ലോകരാജ്യങ്ങള്‍ക്കാകെയും ഭീഷണിയായി കൊറോണ വൈറസ് എന്ന മാരക രോഗകാരി ഉദയം ചെയ്തതോടെ പകര്‍ച്ചവ്യാധികളെയും അവയെ നേരിടാനുള്ള വാക്‌സിനുകളേയും ഇതിന് വേണ്ടുന്ന ഗവേഷണപരമ്പരകളേയുമെല്ലാം സംബന്ധിക്കുന്ന ധാരാളം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ മനുഷ്യരാശിക്ക് മുകളില്‍ ഭീഷണിയുയര്‍ത്തുന്ന കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ കൊതുകുകളുടെ തന്നെ തുപ്പലില്‍ നിന്നുണ്ടാക്കിയ വാക്‌സിനെ പരിചയപ്പെടുത്തുകയാണ് യുഎസില്‍ നിന്നൊരു ഗവേഷക. 

കൊതുകുജന്യ രോഗങ്ങളെന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ അതിനെ നിസാരവത്കരിക്കാനായിരിക്കും മിക്കവരും ആദ്യം ശ്രമിക്കുക. കാലാകാലങ്ങളായി കാണുന്നതും അനുഭവിക്കുന്നതുമായ പ്രശ്‌നങ്ങളായതിനാലാകാം ഈ ലാഘവം. എന്നാല്‍ നിങ്ങളറിയണം, ഓരോ വര്‍ഷവും നാല് ലക്ഷത്തിലധികം പേരാണ് ലോകത്താകെയും മലേരിയ ബാധിച്ച് മാത്രം മരണമടയുന്നത്. 

ഇപ്പോള്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 4,13,000 ആണ്. താരതമ്യം ചെയ്ത് നോക്കുമ്പോള്‍ മലേരിയയുടെ ആഘാതം മനസിലാകുമല്ലോ. ഇത് കൊതുക് പരത്തുന്ന ഒരു രോഗം മാത്രമാണ്. 

 

 

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക, മഞ്ഞപ്പനി തുടങ്ങി കൊതുക് പരത്തുന്ന ഗൗരവമുള്ള എത്രയോ രോഗങ്ങള്‍ നമ്മള്‍ കാണുന്നു, കേള്‍ക്കുന്നു. ഓരോ വര്‍ഷവും ഇവ മൂലമെല്ലാം എത്ര പേര്‍ മരിച്ചുപോകുന്നുണ്ടായിരിക്കാം. 

എന്തായാലും കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ കൊതുകില്‍ നിന്ന് തന്നെ വാക്‌സിന്‍ കണ്ടെത്തിയ സംഭവം വലിയ നാഴികക്കാല്ലാകുമെന്നാണ് ഗവേഷകലോകം വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ കൊതുകിന്റെ തുപ്പലില്‍ നിന്ന് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും അതിനുതകുന്ന ചര്‍ച്ചകളുമുണ്ടായിരുന്നു. എന്നാല്‍ ആദ്യമായാണ് ഇങ്ങനെയൊരു വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത്. 

യുഎസിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ്'ല്‍ ഗവേഷകയായ ജെസിക്ക മാനിംഗ് ആണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. പുതിയ തരം രോഗങ്ങള്‍ പടരുകയും അത് വലിയ വെല്ലുവിളികളുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിന്റെ കാര്യത്തിലും നമ്മള്‍ പുതിയ ചുവടുവയ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് ജെസിക്ക പ്രതികരിക്കുന്നു. ഇതേ വിഷയത്തില്‍ ഇനിയും ഗവേഷണങ്ങള്‍ നടത്താനാണ് ഇവരുടെ തയ്യാറെടുപ്പ്. 

 

 

Also Read:- ഡെങ്കിപ്പനി; ഈ ലക്ഷണങ്ങൾ ശ്ര​ദ്ധിക്കാതെ പോകരുത്...
 

നിലവില്‍ മനുഷ്യരില്‍ പരീക്ഷിച്ച, 'അനോഫലിസ്' കൊതുകില്‍ നിന്നുണ്ടാക്കിയ വാക്‌സിന്‍ വിജയകരമായിരുന്നുവെന്ന് പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റ്' വിശദമാക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നതോടെ മനുഷ്യരാശിക്ക് തന്നെ ആകെയും വലിയ ആശ്വാസമേകാന്‍ ഗവേഷകലോകത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

Also Read:- കൊതുകിനെ വീട്ടിൽനിന്നും പറപറത്താം; നിങ്ങൾ ചെയ്യേണ്ടത്...