ഈ ചലഞ്ച് അനുസരിച്ച് ഒരാൾ 75 ദിവസത്തേക്ക് ദിവസം രണ്ടു നേരം കഠിനമായ വർക്ക് ഔട്ട് ചെയ്യുകയും കർശനമായ ഭക്ഷണ ക്രമം പാലിക്കുകയും ധാരാളം വെള്ളം കുടിക്കുകയും മദ്യം ഉപേക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിന് പുറമെ എതെങ്കിലും ഒരു ബുക്കിന്‍റെ 10 പേജ് വായിക്കുകയും ഓരോ ദിവസവും ഉണ്ടായ മാറ്റങ്ങളുടെ ചിത്രങ്ങളും എടുക്കണം

ടൊറന്‍റോ: വൈറലായ ഫിറ്റ്നെസ് ചലഞ്ച് പരീക്ഷിച്ച യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. കാനഡയിലെ ടൊറന്‍റോയിൽ നിന്നുള്ള മിഷേൽ ഫെയർ ബേർൺ എന്ന വനിതയാണ് ടിക് ടോക്കിലെ 75 ഹാർഡ് എന്ന ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്ന് അശുപത്രിയിലായത്. ഈ ചലഞ്ച് അനുസരിച്ച് ഒരാൾ 75 ദിവസത്തേക്ക് ദിവസം രണ്ടു നേരം കഠിനമായ വർക്ക് ഔട്ട് ചെയ്യുകയും കർശനമായ ഭക്ഷണ ക്രമം പാലിക്കുകയും ധാരാളം വെള്ളം കുടിക്കുകയും മദ്യം ഉപേക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിന് പുറമെ എതെങ്കിലും ഒരു ബുക്കിന്‍റെ 10 പേജ് വായിക്കുകയും ഓരോ ദിവസവും ഉണ്ടായ മാറ്റങ്ങളുടെ ചിത്രങ്ങളും എടുക്കണം.

മിഷേൽ ഫെയർ ബേർൺ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രതികരണ വീഡിയോയിൽ ആണ് അമിതമായ വെള്ളംകുടി കാരണം തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളേക്കുറിച്ച് വിശദമാക്കുന്നത്. ജലവിഷ ബാധ ഉണ്ടായതായാണ് യുവതി വിശദമാക്കുന്നത്. ഓക്കാനം, ക്ഷീണം, രാത്രി മുഴുവനുള്ള വയറിളക്കം, ആഹാരം കഴിക്കാൻ പറ്റാതെ അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. ചികിത്സ തേടിയെത്തിയ യുവതിക്ക് സോഡിയത്തിന്‍റെ അളവില്‍ കുറവ് അടക്കമുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയത്. ചികിത്സ ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യ സ്ഥിതിയെന്നും ഇവര്‍ പറയുന്നു.

ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ചലഞ്ചുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയതോടെ ദിവസം അരലിറ്റര്‍ വെള്ളം മാത്രം കുടിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ യുവതിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആൻഡി ഫ്രിസെല്ലയാണ് '75 ഹാർഡ്' ചലഞ്ചിന്‍റെ ഉപജ്ഞാതാവ്. ചില ഫിറ്റ്നെസ് വിദഗ്‌ധർ ഈ ചലഞ്ചിന്‍റെ തീവ്ര സ്വഭാവത്തെ വിമർശിക്കുന്നുമുണ്ട്. ഒരാളുടെ ശരീരം ശ്രദ്ധിക്കേണ്ടതിന്‍റെ പ്രാധാന്യവും ഇത്തരം ചലഞ്ചുകൾ ഏറ്റെടുക്കുമ്പോൾ അതിന്‍റെ അപകട സാധ്യതകൾ പരിഗണിക്കേണ്ടതിൻറെ അവശ്യവും വ്യക്തമാക്കുന്നതാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം