Asianet News MalayalamAsianet News Malayalam

ജനിതക മാറ്റം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടും; വമ്പന്‍ പരീക്ഷണത്തിന് അനുമതി

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഓക്‌സിടെക്' എന്ന ബയോടെക്‌നോളജി കമ്പനിയാണ് ഈ ആശയവുമായി രംഗത്തെത്തിയത്. 'ഈഡിസ് ഈജിപ്തി' എന്ന ഇനത്തില്‍പ്പെട്ട ആണ്‍കൊതുകുകളെയാണ് ജനിതകമാറ്റം വരുത്തി ഇതിനായി ഉപയോഗിക്കുന്നത്. ഇവര്‍ പുറത്തെത്തി മറ്റ് പെണ്‍കൊതുകുകളുമായി ഇണ ചേരുമ്പോള്‍ ഇവരില്‍ നിന്ന് പുറപ്പെടുന്ന ഒരു 'പ്രോട്ടീന്‍' പെണ്‍കൊതുകുകളുടെ പ്രത്യുത്പാദന ശേഷി തകര്‍ക്കുന്നു

millions of genetically modified mosquitoes will be released in florida
Author
Florida, First Published Jun 20, 2020, 8:47 PM IST

കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങളിലൂടെ മാത്രം ലോകത്ത് പലയിടങ്ങളിലായി പ്രതിവര്‍ഷം എത്രയോ പേര്‍ മരിക്കുന്നു. മലേരിയ, ഡെങ്കിപ്പനി, സിക, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി എന്നുതുടങ്ങി കൊതുകിലൂടെ മനുഷ്യരിലേക്കെത്തുന്ന രോഗങ്ങളൊക്കെയും വളരെയധികം ഗൗരവമുള്ളത് തന്നെയാണ്. 

കൊതുകുകളുടെ എണ്ണമാണെങ്കില്‍ എല്ലായിടത്തും നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യവുമാണുള്ളത്. ഈ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാനായി ഗവേഷകര്‍ കണ്ടെത്തിയ ഒരു മാര്‍ഗമാണ് ജനിതകമാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിടുക. അതുകൊണ്ടെങ്ങനെയാണ് കൊതുകുജന്യ രോഗങ്ങള്‍ ഇല്ലതാവുക എന്നല്ലേ?

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഓക്‌സിടെക്' എന്ന ബയോടെക്‌നോളജി കമ്പനിയാണ് ഈ ആശയവുമായി രംഗത്തെത്തിയത്. 'ഈഡിസ് ഈജിപ്തി' എന്ന ഇനത്തില്‍പ്പെട്ട ആണ്‍കൊതുകുകളെയാണ് ജനിതകമാറ്റം വരുത്തി ഇതിനായി ഉപയോഗിക്കുന്നത്. ഇവര്‍ പുറത്തെത്തി മറ്റ് പെണ്‍കൊതുകുകളുമായി ഇണ ചേരുമ്പോള്‍ ഇവരില്‍ നിന്ന് പുറപ്പെടുന്ന ഒരു 'പ്രോട്ടീന്‍' പെണ്‍കൊതുകുകളുടെ പ്രത്യുത്പാദന ശേഷി തകര്‍ക്കുന്നു. 

അങ്ങനെ കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഇല്ലാതാവുകയും ഇതുമൂലം കൊതുകുകളിലൂടെ പകരുന്ന രോഗങ്ങള്‍ കുറയുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. പുറത്തുവിടുന്ന കൊതുകുകളത്രയും ആണ്‍ കൊതുകുകളായതിനാല്‍ ഇവ മനുഷ്യരെ കടിക്കുമെന്നോ അതുവഴി മനുഷ്യര്‍ക്ക് എന്തെങ്കിലും ആപത്ത് പിണയുമെന്നോ ഉള്ള പേടി വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഏറെ നാളായി പരിഗണനയിലിരുന്ന പദ്ധതിക്ക് ഇപ്പോള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ആയ ഫ്‌ളോറിഡ അനുമതി നല്‍കിയിരിക്കുകയാണ്. വൈകാതെ തന്നെ കൊതുകുകളെ തുറന്നുവിട്ട് ആദ്യഘട്ട പരീക്ഷണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 75 കോടിയോളം കൊതുകുകളെയാണ് സതേണ്‍ ഫ്‌ളോറിഡയിലെ മണ്‍റോ കൗണ്ടിയിലേക്ക് തുറന്നുവിടുക. എന്നാല്‍ ഇതിനെതിരെ ഫ്‌ളോറിഡയിലെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു പരീക്ഷണത്തിന് മനുഷ്യരെ തെരഞ്ഞെടുക്കരുതെന്നും വരുംവരായ്കകളെ കുറിച്ച് പരിശോധിക്കാതെയാണ് അധികൃതര്‍ ഇതിന് അനുമതി നല്‍കിയിരിക്കുന്നതെന്നുമാണ് ഇവരുടെ വാദം. 

Also Read:- കൊതുകിന്റെ തുപ്പലില്‍ നിന്ന് വാക്‌സിന്‍; മനുഷ്യരിലും പരീക്ഷിച്ചു...

എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഫ്‌ളോറിഡ. 'ദ എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി'യും കാര്‍ഷിക വകുപ്പും പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇനി വമ്പന്‍ പരീക്ഷണം നടത്തുന്ന സമയം കൂടിയേ നിര്‍ണയിക്കാനുള്ളൂ. അടുത്ത വേനലിന്റെ തുടക്കത്തില്‍ തന്നെ സംഗതി നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios