അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അന്തരീക്ഷം എപ്പോഴും സന്തോഷപ്രദമാകുന്നതിന് ഓരോ അംഗവും കരുതലും സംയമനവും പാലിക്കേണ്ടതുണ്ട്. വീട്ടിനകത്ത് അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുമെല്ലാം വരുന്നത് സ്വാഭാവികമാണ്, അതിനെയെല്ലാം ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിന് കുട്ടികളെക്കാള്‍ പാകതയുണ്ടാകേണ്ടത് മുതിര്‍ന്നവര്‍ക്കാണ്, അല്ലേ?

എന്നാല്‍ പലപ്പോഴും മുതിര്‍ന്നവര്‍ ഈ പാകത കാണിക്കാതെ വരികയും, അതിന്റെ തിക്തഫലങ്ങള്‍ കുട്ടികള്‍ കൂടി പങ്കിടേണ്ടിവരികയും ചെയ്യാറുണ്ട്. ചില വീടുകളിലെങ്കിലും ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ എളുപ്പത്തില്‍ പ്രാവീണ്യം നേടാറുമുണ്ട്. 

അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് നടിയും ടെലിവിഷന്‍ താരവുമായ മന്ദിര ബേദി. വീട്ടില്‍ താനോ ഭര്‍ത്താവോ വഴക്കിടുന്നതിനിടെ ഉച്ചത്തില്‍ ദേഷ്യപ്പെടുമ്പോള്‍ അതിനെ 'കണ്‍ട്രോള്‍' ചെയ്യാന്‍ മകന്‍ വീര്‍ കണ്ടെത്തിയ മാര്‍ഗമാണ് മന്ദിര എല്ലാവര്‍ക്കുമായി പറഞ്ഞുതരുന്നത്. 

'ഈ വീട്ടില്‍ ദേഷ്യത്തിന് ഇടമില്ല' എന്ന വാക്യവും കൂടെ ദേഷ്യപ്പെടുന്ന മുഖം വരച്ച് അതിന്മേല്‍ 'ഇന്റൂ മാര്‍ക്കും' ഇട്ടിരിക്കുന്ന ഒരു പേപ്പറാണ് മന്ദിര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എപ്പോഴോ വീര്‍ തയ്യാറാക്കിയതാണത്രേ ഇത്. വഴക്കിടുമ്പോള്‍ തനിക്കും ഭര്‍ത്താവിനും ഈ ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും സത്യത്തില്‍ ഈ ചിത്രം തന്നെ ദേഷ്യപ്പെടുന്നതില്‍ നിന്ന് വളരെയധികം പിന്തിരിപ്പിച്ചിട്ടുണ്ടെന്നും മന്ദിര പറയുന്നു. 

 

 

താന്‍ വിഷാദരോഗത്തിനും അതെത്തുടര്‍ന്ന് മുന്‍കോപത്തിനും അടിമയായി മാറിയിരുന്നുവെന്ന് നേരത്തേ മന്ദിര ബേദി തുറന്നുപറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം നേരിടുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സഹായകമായിരിക്കുമെന്നാണ് മന്ദിര ചൂണ്ടിക്കാട്ടുന്നത്. 

ഒമ്പതുവയസുകാരനായ മകനുമായി നല്ല സുഹൃദ്ബന്ദമാണ് മന്ദിര സൂക്ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും മറ്റ് വിശേഷങ്ങളുമെല്ലാം ഇതിന് തെളിവാണ്.

 

Also Read:- അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു, ശരീരം മുഴുവൻ അടികൊണ്ടതിന്റെ പാടുകള്‍; മകൾ പറയുന്നു...

പലപ്പോഴും മുതിര്‍ന്നവരുടെ കണക്കുകൂട്ടലുകള്‍ക്കെല്ലാം അപ്പുറത്ത് പക്വതയോടെ കുട്ടികള്‍ പെരുമാറിയേക്കാം. ഒരുപക്ഷേ മുതിര്‍ന്നവര്‍ തമ്മിലുള്ള 'ഈ ഗോ ഫൈറ്റി'ലും വഴക്കിലുമെല്ലാം മദ്ധ്യസ്ഥരായി നില്‍ക്കാനും ഇവര്‍ക്ക് കഴിഞ്ഞേക്കാം. അങ്ങനെയുള്ള വലിയൊരു സാധ്യതയിലേക്ക് കൂടിയാണ് മന്ദിര ശ്രദ്ധ ക്ഷണിക്കുന്നത്.