'ഡിവോഴ്‌സ്' അഥവാ വിവാഹമോചനം എന്താണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ 'സ്ലീപ് ഡിവോഴ്‌സ്' എന്ന വാക്ക് നിങ്ങളില്‍ എത്ര പേര്‍ കേട്ടിട്ടുണ്ട്? പേരില്‍ സൂചിപ്പിക്കുന്നത് പോലെ, ഉറക്കവുമായി ബന്ധമുള്ളത് തന്നെയാണ് സംഗതി. 

പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ ഉറക്കം വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. പങ്കാളിയുടെ കൂര്‍ക്കം വലി മുതല്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ വരെ ഏതുമാകാം ഇതിന് കാരണമാകുന്നത്. ചിലര്‍ക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പൂര്‍ണ്ണമായും ഇരുട്ടായിരിക്കണം. അതേസമയം പങ്കാളിക്ക് അല്‍പം വെളിച്ചം വേണമെന്ന ശീലമായിരിക്കും. രാത്രിയില്‍ ഉറങ്ങുവോളം വായിക്കുകയോ സിനിമ കാണുകയോ പാട്ട് കേക്കുകയോ ചെയ്യുന്നയാള്‍ക്ക് നിശബ്ദതയും ഇരുട്ടും ആഗ്രഹിക്കുന്ന പങ്കാളിയാണ് ഉള്ളതെങ്കിലോ...

ഇങ്ങനെ ദമ്പതിമാര്‍ക്കിടയില്‍ അധികം ചര്‍ച്ച ചെയ്യുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്ത എന്നാൽ നിരവധി പേർ അനുഭവിക്കുന്ന എത്രയോ ഉറക്ക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍. അതുകൊണ്ട് തന്നെ ഇത് ദമ്പതിമാർക്കിടയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു രഹസ്യമായി കണക്കാക്കാനും ആവില്ല.

പലപ്പോഴും ബന്ധത്തില്‍ വലിയ വിള്ളല്‍ വരാന്‍ വരെ ഈ ഉറക്ക പ്രശ്‌നങ്ങള്‍ കാരണമാകാറുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും കിടപ്പ് രണ്ടിടത്താക്കാമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ഒന്ന് നെറ്റി ചുളിച്ചേക്കുമെങ്കിലും, നിരവധി ദമ്പതിമാര്‍ രഹസ്യമായി ഈ രീതി പിന്തുടരുന്നുണ്ടെന്ന് തന്നെയാണ് സൈക്കോളജിസ്റ്റുകള്‍ വെളിപ്പെടുത്തുന്നത്. 

ഇതുതന്നെയാണ് 'സ്ലീപ് ഡിവോഴ്‌സ്'. തികച്ചും വ്യക്തിപരമായ 'ചോയ്‌സ്' ആണിതെന്നും, ഭാര്യയും ഭര്‍ത്താവും ഈ രീതിയോട് പൂര്‍ണ്ണ മനസോടെ സമ്മതം മൂളേണ്ടതാണെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു ശീലം ഉള്ളതുകൊണ്ട് ബന്ധത്തിന് യാതൊരു പ്രശ്‌നവും നേരിടില്ലെന്ന് മാത്രമല്ല, ബന്ധം അല്‍പം കൂടി മെച്ചപ്പെടുത്താനേ ഇത് സഹായിക്കൂ എന്നും ഇവര്‍ പറയുന്നു. ദമ്പതികള്‍ക്കിടയില്‍ ഏത് പ്രശ്‌നവും തുറന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഉറക്കം പോലെ ആരോഗ്യത്തിന്റെ അടിസ്ഥാനമായ ഒരു വിഷയത്തില്‍ തനിക്കുള്ള തൃപ്തി ഭാര്യ, ഭര്‍ത്താവില്‍ നിന്നോ തിരിച്ച് ഭര്‍ത്താവ് ഭാര്യയില്‍ നിന്നോ ഒരിക്കലും ഒളിപ്പിക്കരുത്. 

പകരം അവയെ സത്യസന്ധമായി പങ്കാളിക്ക് മുമ്പില്‍ അവതരിപ്പിക്കുക. പ്രശ്‌നം നേരിടുന്നത് ആരാണോ അവരുടെ വിഷമം മനസിലാക്കാനും അതിനെ മാനിക്കാനും മറ്റെയാള്‍ തയ്യാറാവുക തന്നെ വേണം. അങ്ങനെ കൂട്ടായി തീരുമാനിക്കേണ്ടതാണ് പരിഹാരം. 'സ്ലീപ് ഡിവോഴ്‌സി'നെ മോശമായി കാണുന്ന പ്രവണതയാണ് പൊതുവേ സമൂഹത്തിലുള്ളതെന്നും എന്നാല്‍ താല്‍പര്യമുള്ളത്രയും സമയം ഒരുമിച്ച് ചിലവഴിച്ച ശേഷം സ്വതന്ത്രമായും സ്വസ്ഥമായും ഉറങ്ങാനായി ഭാര്യയും ഭര്‍ത്താവും രണ്ടിടത്തേക്ക് മാറുന്നതില്‍ അനാരോഗ്യകരമായ ഒന്നും തന്നെയില്ലെന്നും സൈക്കോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

Also Read:- ലോകത്തിലാദ്യമായി ഗർഭപാത്രത്തിനു പുറത്തുവെച്ച് ഒരു അണ്ഡവും ബീജവും തമ്മിൽ സന്ധിച്ചപ്പോൾ...