കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരിക്കെ കുഞ്ഞിന് ജന്മം നല്‍കിയ മുപ്പത്തിയഞ്ചുകാരി, ഒടുവില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. യുഎസിലെ ബ്രുക്ലൈനിലാണ് പൂര്‍ണ ആരോഗ്യവതിയായിരുന്ന അറോറ എസ്പാര്‍സ എന്ന യുവതി കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 

ജൂണ്‍ ആദ്യവാരമാണ് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറര മാസം ഗര്‍ഭിണിയായ എസ്പാര്‍സയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡാണെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോഴും എസ്പാര്‍സയും ഭര്‍ത്താവും ഒട്ടും ഭയന്നില്ല. 

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും ഒത്ത ശരീരവും ആരോഗ്യവുമുള്ള എസ്പാര്‍സയെ കൊവിഡ് കീഴടക്കുമെന്ന് ആരും കരുതിയതുമില്ല. എന്നാല്‍ വളരെ വൈകാതെ തന്നെ അവരുടെ ആരോഗ്യനില മോശമായിത്തുടങ്ങി. തുടര്‍ന്ന് എസ്പാര്‍സയെ വെന്റിലേറ്ററിലേക്ക് മാറ്റി. 

അപ്പോഴും ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു തന്റെ കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിച്ചുകൊണ്ട് എസ്പാര്‍സയുടെ ഭര്‍ത്താന് ജുവാന്‍ തുടര്‍ന്നത്. ഇതിനിടെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാമെന്നും അല്ലാത്ത പക്ഷം, കുഞ്ഞിന്റെ ജീവന് അത് അപകടമാണെന്നും ഡോക്ടര്‍മാര്‍ ജുവാനെ അറിയിച്ചു. അദ്ദേഹം അതിന് അനുമതിയും നല്‍കി. 

അങ്ങനെ വെന്റിലേറ്ററിലിരിക്കെ സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു. പൂര്‍ണ്ണവളര്‍ച്ചയെത്തിയിരുന്നില്ല എന്നതൊഴിച്ചാല്‍ അവള്‍ക്ക് മറ്റ് തകരാറുകള്‍ ഒന്നുമില്ലായിരുന്നു. ദിവസങ്ങളായി അബോധാവസ്ഥയില്‍ തുടര്‍ന്ന എസ്പാര്‍സ ഇതൊന്നുമറിഞ്ഞില്ല. 

സിസേറിയന്‍ കൂടി കഴിഞ്ഞതോടെ അവരുടെ നില കൂടുതല്‍ മോശമാവുകയും ചെയ്തു. ഞായറാഴ്ച അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തന്റെ കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണുക പോലും ചെയ്യാതെയാണ് എസ്പാര്‍സ മടങ്ങിയിരിക്കുന്നത്. 

'അവള്‍ ദൈവത്തിനൊപ്പം മറ്റൊരു ലോകത്തിലായിരിക്കും ഇപ്പോള്‍. അവിടെ അവള്‍ സന്തോഷവതിയായിരിക്കട്ടെ, എനിക്ക് എല്ലാവരോടുമായി പറയാനുള്ളത് മറ്റൊന്നുമല്ല, കൊവിഡ് 19 നമ്മള്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ എല്ലാം വളരെ ഗുരുതരമായ രോഗമാണ്. എസ്പാര്‍സയെ സംബന്ധിച്ച് അവള്‍ വളരെ ഹെല്‍ത്തിയായ ഒരു സ്ത്രീയായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ പോലും ഞങ്ങള്‍ തിരിച്ചുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല. അതിനാല്‍ സമയത്തിന് കൃത്യമായ ചികിത്സ- അത് എത്ര വിലപ്പെട്ടതാണെങ്കിലും രോഗിക്ക് നല്‍കാന്‍ പ്രിയപ്പെട്ടവര്‍ ശ്രമിക്കണം. രക്ഷപ്പെടുത്താന്‍ ഒരു ശതമാനം സാധ്യതയേ ഉള്ളൂവെങ്കില്‍ പോലും അത് നഷ്ടപ്പെടുത്തരുത്...' ജുവാന്‍ പറയുന്നു. 

Also Read:- മലപ്പുറത്ത് കൊവിഡ് ബാധിച്ച ഗർഭിണി അഞ്ചാം മാസത്തില്‍ പ്രസവിച്ചു; മൂന്ന് കുഞ്ഞുങ്ങളും മരിച്ചു...