Asianet News MalayalamAsianet News Malayalam

ക്യാൻസറിനെ കുറിച്ച് പരന്നിട്ടുള്ള തെറ്റിദ്ധാരണകളും നാം അറിയേണ്ട യാഥാര്‍ത്ഥ്യങ്ങളും...

''സാധാരണക്കാര്‍ക്കിടയില്‍ വളരെ വ്യാപകമായിട്ടുള്ള മറ്റു ചില തെറ്റിദ്ധാരണകള്‍ കൂടി നോക്കാം. അരി, പഞ്ചസാര, പാല്‍, മൈദ തുടങ്ങിയവയൊക്കെ ക്യാന്‍സറുണ്ടാക്കുന്നു എന്ന പ്രചാരണം ശക്തമാണ്...''

myths about cancer and its treatment explains by experienced oncologist
Author
First Published Feb 4, 2024, 12:43 PM IST

ക്യാൻസര്‍ രോഗത്തെക്കുറിച്ച് സമൂഹത്തിനുണ്ടാവേണ്ട ധാരണകളെക്കാള്‍ തെറ്റിദ്ധാരണകളാണ് വ്യാപകമായിട്ടുള്ളത്. മഞ്ഞള്‍ കലക്കിക്കുടിച്ചാലും നാരങ്ങാവെള്ളം ചൂടാക്കി കുടിച്ചാലുമൊക്കെ ക്യാന്‍സര്‍ ഭേദമാകുമെന്നു തുടങ്ങി നിരവധിയാണ് ക്യാന്‍സറുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങള്‍.

രോഗം നേരിടുന്നതില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. പലപ്പോഴും രോഗനിര്‍ണയവും ചികിത്സയും വൈകാന്‍ വരെ ഇത് കാരണമാകുന്നു. 

ക്യാന്‍സര്‍ ഒരു വധശിക്ഷയാണോ?

ക്യൻസര്‍ ഒരു ഗുരുതരമായ രോഗമാണെങ്കിലും രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള പുരോഗതിയും അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രോഗം കണ്ടെത്തുക എന്നത് അതിപ്രധാനമാണ്. പല അര്‍ബുദങ്ങളും ചികിത്സിക്കാവുന്നവയാണ്, പ്രത്യേകിച്ചും നേരത്തെ കണ്ടുപിടിക്കപ്പെട്ടാല്‍. ഭയം നിങ്ങള്‍ക്ക് തടസ്സമാകാന്‍  അനുവദിക്കരുത്. കൃത്യസമയത്ത് പ്രൊഫഷണല്‍ സഹായം തേടുകയാണ് നാം ചെയ്യേണ്ടത്.

ക്യാൻസര്‍ പകര്‍ച്ചവ്യാധിയാണോ?

ക്യാൻസര്‍ പകര്‍ച്ചവ്യാധിയല്ല. ഇത് നിങ്ങളുടെ സ്വന്തം കോശങ്ങള്‍ക്കുള്ളിലെ ജനിതകമാറ്റങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. സ്പര്‍ശനത്തിലൂടെയോ വായുവിലൂടെയോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പകരില്ല. ഈ മിഥ്യ പലപ്പോഴും രോഗികളെ സാമൂഹിക ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. അവരുടെ കഠിനാധ്വാനത്തിന് അനാവശ്യ സമ്മര്‍ദ്ദം നല്‍കുന്നു.

പ്രായമായവര്‍ക്ക് മാത്രമേ ക്യാന്‍സര്‍ വരൂ എന്നുണ്ടോ?

ക്യാന്‍സര്‍ ഏതു പ്രായത്തിലും ആരെയും ബാധിക്കാം, പ്രായത്തിനനുസരിച്ച് അപകടസാധ്യത വര്‍ധിക്കും. നിങ്ങളുടെ കുടുംബചരിത്രത്തെക്കുറിച്ചും നിങ്ങളുടെ പ്രായക്കാര്‍ക്കായി ശുപാര്‍ശ ചെയ്യുന്ന സ്‌ക്രീനിംഗ് ടെസ്റ്റുകളെക്കുറിച്ചും അറിഞ്ഞിരിക്കുക. ജാഗ്രതയാണ് ഏറ്റവും നല്ലത്.

ഇതര ചികിത്സകള്‍ ക്യാന്‍സര്‍ ഭേദമാക്കുമോ?

ചില കോംപ്ലിമെന്ററി തെറാപ്പികള്‍ ആശ്വാസം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുമെങ്കിലും, അവ ഒരിക്കലും പരമ്പരാഗതവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ക്യാന്‍സര്‍ ചികിത്സയ്ക്ക് പകരം വയ്ക്കരുത്. നിങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാപദ്ധതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യോഗ്യതയുള്ള ഒരു ഓങ്കോളജിസ്റ്റുമായി കൂടിയാലോചിക്കുന്നത് നിര്‍ണ്ണായകമാണ്.

