തലവേദനയോ, ചുമയോ, ജലദോഷമോ വന്നാല്‍ ഉടന്‍ തന്നെ നമ്മള്‍ 'ബാം' തപ്പിത്തിരഞ്ഞെടുക്കും. എന്തിനും ഏതിനും ബാമുകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഒരു പരിധി വരെ ഇത്തരം ബാമുകളുടെ ഉപയോഗം മനസ്സുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് സൂചിപ്പിക്കുന്ന പല പഠനങ്ങളും മുമ്പ് വന്നിട്ടുണ്ട്. 

എന്നാല്‍ വേറെയും ചില അപകടങ്ങള്‍ ബാമുകള്‍ ഉണ്ടാക്കുന്നുവെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. 2014 മുതല്‍ 2018 വരെ നീണ്ട, ബെഗലൂരുവില്‍ വച്ച് നടന്ന പഠനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

അതായത്, യൂക്കാലിപ്റ്റസ് ഓയിലോ, യൂക്കാലിപ്റ്റസ് ബാമോ, അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് അടങ്ങിയ മറ്റേതെങ്കിലും ബാമുകളോ ഉപയോഗിക്കുന്നത് അപസ്മാരം, അഥവാ ചുഴലിദീനത്തിന് കാരണമായേക്കാം എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. നമ്മള്‍ യഥേഷ്ടം ഉപയോഗിക്കുന്ന വേദനസംഹാരികളായ പല ബാമുകളും സമാനമായ പ്രശ്‌നമുണ്ടാക്കുന്നതായും വിദഗ്ധര്‍ വാദിക്കുന്നുണ്ട്. 

ബാമിന്റെ ഒരു 'സൈഡ് എഫക്ട്' എന്ന നിലയ്ക്കാണ് അസുഖമുണ്ടാകുന്നതത്രേ. നാല് വര്‍ഷം നീണ്ട പഠനത്തിന്റെ കാലയളവില്‍ ഇത്തരത്തിലുള്ള 55 കേസുകള്‍, നാല് ആശുപത്രികളിലായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പഠനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ ഇപ്പോള്‍ അറിയിക്കുന്നത്. 

പലപ്പോഴും ഇത്തരത്തിലുണ്ടാകുന്ന ചുഴലിദീനത്തെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനാകാതെ പോകാറുണ്ടെന്നും അത് വീണ്ടും സമാനമായ പ്രശ്‌നം ആവര്‍ത്തിക്കുന്നതിനും രോഗിയുടെ അവസ്ഥ കൂടുതല്‍ വഷളാകുന്നതിനും കാരണമാകാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. കുട്ടികളില്‍ ഇത്തരം ബാമുകള്‍ പെട്ടെന്ന് തന്നെ അതിന്റെ 'സൈഡ് എഫക്ട്' കാണിച്ചേക്കുമെന്നതിനാലാണിത്.