മുതിര്‍ന്നവരെക്കാള്‍ എത്രയോ മടങ്ങ് ശ്രദ്ധയും കരുതലും വേണം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ക്ക്. അവരുടെ പൊതുവിലുള്ള ആരോഗ്യാവസ്ഥയും, രോഗങ്ങളോട് പൊരുതാന്‍ അവര്‍ക്കുള്ള പ്രതിരോധശേഷിയുമൊക്കെ മുതിര്‍ന്നവരെ അപേക്ഷിച്ച്, അത്രമാത്രം കുറവായതിനാലാണിത്. 

അതിലാണ്, കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളിലും എപ്പോഴും മുതിര്‍ന്നവര്‍ വളരെയധികം ജാഗ്രത പുലര്‍ത്തുന്നത്. എന്നാല്‍ സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള കുട്ടികള്‍ക്ക് ഈ കരുതലും തുണയും ലഭിക്കുന്നുണ്ടോ?

ഇല്ലെന്ന് തന്നെയാണ് മദ്ധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയൊരു വാര്‍ത്ത ചൂണ്ടിക്കാട്ടുന്നത്. മദ്ധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍, കരേര എന്ന സ്ഥലത്തുള്ള ഒരു അംഗന്‍വാടിയില്‍, കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നത് കക്കൂസിനകത്ത് വച്ചാണെന്നാണ് വാര്‍ത്ത. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത അവിശ്വസനീയമായിരിക്കാം, എന്നാല്‍ സത്യാവസ്ഥ ഇതാണെന്നാണ് 'ഐഎഎന്‍എസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഥിരമായി കക്കൂസിനകത്ത് വച്ച് തന്നെയാണ് കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത് എന്നാണ് അംഗന്‍വാടി ജീവനക്കാര്‍ വ്യക്തമാക്കുന്നത്. പാചകത്തിനായി പ്രത്യേകസ്ഥലം ഇല്ലാത്തതിനാലും, മറ്റെവിടെയും വെള്ളം ലഭ്യമല്ലാത്തതിനാലുമാണത്രേ ഇതിനായി കക്കൂസ് തന്നെ തെരഞ്ഞെടുത്തതെന്ന് ഇവര്‍ പറയുന്നു. 

മുമ്പ് പല തവണ പാചകത്തിനായി സൗകര്യമുണ്ടാക്കി നല്‍കണമെന്ന് അധികാരപ്പെട്ട ഉദ്യോഗസ്ഥരെ ബോധിപ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. 

രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യം...

വീടുകളിലാണെങ്കില്‍ പോലും, അടുക്കളയുമായി ചേര്‍ന്ന് ഒരിക്കലും നമ്മള്‍ കക്കൂസ് നിര്‍മ്മിക്കാറില്ല. കാരണം അവിടെ നിന്നുള്ള വായുവില്‍ നിന്നുവരെ അണുക്കള്‍ പടര്‍ന്നുകയറാന്‍ സാധ്യതയുണ്ട്. അപ്പോള്‍പ്പിന്നെ കക്കൂസിനകത്ത് വച്ച് തന്നെ ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. 

മലത്തില്‍ സാധാരണയായി കണ്ടുവരാറുള്ള ഇ-കോളി തുടങ്ങി പല മാരകങ്ങളായ ബാക്ടീരിയകളും കക്കൂസിലും അതിന്റെ പരിസരങ്ങളിലും ധാരാളമായി കാണപ്പെടാറുണ്ട്. ഇവ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിനകത്ത് എത്തിക്കഴിഞ്ഞാല്‍ പലതരത്തിലുള്ള അസുഖങ്ങളിലേക്കും നമ്മളെത്തിയേക്കും. 

മരണത്തിന് വരെ കാരണമാകുന്ന അസുഖങ്ങള്‍ 'ടോയ്‌ലറ്റ് ബാക്ടീരിയ'കള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്രയും ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും, അത് നേരത്തേ കണ്ടെത്താനും തിരുത്താനും മതിയായ പരിഹാരം നിര്‍ദേശിക്കാനും അധികൃതര്‍ക്കായില്ല, എന്നത് വന്‍ വീഴ്ചയായി മാത്രമേ കണക്കാക്കാനാവൂ. മദ്ധ്യപ്രദേശില്‍ നേരത്തെയും പല തവണ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.