സാധാരണക്കാര്‍ക്കിടയില്‍ വളരെ വ്യാപകമായിട്ടുള്ള മറ്റു ചില തെറ്റിദ്ധാരണകള്‍ കൂടി നോക്കാം. അരി, പഞ്ചസാര, പാല്‍, മൈദ തുടങ്ങിയവയൊക്കെ ക്യാന്‍സറുണ്ടാക്കുന്നു എന്ന പ്രചാരണം ശക്തമാണ്. ഇവ മൂലം നേരിട്ട് ക്യാന്‍സര്‍ ഉണ്ടാക്കുന്നതായി വ്യക്തമായ തെളിവുകളില്ലെങ്കിലും ഇവ മൂലം പരോക്ഷമായി ക്യാന്‍സര്‍ ഉണ്ടാവാനിടയുണ്ട്. കൂടുതല്‍ മധുരമുള്ളവ കഴിക്കുന്നത്, മൈദ ഉപയോഗിക്കുന്നത്, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത്, കലോറി കൂടുന്നത്, ഫാറ്റി ലിവര്‍ എന്നിവയെല്ലാം ക്യാന്‍സറിലേക്ക് നയിക്കാം

നിയന്ത്രണമാണ് വേണ്ടത്...

മൈദ, ഓയില്‍ എന്നിവ ഉപയോഗിച്ച് ഫ്രൈ ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളെക്കുറിച്ച് വിശദമായി നാം പഠിച്ചിട്ടില്ല. അതേ സമയം വയറ്റിലും കുടലിലുമുണ്ടാകുന്ന ക്യാന്‍സറുകള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇതിന് കാരണം ഒരു പക്ഷെ, ഇതൊക്കെയായിരിക്കാം. ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് പരമാവധി നിയന്ത്രിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഇക്കാര്യങ്ങളില്‍ വ്യക്തമായ പഠനങ്ങള്‍ വന്നിട്ടില്ലെന്നതാണ് വസ്തുത. ഉദാഹരണമായി, ഭക്ഷണത്തിനു ശേഷം ഐസ്‌ക്രീം കഴിക്കുന്നതിന് പകരം ഐസ്‌ക്രീം മാത്രമായി കഴിക്കുന്ന രീതി സ്വീകരിക്കുകയായിരിക്കും ഭേദം. ക്യാന്‍സറുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിറത്തിലുള്ള അരിയാണ് നല്ലത് എന്ന പ്രചാരണത്തില്‍ കഴമ്പില്ല. കുറഞ്ഞ ഉപ്പ്, കുറഞ്ഞ പഞ്ചസാര, കുറഞ്ഞ കലോറി എന്ന രീതി സ്വീകരിക്കുന്നത് ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ വളരെ സഹായിക്കും. കൂടുതല്‍ അളവില്‍ ഉപ്പ് ഉപയോഗിക്കുന്ന ഭക്ഷ്യസംസ്കാരമുള്ള രാജ്യങ്ങളില്‍ ആമാശയക്യാന്‍സര്‍ അധികമായി കാണുന്നുണ്ട്.

പലരും ചോദിക്കാറുള്ള കാര്യമാണ്, മദ്യപിക്കാറില്ല, അമിതമായി ഭക്ഷണമോ മറ്റോ കഴിക്കാറില്ല, എന്നിട്ടും എന്തുകൊണ്ടാണ് ക്യാന്‍സര്‍ വന്നതെന്ന്. ക്യാന്‍സര്‍ പ്രധാനമായി ഒരു ജനിതക രോഗമാണ്. നമ്മുടെ ജീനുകളുടെ മ്യൂട്ടേഷന്‍ മൂലമാണ് ക്യാന്‍സറുണ്ടാകുന്നത്. അതുകൊണ്ടു തന്നെ അതൊരു ജീവിതശൈലീ രോഗം മാത്രമാകുന്നില്ല. അതേസമയം ജനിതകമായ പ്രശ്‌നങ്ങളുള്ള ഒരാള്‍ക്ക് ജീവിത ശൈലിയില്‍ പ്രശ്‌നങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ അത് ക്യാന്‍സറായി രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനികള്‍ക്ക് ലിവര്‍ സിറോസിസ് വന്ന് പത്ത് വര്‍ഷം കഴിയുമ്പോള്‍ അത് ലിവര്‍ ക്യാന്‍സര്‍ ആയി മാറുന്നു. മദ്യപിക്കാത്തവരെയും ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് എന്നിവയെല്ലാം ബാധിക്കാറുണ്ട്.

