ഓരോ പെൺകുട്ടികൾക്കും അവരുടെതായ ജീവിതകഥകളുണ്ട്. വേദനയുടെയും ത്യാ​ഗത്തിന്റെയും കഥകളാണ് അതിൽ പലതും. സ്വന്തം വീടുകളിൽ നിന്നും പോലും പീഡനം ഏറ്റുവാങ്ങേണ്ടി വന്ന പെൺകുട്ടികളുണ്ട് നമ്മുടെ സമൂഹത്തിൽ. ആ പെൺകുട്ടികളുടെ യഥാർത്ഥ ജീവിതം എങ്ങനെയാണെന്നുള്ളത് സമൂഹം അറിയാതെ പോകുന്നു.

പീഡനങ്ങൾ, ഒറ്റപ്പെടൽ, ജീവിതത്തോടുള്ള മടുപ്പ് അവർ പുറത്ത് പറയാതെ മനസിൽ തന്നെ സൂക്ഷിക്കുന്നു. സ്വന്തം വീട്ടിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന പീഡനം ചെറുതല്ലെന്ന് പറയുകയാണ് ഇവിടെ ഒരു പെൺകുട്ടി. അമ്മയും മകളും ക്രൂരനായ പിതാവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന പീഡനത്തിന്റെ കഥ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഗ്രൂപ്പിലാണ് പെൺകുട്ടി തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചത്.

പെൺകുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

അന്ന് എനിക്ക് പതിനാല് വയസ്. അച്ഛന്റെ നിരന്തരമായ പീഡനത്തെ തുടർന്ന് വീട് വിട്ടിറങ്ങാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഒന്നും എടുത്തിരുന്നില്ല. എന്റെ അച്ഛനും അമ്മയും തമ്മിലുള്ള  ബന്ധം അത്ര സുഖകരമായിരുന്നില്ല. എന്നും വഴക്കും പ്രശ്നങ്ങളുമായിരുന്നു. 

അച്ഛൻ അമ്മയെ വിവാഹം ചെയ്ത് മൂന്നാമത്തെ ദിവസം മുതൽ തുടങ്ങിയതാണ് വീട്ടിലെ പ്രശ്നങ്ങൾ. എന്തിനും ഏതിനും അച്ഛൻ അമ്മയെ എപ്പോഴും വഴക്ക് പറയുമായിരുന്നു. ക്രൂരമായി മർദ്ദിക്കുമായിരുന്നു. അച്ഛന്റെ മാതാപിതാക്കൾ അമ്മയുടെ ഫോൺ പരിശോധിക്കുമായിരുന്നു. അമ്മയ്ക്ക് മറ്റ് പല ബന്ധങ്ങളുണ്ടെന്ന് പോലും അവർ പറയാറുണ്ടായിരുന്നു. അമ്മയെ  പറ്റി മോശം കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു.അച്ഛന്റെ മാതാപിതാക്കൾ പറയുന്നത് അച്ഛൻ വിശ്വസിച്ചിരുന്നു. 

അമ്മയുടെ സ്വന്തം വീട്ടിൽ പോകാൻ പോലും സമ്മതിച്ചിരുന്നില്ല. അമ്മയെ വീടിന് പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. അച്ഛന്റെ അനുവാദം ഇല്ലാതെ ഒരു ദിവസം അമ്മ സ്വന്തം വീട്ടിലേക്ക് പോയി. യാചകന്റെ വീട്ടിൽ നിന്നാണോ വരുന്നതെന്നായിരുന്നു അച്ഛൻ അമ്മയോട് അന്ന് ചോദിച്ചത്. അച്ഛന്റെ അനുവാദം കൂടാതെ പോയതിന് അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. ഇനി ഈ വീട്ടിൽ നിന്ന് അമ്മയും മോളും പുറത്തിറങ്ങരുതെന്നാണ് അന്ന് അച്ഛൻ ഞങ്ങളോട് പറഞ്ഞത്. 

വീട്ടിൽ അച്ഛനും അച്ഛന്റെ മാതാപിതാക്കളും എപ്പോഴും മോശമായ സംസാരങ്ങൾ മാത്രമായിരുന്നു സംസാരിച്ചിരുന്നത്. അത് കേട്ട് ഞാനൊരു ദേഷ്യക്കാരിയായി മാറി. അമ്മ എപ്പോഴും കരയുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. വീട്ടിൽ ടിവി കാണാൻ പോലും അച്ഛൻ എന്നെ അനുവദിച്ചിരുന്നില്ല. അമ്മയായിരുന്നു എന്നെ എപ്പോഴും സംരക്ഷിച്ചിരുന്നത്. ചില സമയങ്ങളിൽ എനിക്ക് ദേഷ്യം വരുമായിരുന്നു. ആ ദേഷ്യമെല്ലാം തീർക്കുന്നത് പാവം അമ്മയോടായിരുന്നു. ‌

അച്ഛന്റെ ക്രൂരപീഡനത്തെ തുടർന്ന് അവസാനം അമ്മ അച്ഛനോട് ഒരു വാക്ക് പറഞ്ഞു- എനിക്കിനി പിടിച്ചു നിൽക്കാനാകില്ല. ഞാനും എന്റെ മകളും വീടുവിട്ടിറങ്ങുന്നു. അത്രയും കേട്ടപ്പാടെ നീ ഇനി ഈ വീട്ടിൽ നിൽക്കേണ്ട നിനക്ക് പോകാം എന്നായിരുന്നു അച്ഛൻ മറുപടി നൽകിയത്. രാത്രിയായപ്പോൾ എന്നെയും ചേർത്ത് പിടിച്ച് അമ്മ വീട് വിട്ടിറങ്ങി. പിന്നീട് അച്ഛന്റെ മുഖത്തേയ്ക്ക് അമ്മ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല. 
 
തുടക്കത്തിൽ പുതിയ അവസ്ഥയോടു പൊരുത്തപ്പെടാൻ എനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. അത് കഴിഞ്ഞ് രണ്ട് വർഷത്തോളം അമ്മ ഡിപ്രഷനിലായിരുന്നു. ഇടയ്ക്കിടയ്ക്ക് എനിക്ക് ദേഷ്യം വരുമായിരുന്നു. അമ്മയെ ഓർത്ത് ഞാൻ അത് പുറത്ത് കാണിക്കില്ലായിരുന്നു. അച്ഛനെ ഞാൻ വെറുത്ത് തുടങ്ങിയിരുന്നു. കാരണം ഒരിക്കല്‍ പോലും അദ്ദേഹം എന്നെയോ അമ്മയെയോ പരിഗണിച്ചിരുന്നില്ല.അമ്മയ്ക്ക് ഞാനും എനിക്ക് അമ്മയും മാത്രമാണ് ഉള്ളതെന്ന തിരിച്ചറിവ് എനിക്കുണ്ടായി. 

ഏഴ് വർഷമായി ഞാനും അമ്മയും ഒരു വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾ രണ്ടുപേരും മാത്രമാണ് എന്റെ കുടുംബം. ഇപ്പോൾ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. മറ്റുള്ളവർ എന്ത് പറയുന്നു എന്നത് ഞങ്ങൾ ചിന്തിക്കാറില്ല.അന്ന് രാത്രി അമ്മ എടുത്ത തീരുമാനത്തെ ഓർത്ത് എനിക്കിപ്പോൾ അഭിമാനം തോന്നുന്നു. എന്റെ അമ്മയെ കുറിച്ച് ഒറ്റവാക്കിൽ ഞാൻ പറയാൻ ആ​ഗ്രഹിക്കുന്നത് ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലേഡി എന്ന് മാത്രമാണ്...