വണ്ണം കുറയ്ക്കാൻ കഠിനമായ പരിശീലനങ്ങളിലേക്കോ വര്‍ക്കൗട്ടുകളിലേക്കോ കടക്കുന്നതിന് നിശ്ചയദാര്‍ഢ്യം ആവശ്യമാണ്. ഇതുണ്ടെങ്കില്‍ ആര്‍ക്കും ഇതെല്ലാം സാധ്യമാണ്. എന്നാല്‍ ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് വണ്ണം കൂടിക്കൊണ്ടേ ഇരിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഇത് സാധ്യമാവില്ല. എന്നുമാത്രമല്ല, വണ്ണം അത്രമാത്രം കുറയ്ക്കാൻ ശ്രമിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടിക്കൊണ്ട് മാത്രമേ ഇത് ചെയ്യാവൂ.

വണ്ണം കുറയ്ക്കുയെന്നത് ഒട്ടും എളുപ്പമുള്ള സംഗതിയല്ല. പ്രത്യേകിച്ച് അളവിലധികം വണ്ണം കൂടി അമിതവണ്ണം എന്ന അവസ്ഥ വരെ എത്തിയവര്‍ക്ക്. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഉണ്ടെങ്കില്‍ പോലും വണ്ണം കുറച്ച് മെലിഞ്ഞ പ്രകൃതത്തിലേക്ക് എത്തുകയെന്നതെല്ലാം ഇത്തരക്കാര്‍ക്ക് സ്വപ്നതുല്യമായിരിക്കും. 

എന്നാല്‍ ചിലരുണ്ട്, ഇതിന് തുനിഞ്ഞിറങ്ങുന്നവര്‍. എന്ത് ചെയ്തിട്ടായാലും വണ്ണം കുറച്ചേ അടങ്ങൂ എന്ന് ചിന്തിക്കുന്നവര്‍. ചിന്ത മാത്രമല്ല, ഇതിന് വേണ്ടി കഠിനമായി പ്രയത്നിക്കാനും ഇത്തരക്കാര്‍ മടിക്കില്ല. ഇങ്ങനെ വണ്ണം കുറച്ച് ശരീരം സാധാരണനിലയിലേക്ക് എത്തിച്ചിട്ടുള്ള അമിതവണ്ണമുള്ളവര്‍ ഒരുപാടുണ്ട്. ചില സെലിബ്രിറ്റികളെയെല്ലാം ഇതുപോലെ നാം കണ്ടിട്ടുണ്ട്, അല്ലേ?

ഇവിടെയിതാ ഒരാള്‍ മാസങ്ങള്‍ക്കുള്ളില്‍ നടത്തിയൊരു ട്രാൻസ്ഫര്‍മേഷനാണ് വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. ഏഴ് മാസം കൊണ്ട് സ്വന്തം വീട്ടുകാര്‍ക്ക് പോലും കണ്ടാല്‍ തിരിച്ചറിയാൻ സാധിക്കാത്ത വിധം ശരീരം മാറ്റിമറിച്ചൊരു മിടുക്കൻ.

അയര്‍ലൻഡുകാരനായ ബ്രയാൻ ഒകീഫ് എന്ന ചെറുപ്പക്കാരൻ. 2021ല്‍ 153 കിലോ ആയിരുന്നുവത്രേ ഇദ്ദേഹത്തിന്‍റെ ശരീരഭാരം. 153 കിലോ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ സമയത്തുള്ള ഇദ്ദേഹത്തിന്‍റെ രൂപം ഏവര്‍ക്കും ഈഹിക്കാവുന്നതേയുള്ളൂ. 

വണ്ണം കുറയ്ക്കുന്നതിന് ബ്രയാൻ പല ശ്രമങ്ങളും നടത്തിയത്രേ. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം അടക്കം. എന്നാലിതുകൊണ്ടൊന്നും വലിയ മെച്ചം കണ്ടില്ല. അങ്ങനെ ഒടുവില്‍ ഏറെ വ്യത്യസ്തമായൊരു തീരുമാനത്തിലേക്ക് ബ്രയാൻ എത്തി. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന അത്രയും സമയം വീട്ടുകാരെ കാണാതിരിക്കുക.

