ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വയസുള്ള കുഞ്ഞിൻ്റെ ശ്വാസനാളിയിൽ നിന്ന് നാല് സെൻ്റിമീറ്റർ നീളമുള്ള പിൻ പുറത്തെടുത്തു
കൊച്ചി: ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ പുറത്തെടുത്തു. എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നടത്തിയ ബ്രോങ്കോസ്കോപിയിലൂടെയാണ് പിൻ പുറത്തെടുത്തത്. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ ശ്വാസനാളത്തിൽ എക്സേറേ പരിശോധനയിലാണ് പിൻ കണ്ടെത്തിയത്.
അതീവ അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പിക്ക് കുട്ടിയെ വിധേയമാക്കി. വിപിഎസ് ലേക്‌ഷോറിലെ പൾമണറി ക്രിട്ടിക്കൽ കെയർ & സ്ലീപ്പ് മെഡിസിൻ വകുപ്പിലെ കൺസൾട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ബ്രോങ്കോസ്കോപി നടത്തിയത്. കുട്ടി ഇപ്പോൾ സുഖം പ്രാപിക്കുന്നതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് വസ്ത്രം തൈക്കുമ്പോൾ ഉപയോഗിക്കുന്ന പിൻ കുഞ്ഞ് വായിലിട്ടത്. ശ്വാസ തടസം അനുഭവപ്പെട്ടതോടെ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിൻ്റെ പേര് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

