വയർ വീർക്കൽ, ദഹനക്കേട്, കടുത്ത ക്ഷീണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുതുടങ്ങുമ്പോൾ മാത്രമാണ് പലരും കുടലിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്.
ഭക്ഷണം ദഹിപ്പിക്കുന്നതിൽ മാത്രമല്ല കുടൽ പങ്ക് വഹിക്കുന്നത്. രോഗപ്രതിരോധ ശേഷി, മെറ്റബോളിസം പ്രവർത്തനം, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെല്ലാം നിയന്ത്രിക്കുന്നതിൽ കുടലിന് വലിയ പങ്കുണ്ട്. എന്നിരുന്നാലും വയർ വീർക്കൽ, ദഹനക്കേട്, കടുത്ത ക്ഷീണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുതുടങ്ങുമ്പോൾ മാത്രമാണ് പലരും കുടലിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യേണ്ട ചില കാര്യങ്ങൾ.
1. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കാം
ദിവസവും പല സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ ദോഷകരമായി ബാധിക്കുകയും ദഹനപ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യും. നമ്മുടെ കുടലിന് കൃത്യമായ ഒരു സർക്കാഡിയൻ റിഥം ഉണ്ട്. അതിനാൽ എല്ലാ ദിവസവും ഒരേ സമയത്തുതന്നെ ഭക്ഷണം കഴിക്കാൻ ശീലിക്കുക.
2. പയറുവർഗ്ഗങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ് താൽക്കാലികം മാത്രം
പയറുവർഗ്ഗങ്ങൾ കഴിക്കുന്നത് വയർ വീർക്കുന്നതിനും ഗ്യാസിനും കാരണമാകുമെന്ന് കരുതി പലരും അത് ഒഴിവാക്കാറുണ്ട്. എന്നാൽ ഇത് താൽക്കാലികം മാത്രമാണ്. പയറുവർഗ്ഗങ്ങൾ സ്ഥിരമായി കഴിക്കാൻ തുടങ്ങുന്ന ആദ്യ ആഴ്ചയിൽ 50 ശതമാനം ആളുകൾക്കും ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പിന്നീടിത് കുറയും.
3. മാനസിക സമ്മർദ്ദത്തോടെ ഭക്ഷണം കഴിക്കരുത്
നമ്മൾ സ്ട്രെസ്സിൽ ആയിരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോണുകൾ കുടലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് ദഹനത്തെ പൂർണ്ണമായി തടസ്സപ്പെടുത്തും. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. ശരീരം ഫൈറ്റ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡിൽ ആയിരിക്കുമ്പോൾ കുടലിന് ഭക്ഷണം ദഹിപ്പിക്കാൻ കഴിയില്ല.
4. രാത്രി വൈകിയുള്ള ഭക്ഷണം കുടലിന്റെ ശുചീകരണത്തെ ബാധിക്കും
വയറ് ശൂന്യമായിരിക്കുമ്പോൾ കുടൽ സ്വയം വൃത്തിയാക്കുന്ന സ്വാഭാവിക പ്രക്രിയ ശരീരത്തിൽ നടക്കുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഈ ശുചീകരണ പ്രക്രിയയെ തടസ്സപ്പെടുത്തും. അതിനാൽ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
5. ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടത്തം
ഭക്ഷണത്തിന് ശേഷം വെറും 10 മിനിറ്റ് നടക്കുന്നത് ദഹനം എളുപ്പമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഈ ഒരു ചെറിയ ശീലം ഭക്ഷണത്തിന് ശേഷം രക്തത്തിൽ പെട്ടെന്ന് പഞ്ചസാര കൂടുന്നത് കുറയ്ക്കാൻ സഹായിക്കും.
6. സന്തോഷം നൽകുന്ന സെറട്ടോണിൻ ഉണ്ടാകുന്നത് കുടലിലാണ്
നമ്മുടെ മാനസികാവസ്ഥയെയും സന്തോഷത്തെയും നിയന്ത്രിക്കുന്ന സെറട്ടോണിൻ എന്ന രാസവസ്തുവിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് തലച്ചോറിലല്ല, കുടലിലാണ്. അതുകൊണ്ട് തന്നെ വയറ് വീർക്കൽ, മലബന്ധം, കുടലിലെ വീക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾ നേരിട്ട് നമ്മുടെ മാനസികാരോഗ്യത്തെയും മൂഡിനെയും ബാധിച്ചേക്കാം.


