കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെ ഒരു ജനത അതിജീവിക്കും മുമ്പാണ് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കേരളം വിറങ്ങലിച്ചിരിക്കുന്നത്. പല ജില്ലകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയും, ദുരിതാശ്വാസക്യാമ്പുകളിലേക്കെത്തുകയും ചെയ്യുന്നു. ‌

മിക്കയിടങ്ങളിലും വെള്ളപ്പൊക്കമാണ്. എവിടെ കുഴിയുണ്ടെന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ട് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് കാർ, ബെെക്ക് യാത്രക്കാരാണ്. ഈ കനത്ത മഴയിൽ ഭീകരമായൊരപകടത്തിൽ നിന്ന് രക്ഷപ്പെട്ട് അനുഭവത്തെ കുറിച്ച് മീരാ മാനോജ് കുറിപ്പ് എഴുതിയിരുന്നു. ഫേസ് ബുക്കിലൂടെയാണ് മീരാ ആ അനുഭവം തുറന്നെഴുതിയത്...

മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...
 
ഭീകരമായൊരപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഇപ്പോ വെറും ഒരു മണിക്കൂറേ ആയിട്ടുള്ളു...ശ്വാസം നേരെ വീഴാന്‍ ഇനിയും സമയമെടുക്കും...ഏകദേശം പത്തരയോടെയാണ് സംഭവം... എറണാകുളത്ത് താമസിക്കുന്നവർക്കറിയാം.. വെണ്ണലയ്ക്കും എരൂരിനുമിടയിൽ നിന്ന് ഇരുമ്പനത്തേക്ക് (Seaport Airport road) ഒരു ഷോട്ട് കട്ട് ഉണ്ട്..കാറില്‍ ആ വഴി വരുകയാണ് ഞങ്ങൾ ..കുഞ്ഞുങ്ങളുമുണ്ട്.. അത്ര വെളിച്ചമില്ലാത്ത വഴി.. .ഇരുവശത്തും പാടമേത് റോഡ് ഏതെന്ന് അറിയാന്‍ പറ്റുന്നില്ല...അതുപോലെ വെള്ളം... ഒരു ഭാഗത്തെത്തിയപ്പോൾ ഒരു ബെെക്ക് യാത്രക്കാരന്‍ വളരെ കഷ്ടപ്പെട്ട് ആ വെള്ളത്തില്‍ കൂടി വരുന്നത് കണ്ടു.. എങ്ങനെയുണ്ട് അവിടെ വെള്ളമെന്ന് മനോജ് ചോദിച്ചപ്പോ, ബെെക്ക് ഓഫായി പ്പോയി, നല്ല വെള്ളമുണ്ട്, ബുദ്ധിമുട്ടിയാണ് ചേട്ടാ ഞാനിങ്ങ് വന്നത്, സൂക്ഷിച്ചു പോണേന്ന്‌ പറഞ്ഞ്‌ അയാൾ പോയി... സാധാരണ ഈ സമയം അധികം വണ്ടികളൊന്നും ആ വഴി കാണാറില്ല... മനോജ് സാവധാനം കാർ മുന്നോട്ടെടുത്തു... ടെെർ മൂടി വെള്ളമുണ്ടെന്ന് മനസ്സിലായി... മുന്നോട്ട് പോകാതെ വേറെ വഴിയില്ല ... ഏറെ ദൂരത്തോളം വെള്ളം കാണാം... പാടമായതു കൊണ്ട് റോഡിന്റെ വക്കേതെന്ന് തിരിച്ചറിയാനും പറ്റുന്നില്ല... എത്രയും പെട്ടെന്ന് ഇതൊന്ന് കടന്നു കിട്ടിയാ മതിയെന്നായി... വണ്ടി നീങ്ങുംതോറും ആഴം കൂടുന്നത് മനസ്സിലായി... സ്പീഡ് കുറഞ്ഞു... ‌എൻജിന്റെ സൗണ്ട് കേള്‍ക്കാതായി.. ഹെഡ് ലെെറ്റിന് മുകളില്‍ വെള്ളം കയറി, ഞാന്‍ നോക്കുമ്പോ ഡോറിന്റെ സെെഡില്‍ വെള്ളം അലയടിക്കുന്നു... മനോജ് എത്ര ശ്രമിച്ചിട്ടും steering balance ചെയ്യാന്‍ പറ്റിയില്ല... വണ്ടി float ചെയ്ത് തെന്നിത്തെന്നി ഒരു വശത്തേക്ക് പോകുന്നു.... ആറടിയിലേറെയെങ്കിലും താഴ്ചയുള്ള പാടം....ഞങ്ങൾക്ക് രണ്ടുപേര്‍ക്കും അയ്യോ എന്നൊരു ശബ്ദം പോലും വയ്ക്കാന്‍ പറ്റാത്തത്രയും ഭയാനകമായ അവസ്ഥ.... ദൈവമെ എന്ന് വിളിക്കാന്‍ പോലുമുള്ള മനസ്സാന്നിധ്യം ഉണ്ടായില്ല... 250 അടിയോളം ദൂരം എങ്ങനെ ആ വെള്ളക്കെട്ടിൽ നിന്ന് അതും കുറ്റാക്കുറ്റിരുട്ടില്‍ പുറത്ത്‌ വന്നെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല... ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍, float ചെയ്യുന്ന ഞങ്ങളുടെ കാറിനെ സുരക്ഷിതമായി ഇപ്പുറം എത്തിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല...കാർ തെന്നി പാടത്ത് പോയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല.. ഇപ്പോഴും Manoj ആ shock ല്‍ നിന്ന് free ആയിട്ടില്ല....(നെഞ്ചുവേദനയും വിറയലും) എറണാകുളത്ത് താമസിക്കുന്നവരോട് മാത്രമല്ല, ഇത് വായിക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ... ഇതുപോലെ യാത്ര ചെയ്യുമ്പോള്‍, വെള്ളക്കെട്ട് കാണുന്ന ആഴമറിയാത്ത സ്ഥലങ്ങളില്‍ നമ്മുടെ കണക്കുകൂട്ടലിൽ വാഹനം മുന്നോട്ട് കൊണ്ടുപോകരുത്... കഴിവതും അപകടം പിടിച്ച ഇത്തരം പാടത്തിനു നടുവിലൂടെയുള്ള roadകളിൽ കൂടിയുള്ള യാത്ര ഒഴിവാക്കുക... പ്രത്യേകിച്ച് പ്രളയകാലത്ത്‌.... എല്ലാവരും സൂക്ഷിക്കുക.... ആർക്കും ആപത്തൊന്നും വരാതിരിക്കട്ടെ എന്ന് മാത്രമേയുള്ളൂ പ്രാർത്ഥന...