Asianet News MalayalamAsianet News Malayalam

ഒരേയൊരു രക്തപരിശോധന; പലതരം ക്യാൻസറുകള്‍ കണ്ടെത്താൻ ഇത് മതിയെങ്കിലോ?

പലപ്പോഴും പരുക്ക് പറ്റിയോ മറ്റോ ആശുപത്രിയിലെത്തുമ്പോള്‍ സംശയം തോന്നി പരിശോധന നടത്തുകയോ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വളരെയധികം പ്രകടമായി വൈകിയ സാഹചര്യത്തില്‍ പരിശോധന നടത്തുകയോ ആണ് ഇവിടെ പതിവ്. 

mced testing method which helps to detect many types of cancers in blood test
Author
First Published Nov 1, 2022, 12:46 PM IST

ക്യാൻസര്‍ രോഗം ഇന്നും ആഗോളതലത്തില്‍ ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളിയായി തന്നെയാണ് തുടരുന്നത്. സമയബന്ധിതമായി രോഗം നിര്‍ണയിക്കാൻ സാധിച്ചാല്‍, തീര്‍ച്ചയായും ഒട്ടുമിക്ക ക്യാൻസറുകള്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കാൻ നിലവില്‍ സാധിക്കും. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് വലിയ പ്രശ്നം. 

പലപ്പോഴും പരുക്ക് പറ്റിയോ മറ്റോ ആശുപത്രിയിലെത്തുമ്പോള്‍ സംശയം തോന്നി പരിശോധന നടത്തുകയോ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വളരെയധികം പ്രകടമായി വൈകിയ സാഹചര്യത്തില്‍ പരിശോധന നടത്തുകയോ ആണ് ഇവിടെ പതിവ്. 

ക്യാൻസര്‍ രോഗത്തെ തന്നെ പ്രത്യേകമായി കണ്ടെത്തുന്നതിന് ലളിതമായ പരിശോധനകളില്ല എന്നതാണ് വാസ്തവം. ബയോപ്സി, എൻഡോസ്കോപ്പി, കൊളണോസ്കോപ്പി, സ്കാനിംഗ് എന്നിങ്ങനെയുള്ള രീതികളിലൂടെയാണ് അധികവും ക്യാൻസര്‍ നിര്‍ണയം നടക്കുന്നത്. ഇവയെല്ലാം ചെലവുള്ളതും രോഗിക്ക് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതോ ആകാറുണ്ട്. 

എന്നാല്‍ ഒരേയൊരു രക്തപരിശോധനയിലൂടെ തന്നെ ക്യാൻസര്‍ നിര്‍ണയിക്കാൻ സാധിച്ചാലോ? ഇന്ന് മിക്കവാറും ഗുരുതരമായ അവസ്ഥയിലേക്ക് കടന്നിട്ടുള്ള ക്യാൻസര്‍ രോഗികളുടെ കാര്യത്തിലാണ് രക്തപരിശോധനയില്‍ ഫലം കാണുന്നത്. ക്യാൻസറിന്‍റെ ആദ്യഘട്ടങ്ങളില്‍ അത് കണ്ടെത്തുന്നതിന് രക്തപരിശോധന ഫലപ്പെടുന്നില്ല.

ക്യാൻസര്‍ കോശങ്ങളില്‍ നിന്നുള്ള ഡിഎൻഎ രക്തത്തിലേക്ക് കടക്കുകയും ഇതിനെ പരിശോധനയിലൂടെ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ക്യാൻസര്‍ നിര്‍ണയം നടത്താൻ സാധിക്കുന്ന എംസിഇഡി ടെസ്റ്റ് അമേരിക്കയില്‍ വ്യാപകമാക്കാനുള്ള നീക്കം നടക്കുകയാണ്. മറ്റെവിടെയും ഇത് നിലവില്‍ ഇല്ല. അമേരിക്കയിലും ചുരുങ്ങിയ രീതിയിലാണ് എംസിഇഡി ടെസ്റ്റ് നടക്കുന്നത്. 

രക്തത്തില്‍ ക്യാൻസര്‍ കോശങ്ങളില്‍ നിന്നുള്ള ഡിഎൻഎ മാത്രമല്ല, അല്ലാത്തവയില്‍ നിന്നുള്ള ഡിഎൻഎയും എത്തും. അതുപോലെ പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലും അത് അനുസരിച്ചുള്ള 'അബ്നോര്‍മല്‍' (അസാധാരണം) ആയിട്ടുള്ള ഡിഎൻഎകളും രക്തത്തില്‍ കാണും. അങ്ങനെ വരുമ്പോള്‍ ഇതിലൂടെ ക്യാൻസര്‍ കണ്ടെത്തല്‍ പ്രയാസമായിരിക്കും. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചവരിലാണെങ്കില്‍ രക്തത്തിലെത്തുന്ന ക്യാൻസര്‍ കോശങ്ങളുടെ ഡിഎൻഎ കൂടുതലായിരിക്കും. അതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ രക്തപരിശോധന മാത്രം ഫലപ്രദമാകുന്നത്. 

പക്ഷേ, ക്യാൻസര്‍ ആദ്യഘട്ടത്തിലിരിക്കുമ്പോഴും രോഗനിര്‍ണയം നടത്താൻ സാധിക്കുന്ന എംസിഇഡി ടെസ്റ്റ് രീതി വ്യാപകമാകുന്നത് രോഗികള്‍ക്ക് വലിയ രീതിയല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.  ഭാവിയില്‍ എല്ലാ രാജ്യങ്ങളിലും ഈ ടെസ്റ്റ് രീതി എത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതിന് ഇതിന്‍റേതായ ന്യൂനതകള്‍ നിലവിലുണ്ടെങ്കിലും ഈ ന്യൂനതകള്‍ ടെസ്റ്റ് രീതി വ്യാപകമാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 

Also Read:- 'രാജ്യത്ത് വര്‍ഷത്തില്‍ 70,000ത്തിലധികം സ്ത്രീകളുടെ മരണത്തിന് ഇടയാക്കുന്ന രോഗം'

Follow Us:
Download App:
  • android
  • ios