'ഞാന്‍ സിസിലിയ മക്ഗോ, ഞാനൊരു ഭീകരജീവിയല്ല, എനിക്ക് സ്കീസോഫ്രീനിയ ഉണ്ട്'. ഇത് പറയുന്നത് മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ സിസിലിയ ആണ്. ഒരാളുടെ ചിന്തകളേയും പെരുമാറ്റത്തേയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന സ്കീസോഫ്രീനിയ ആണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ വന്ന കാലതാമസത്തേക്കുറിച്ച് ടെഡ് ടാക്കില്‍ സംസാരിക്കുകയായിരുന്നു പെന്‍ സര്‍വ്വകലാശാലയിലെ മാസ്റ്റേഴ്സ് വിദ്യാര്‍ഥിനി കൂടിയായ സിസിലിയ. താന്‍ നേരിടുന്നത് ഒരു മാനസിക തകരാര്‍ ആണെന്ന് തിരിച്ചറിയുന്നത് വരെ മറ്റുള്ളവര്‍ ഒരു ഭീകരജീവിയോട് എന്ന വണ്ണമായിരുന്നു തന്നോട് പെരുമാറിയിരുന്നതെന്നും സിസിലിയ പറയുന്നു. മാനസിക തകരാറുകള്‍ നേരിടുന്നവരെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ മാറ്റണമെന്ന് വ്യക്തമാക്കുന്നതാണ് സിസിലിയയുടെ വാക്കുകള്‍. 

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് സിസിലിയയുടെ പെരുമാറ്റത്തില്‍ സാരമായ വ്യത്യാസം മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ചിന്തകളിലും പെരുമാറ്റങ്ങളിലുമുണ്ടായ വ്യത്യാസം കാരണം ചുറ്റുമുള്ളവരുടെ മാറ്റം ഏറെ മനസ് മടുപ്പിച്ചതിനേത്തുടര്‍ന്ന് നിരവധി തവണയാണ് സിസിലിയ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ മറ്റുള്ളവരുടെ പരിഹാസത്തെ പരിഗണിക്കാതെ ജീവിക്കാനാണ് പഠിക്കേണ്ടതെന്ന് സിസിലിയ പിന്നീട് തിരിച്ചറിയുകയായിരുന്നു. മാനസികാരോഗ്യ പ്രശ്നത്തിന് ചികിത്സ തേടുന്നതിന് ബന്ധുക്കളും അടുപ്പക്കാര്‍ക്കും താല്‍പര്യമില്ലായിരുന്നു. അവര്‍ തുടര്‍ച്ചയായി നിരുല്‍സാഹപ്പെടുത്തിക്കൊണ്ടിരുന്നു. 

 

തന്‍റെ അസുഖം സ്കീസോഫ്രീനിയ ആണെന്ന വെളിപ്പെടുത്തല്‍ അവര്‍ക്ക് ഞെട്ടലായിരുന്നു. ആത്മഹത്യാശ്രമം പരാജയപ്പെട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് ചികിത്സ ലഭ്യമായതെന്നും സിസിലിയ പറയുന്നു. ഭ്രാന്തി, അപകടകാരി, ഭീകരജീവി, ഒന്നിനുകൊള്ളാത്തവള്‍ എന്നെല്ലാം സമൂഹം എന്നെ വിളിച്ചുവെന്ന് സിസിലിയ പറയുന്നു. ചികിത്സ തേടുക എന്നതായിരുന്നു താന്‍ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് സിസിലിയ പറയുന്നു. ഇന്ന് സ്കീസോഫ്രീനിയയുള്ള വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുന്ന ഒരു എന്‍ജിഒയുടെ സ്ഥാപക കൂടിയാണ് സിസിലിയ. അത്തരം വിദ്യാര്‍ഥികള്‍ക്ക് പഠനം തടസം കൂടാതം പോകാനും ജീവിതത്തില്‍ വിജയം നേടാനും ഡോക്ടര്‍മാരുടെ സേവനം നല്‍കാനും ഈ എന്‍ജിഒ സഹായിക്കുന്നുണ്ട്.