Asianet News MalayalamAsianet News Malayalam

'അവരുടെ മനസിൽ ഇപ്പോഴും ഉരുൾപൊട്ടുന്നുണ്ട്, വിഷമങ്ങളിൽ നിന്നും അവരെ കൈപിടിച്ചുയർത്താൻ നമുക്കാകണം'

ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടുവന്നവർക്ക് രക്ഷപ്പെട്ടതിൽ ആശ്വാസം തെല്ലില്ല, കാരണം ഏറെ സ്നേഹിച്ചവർക്കൊപ്പം നഷ്ടപ്പെട്ടത് അവരുടെ ജീവൻ കൂടിയാണ്. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാൻ മാത്രമേ അവർക്ക് കഴിയുന്നുള്ളൂ.   

mental health team to provide psychosocial support to wayanad landslide survivors
Author
First Published Aug 3, 2024, 3:50 PM IST | Last Updated Aug 3, 2024, 4:35 PM IST

ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടുവന്നവർ ഒറ്റപ്പെടാതെ താങ്ങായി, തണലായി എപ്പോഴും കൂടെയുണ്ടാകണം. അവരുടെ ആ വിഷമങ്ങളിൽ നിന്നും അവരെ കൈപിടിച്ചുയർത്താനും ചേർത്തു പിടിക്കാനും നമുക്കാകണം. സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

ഒരൊറ്റ രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും ഒരായുസു മുഴുവൻ സമ്പാദിച്ചതുമെല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ മനസ്സിൽ ഇപ്പോഴും ഉരുൾപൊട്ടുന്നുണ്ട്. നഷ്ടപ്പെട്ട സമ്പാദ്യമെല്ലാം കുറച്ചു നാളുകൾ കൊണ്ട്  തിരിച്ചു പിടിക്കാൻ കഴിയുമെങ്കിലും അവരെ വേദനിപ്പിക്കുന്നത് ഇതൊന്നുമല്ല. ഇനി ഒരിക്കലും  മാതാപിതാക്കളേയും കൂടപ്പിറപ്പുകളേയും പങ്കാളിയേയും മക്കളേയും തിരിച്ചു കിട്ടില്ലല്ലോ എന്നുള്ളതാണ്. 

ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടുവന്നവർക്ക് രക്ഷപ്പെട്ടതിൽ ആശ്വാസം തെല്ലില്ല, കാരണം ഏറെ സ്നേഹിച്ചവർക്കൊപ്പം നഷ്ടപ്പെട്ടത് അവരുടെ ജീവൻ കൂടിയാണ്. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാൻ മാത്രമേ അവർക്ക് കഴിയുന്നുള്ളൂ.   

ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ പകച്ചു നിൽക്കുന്നവർക്കൊപ്പം ലോകമെമ്പാടുമുള്ള നമ്മൾ സഹായഹസ്തവുമായി ചേരുന്നുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോൾ റെസ്ക്യൂ ടീമും രക്ഷാപ്രവർത്തകരും എല്ലാവരും മടങ്ങും അപ്പോൾ അവരിൽ മാനസിക പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും. അവരുടെ ആ വിഷമങ്ങളിൽ നിന്നും അവരെ കൈപിടിച്ചുയർത്താനും ചേർത്തു പിടിക്കാനും നമുക്കാകണം. 

സ്വന്തം കൺമുമ്പിൽ  എല്ലാം നഷ്ടപ്പെടുന്നതിനു ദൃക്സാക്ഷിയാകേണ്ടി വരുന്ന ഒരു വ്യക്തിക്ക് വളരെയധികം മാനസിക പ്രശ്നങ്ങൾ അടിമയാകും. അമിതമായ ദുഃഖം, നിരാശ, അമിതമായ ദേഷ്യം, സ്വയം ഉപദ്രവിക്കാനുള്ള തോന്നലുകൾ, നിസ്സഹായാവസ്ഥ, ഭയം,  പാനിക് അറ്റാക്ക് , മാനസിക സമ്മർദ്ദം, മാനസിക വിഭ്രാന്തി, അമിതമായ ലഹരി ഉപയോഗം, ഉത്കണ്ഠ, വിശപ്പില്ലായ്മ തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാം നഷ്ടപ്പെട്ട ഞാൻ ഇനിയെന്തിന് ജീവിക്കണം എന്ന ചിന്ത നിരന്തരം അലട്ടുന്നതിനെ തുടർന്ന്  സ്വന്തം ജീവൻ തന്നെ വേണ്ടെന്ന് വച്ചേക്കാം.

ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ അവരിൽ കാണുകയാണെങ്കിൽ എത്രയും വേഗത്തിൽ അവരോട് ചേർന്ന് നിന്ന് ചില കാര്യങ്ങൾ അവർക്കായി ചെയ്യേണ്ടതുണ്ട്. അവർക്ക് പറയാനുള്ളത് ആദ്യമേ കേൾക്കുക. നമ്മൾ കൂടെയുണ്ടെന്ന ഉറപ്പും, വിശ്വാസം അവർക്ക് നൽകുക, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരെ മാനസിക ആരോഗ്യ വിദഗ്ധരെ കാണുന്നതിന് തയ്യാറെടുപ്പിക്കുക , അതിനൊപ്പം തന്നെ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതിന് അവരെ പ്രാപ്തരാക്കുവാനും സഹായിക്കുക. 

അവരെ ആശ്വസിപ്പിക്കാൻ ഒരേ രക്തം ആകണമെന്നോ അവരുടെ ബന്ധു ആകണമെന്നോ ഇല്ല. അവരോടൊപ്പം ഇരിക്കുമ്പോൾ  ഒന്ന് ചേർത്ത് പിടിക്കാൻ സ്വന്തം തോളിലേക്ക് ചേർത്തിരുത്താൻ സാധിച്ചാൽ അതായിരിക്കും അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം. ഇങ്ങനെ ചെയ്താൽ അവരുടെ വേദന മാറുമോ എന്ന് സംശയിച്ചു ചിന്തിച്ചു നിൽക്കുന്നിടത്താണ് നമുക്കും പലതും നഷ്ടമാകുന്നത്. 

അവരുടെ ദുഃഖങ്ങളും സങ്കടങ്ങളും മനസ്സിൽ ആരോടും പറയാതെ തടഞ്ഞു വച്ചിരിക്കുന്ന നിസ്സഹായ അവസ്ഥകളും ഇതെല്ലാം കേൾക്കാനും പറയാനും ആരെങ്കിലും ഒരാൾ ഉണ്ടായാൽ അവർ പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചുവരും. ഇവിടെയാണ് നമ്മൾ സുഹൃത്തുക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും പ്രസക്തി. അവരുമായി സംസാരിച്ചു അവരിൽ വലിയ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെത്തന്നെ അടുത്തുള്ള മാനസിക ആരോഗ്യ വിദഗ്ധരുടെ അടുക്കൽ കൊണ്ട് ചെന്ന് മാനസിക പരിചരണവും, ചികിത്സയും പുനരധികവാസവും നൽകണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ  പുനരധിവസിപ്പിക്കുന്നതിന് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. അവർ ജീവിതത്തിലേക്ക് തിരിച്ചു കയറിയെന്ന് ഉറപ്പുവരുന്നത് വരെ നമ്മൾ അവരോടൊപ്പം നിൽക്കണം. 

നിങ്ങൾക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ ടോൾഫ്രീ നമ്പറുകളായ 1800 2331 533, 1800 2335 588, 14416 വിളിച്ച് മാനസിക ആരോഗ്യ  വിദഗ്ധരോട് വിഷമങ്ങൾ പങ്കുവെക്കാവുന്നതാണ്.

ഉരുൾപൊട്ടല്‍ ഉണ്ടാക്കിയ ആഘാതം; എന്താണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ? സൈക്കോളജിസ്റ്റ് പറയുന്നു

 

Latest Videos
Follow Us:
Download App:
  • android
  • ios