഇത് നേരത്തേതിന് സമാനമായി ആരോഗ്യമേഖലയ്ക്ക് അധികഭാരമായി വരാമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടനാ ചീഫ് സയിന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥന്‍. 

'കൊവിഡ് കേസുകള്‍ അതിവേഗത്തിലായിരിക്കും വര്‍ധിക്കുക. നിരവധി പേരെ രോഗം വീണ്ടും കടന്നുപിടിക്കാം. ആളുകള്‍ ആശങ്കയിലാകുമ്പോള്‍ ആ ആശങ്കയ്ക്ക് മറുപടി നല്‍കാന്‍ ആരോഗ്യവിദഗ്ധരും ഉത്തരവാദിത്തപ്പെട്ടവരും ഉണ്ടായിരിക്കണം. അതായിരിക്കും നാം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി. ഒരുമിച്ച് ഒരുപാട് പേരെ കൈകാര്യം ചെയ്യേണ്ടിവരുന്ന അവസ്ഥ...'- ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു. 

വീടുകളില്‍ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം, ഫോണിലൂടെയും ഓണ്‍ലൈനായും കണ്‍സള്‍ട്ടേഷനും മരുന്ന് നിര്‍ദേശിക്കാനുമുള്ള സൗകര്യം എന്നിവ ഇപ്പോള്‍ തന്നെ സര്‍ക്കാരുകള്‍ നോക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

പലരും ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തിലും 'ഇത് അത്ര വലിയ സംഭവമല്ല' എന്ന മനോഭാവത്തോടെ കാണുന്നുണ്ടെന്നും ഇത് തീര്‍ച്ചയായും ദുരന്തത്തിലേക്കേ വഴിയൊരുക്കൂവെന്നും ഇവര്‍ പറയുന്നു. ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലും പിന്നീട് വന്ന യുകെയിലുമെല്ലാം സാഹചര്യങ്ങള്‍ പിടിവിട്ട് പോകുന്ന കാഴ്ച കാണാനുണ്ടെന്നും ഇതില്‍ നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും ഡോ. സൗമ്യ ഓര്‍മ്മപ്പെടുത്തുന്നു.

Also Read:- ഒമിക്രോണ്‍ ലക്ഷണം തൊലിപ്പുറത്ത് കാണുമോ?