കൗമാരക്കാര്‍ക്കിടയില്‍ കൂടുന്ന വിഷാദവും ഉത്കണ്ഠയും എങ്ങനെ തിരിച്ചറിയാം?
10-നും 19-നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. കൊവിഡിനെ തുടർന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തിൽ 25 ശതമാനം വർദ്ധനവ് ഉണ്ടായതായി വിദഗ്ധരും പറയുന്നു.

സംഗീത സംവിധായകനും നടനുമായ വിജയ് ആന്‍റണിയുടെ പതിനാറ് വയസുള്ള മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും മൂലം ആത്മഹത്യ ചെയ്തതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. കൗമാരക്കാര്‍ക്കിടയില്‍ വിഷാദവും ഉത്കണ്ഠയും കൂടുന്നതായാണ് പല പഠനങ്ങളും പറയുന്നത്. 10-നും 19-നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. കൊവിഡിനെ തുടർന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തിൽ 25 ശതമാനം വർദ്ധനവ് ഉണ്ടായതായി വിദഗ്ധരും പറയുന്നു.
നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന കാര്യമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മാനസികാരോഗ്യം മോശമാകാന്‍ പല കാരണങ്ങള്‍ ഉണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നതും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യമാണ്.
അമിതമായ ദേഷ്യം, ചിലരില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി, സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ, ഉള്‍വലിഞ്ഞ സ്വഭാവം, നിഷേധ മനോഭാവം, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, അകാരണമായ പേടി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, തുടങ്ങിയവയൊക്കെ ഒരു പക്ഷേ മാനസികാരോഗ്യവും ബന്ധപ്പെട്ടിരിക്കാം. കടുത്ത സങ്കടം, ഉറക്കക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ക്ഷീണം, ഉന്മേഷക്കുറവ്, ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാം വിഷാദവുമായി ബന്ധപ്പെട്ടിരിക്കാം.
ശരീരത്തിന്‍റെ ആരോഗ്യത്തിനായി പ്രയത്‌നിക്കുന്ന നമുക്ക് മനസിന്‍റെ ആരോഗ്യത്തിനായും അല്‍പ്പം ശ്രമിക്കാം. കോഗ്നീറ്റീവ് തെറാപ്പി, മെഡിറ്റേഷന്‍, തുറന്നെഴുത്തുകള്‍, മറ്റ് സൈക്കോതെറാപ്പികള്‍ എന്നിവ പ്രൊഫഷണലുകളുടെ സഹായത്തോടെ ചെയ്യാം. സ്വയം വിലയിരുത്തുക, മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ എങ്ങനെ നിറവേറ്റുന്നു എന്ന് മനസിലാക്കുക. സമ്മര്‍ദ്ദത്തിലാണോ, മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ, എന്നീ കാര്യങ്ങള്‍ തിരിച്ചറിയുക. അതുപോലെ അലസമായ ജീവിത ശൈലി ഉപേക്ഷിക്കുക, എപ്പോഴും ഉന്മേഷത്തോടെയിരിക്കാന്‍ ശ്രമിക്കുക, നന്നായി ഉറങ്ങുക, പുകവലി ഉപേക്ഷിക്കുക, നന്നായി ഭക്ഷണം കഴിക്കുക. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. നേന്ത്രപ്പഴം, നട്സ്, പാല്‍, മുട്ട, സാല്‍മണ്‍ ഫിഷ്, ഡാര്‍ക്ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയവ കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.