ലോകരാജ്യങ്ങളെ ഒട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപനം തുടരുന്നത്. വിവിധ രാജ്യങ്ങളിലായി ആകെ രണ്ട് ലക്ഷത്തി, എഴുപത്തിയയ്യായിരം പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരിക്കുന്നത്. ഇതിനിടെ കൊവിഡ് ബാധിച്ച് അല്ലാതെയും നിരവധി പേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ട്. പല അസുഖങ്ങളും പിടിപെട്ട് മതിയായ ചികിത്സ തേടാനാകാതെ വീടുകളിലും കെയര്‍ ഹോമുകളിലും മറ്റുമായി ഇത്തരത്തില്‍ മരിച്ചവരുടെ കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടന്‍.

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതലിങ്ങോട്ട് 8,196 പേര്‍ ആശുപത്രികള്‍ക്ക് പുറത്ത് മരിച്ചുവെന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി ശേഖറിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ ഈ കണക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മരിച്ച 8,196 പേരില്‍ 6,546 പേര്‍ക്കും കൊവിഡ് 19 ഉണ്ടായിരുന്നില്ലത്രേ. 

ഇത്രയും പേര്‍ മറ്റ് രോഗങ്ങളെ തുടര്‍ന്നാണ് മരിച്ചിരിക്കുന്നത്. ഇതില്‍ മിക്കവരും തങ്ങളുടെ രോഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നവരാണെന്നും ബ്രിട്ടനിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. 

'വിവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സ ആവശ്യമായ നിരവധി രോഗികള്‍ക്ക് ആശുപത്രിയിലെത്താനായിട്ടില്ല. ഒന്ന്, ആശുപത്രിയില്‍ ഈ ഘട്ടത്തില്‍ പോകുന്നത് സുരക്ഷിതമല്ലെന്ന് ഇവര്‍ ചിന്തിച്ചു. രണ്ട്, ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കാന്‍ കഴിയുമോയെന്ന് സംശയിച്ചു. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടും വീട്ടിലോ മറ്റിടങ്ങളിലോ തുടര്‍ന്നവരാണ് മരിച്ചവരിലധികവും. കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ട് ജീവന്‍ നഷ്ടമായവരുടെ കണക്കാണ് നമ്മള്‍ പ്രാധാന്യത്തോടെ അന്വേഷിക്കുന്നത്. എന്നാല്‍ ഈ ദുരവസ്ഥ അതിന്റെ മറുപുറമാണ്...'- ഇന്ത്യന്‍ വംശജനായ ഡോക്ടറും 'ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍' മേധാവിയുമായ ഡോ. ചാന്ദ് നാഗ്പൗല്‍ പറയുന്നു. 

Also Read:- യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം ബ്രിട്ടനില്‍; ഇറ്റലിയെ പിന്തള്ളി...

സാധാരണനിലയില്‍ വീടുകളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം പേരാണ് ഈ ദിവസങ്ങളില്‍ മരിച്ചരിക്കുന്നതെന്നും കെയര്‍ഹോമുകളിലെ അവസ്ഥയാണ് ഇതില്‍ ഏറെ പരിതാപകരമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള കണക്കെടുപ്പ് ഓരോ രാജ്യങ്ങളും ഈ ഘട്ടത്തില്‍ നടത്തേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.