അങ്ങനെ സ്പെയിനിലേക്ക് ഒരു യാത്രയ്ക്കെന്ന പേരില്‍ ബ്രയാൻ പോയി. ഏഴ് മാസമായിരുന്നു ബ്രയാൻ അവിടെ ചിലവഴിച്ചത്. കഠിനമായ വ്യായാമം. നടത്തം, ജമ്മിലെ വര്‍ക്കൗട്ട്, നീന്തല്‍, ഓട്ടം എന്നിങ്ങനെ വിദഗ്ധരുടെ കീഴില്‍ പല തരത്തിലുള്ള പരിശീലനങ്ങള്‍. ഒപ്പം ഡയറ്റും.

ആദ്യത്തെ മൂന്ന് മാസം വേദനകളുടേത് മാത്രമായിരുന്നുവെന്നാണ് ബ്രയാൻ പറയുന്നത്. പിന്നീട് പതിയെ ശരീരം പുതിയ ശീലങ്ങളുമായി ഒത്തുവരാൻ തുടങ്ങി. അങ്ങനെ ഏഴ് മാസത്തെ കഠിനമായ പരിശ്രമത്തിനൊടുവില്‍ 91 കിലോയുമായി തിരിച്ച് വീട്ടിലേക്ക്. വീട്ടിലെത്തിയപ്പോള്‍ ആദ്യം ആര്‍ക്കും തന്നെ മനസിലായത് പോലുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പക്ഷേ പിന്നീട് എല്ലാവരും ഏറെ സന്തോഷിച്ചുവെന്നും താനും ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന സമയമാണിതെന്നും ബ്രയാൻ പറയുന്നു. അസാധാരണമായ ട്രാൻസ്ഫര്‍മേഷന്‍റെ കഥ മാധ്യമങ്ങളില്‍ വന്നതോടെയാണ് ബ്രയാൻ പ്രശസ്തനായിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ വൈറലാണ്. 

വണ്ണം കുറയ്ക്കാൻ കഠിനമായ പരിശീലനങ്ങളിലേക്കോ വര്‍ക്കൗട്ടുകളിലേക്കോ കടക്കുന്നതിന് നിശ്ചയദാര്‍ഢ്യം ആവശ്യമാണ്. ഇതുണ്ടെങ്കില്‍ ആര്‍ക്കും ഇതെല്ലാം സാധ്യമാണ്. എന്നാല്‍ ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് വണ്ണം കൂടിക്കൊണ്ടേ ഇരിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഇത് സാധ്യമാവില്ല. എന്നുമാത്രമല്ല, വണ്ണം അത്രമാത്രം കുറയ്ക്കാൻ ശ്രമിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടിക്കൊണ്ട് മാത്രമേ ഇത് ചെയ്യാവൂ. അല്ലാത്തപക്ഷം അപകടങ്ങള്‍ സംഭവിക്കാം. വണ്ണം കുറഞ്ഞിരിക്കുന്നത് മാത്രമാണ് സൗന്ദര്യമെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാലിത്തരം കാഴ്ചപ്പാടുകളെല്ലാം ഏറെ ആപേക്ഷികമാണെന്ന് മനസിലാക്കണം. വ്യക്തിത്വത്തിന് മുകളില്‍ രൂപത്തിന് വലിയ മൂല്യം വരികയില്ല. എന്നാല്‍ ആരോഗ്യം നല്ലതുപോലെ കൊണ്ടുപോകാൻ നമുക്ക് സാധിക്കുകയും ചെയ്യേണ്ടതുണ്ട്.

Also Read:- വണ്ണം കുറയ്ക്കാൻ പതിവായി നടന്നിട്ട് കാര്യമുണ്ടോ? നടപ്പിന്‍റെ ഗുണങ്ങളെന്തെല്ലാം?