പൊരിച്ചതിനെക്കാള്‍ അപകടം കരിച്ചത്...

ഇറച്ചി പൊരിക്കുന്നതിന് പകരം കരിക്കുന്നതിലൂടെ കാര്‍ബണ്‍ അകത്തു ചെല്ലുന്നത് കൂടുന്നത് ക്യാൻസര്‍ സാധ്യത കൂട്ടുന്നു. അതുപോലെ തൊണ്ടയിലോ, ശ്വാസകോശത്തിലോ ക്യാന്‍സര്‍ വരുന്നത് പുകവലി കൊണ്ട് മാത്രമല്ല. പ്രധാന കാരണം പുകവലി തന്നെയാണ്,  എന്നാല്‍ മറ്റ് കാരണങ്ങളുമുണ്ട്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് കൊണ്ട് തൊണ്ടയുടെ ഉള്ളിലും ലാരിംഗ്‌സിലും ക്യാന്‍സറുണ്ടാകാം. ഇതുതന്നെയാണ് ഗര്‍ഭാശയ-ഗള ക്യാന്‍സര്‍- സര്‍വിക്കല്‍- ക്യാൻസര്‍ ഉണ്ടാക്കുന്നതും. ഇത്തരത്തില്‍ സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വൈറസിനെ തടയാന്‍ വാക്‌സിനുകള്‍ നിലവിലുണ്ട്. 

സ്തനാര്‍ബുദം...

അനിയന്ത്രിതമായ കോശവളര്‍ച്ചയും അതോടൊപ്പം മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്ന് അവയെ നശിപ്പിക്കാനുള്ള കഴിവും ക്യാന്‍സര്‍ കോശങ്ങള്‍ക്കുണ്ട്. ഉദാഹരണത്തിന് സ്തനത്തില്‍ ഒരു മുഴ വന്നാല്‍ അത് കക്ഷത്തിലേക്കും പിന്നീട് ശ്വാസകോശത്തിലേക്കും, പിന്നീട് തലച്ചോറിലേക്കും ഒക്കെ പടരുന്നതുകൊണ്ടാണ് രോഗിയുടെ മരണത്തിലേക്ക് നീങ്ങുന്നത്. രോഗബാധയുടെ കാര്യം നോക്കിയാല്‍ പാരമ്പര്യവും ജനിതകവും രണ്ടാണ്. ചില കുടുംബങ്ങളില്‍ സ്തന, അണ്ഡാശയ ക്യാന്‍സര്‍ കൂടുതലായി കാണുന്നു. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളില്‍ ബ്രാക്കാ ജീന്‍ ടെസ്റ്റ് ചെയ്താല്‍ നേരത്തെ സ്തനാര്‍ബുദം വരാനുള്ള സാധ്യത കണ്ടെത്തി ചികിത്സ ചെയ്യാന്‍ സാധിക്കും. 

കേരളത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ വരുന്നതാണ് സ്തനാര്‍ബുദം. ഇതിനായി നടത്തുന്ന മാമോഗ്രാം പരിശോധനയില്‍ 0.1 സെന്റിഗ്രേഡ് റേഡിയേഷന്‍ മാത്രമാണ് സംഭവിക്കുന്നത്. 50 വയസ്സിലേറെ പ്രായമുള്ളവര്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും മാമോഗ്രാം ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദ്ദേശം. 

വേദനയില്ലാത്ത മുഴകളെ കരുതിയിരിക്കുക...

എന്തേ ചികിത്സ തേടി വരാന്‍ വൈകിയതെന്ന് ചോദിക്കുമ്പോള്‍ പലപ്പോഴും ഉത്തരം വേദനയൊന്നും ഇല്ലാത്തതുകൊണ്ട്, കുഴപ്പമൊന്നുമില്ല എന്ന് കരുതി എന്നായിരിക്കും. വേദനയുള്ള മുഴകളുമായാണ് ആളുകള്‍ പലപ്പോഴും വരാറുള്ളത്. വേദനയുള്ള മുഴകളും സിസ്റ്റുകള്‍ -ദശകള്‍- ഉള്ളതുകൊണ്ടാണ് രോഗികള്‍ പലപ്പോഴും ചികിത്സ തേടിവരാറുള്ളത്. വാസ്തവത്തില്‍ വേദനയുള്ള മുഴകളെയല്ല, പേടിക്കേണ്ടത്, വേദനയില്ലാത്ത മുഴകളെയാണ്. 

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ സ്തനാര്‍ബുദ ചികിത്സയില്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നല്ലൊരു ശതമാനം പേരിലും സ്തനം പൂര്‍ണമായി നീക്കം ചെയ്യേണ്ടിവരുന്നില്ല. അഞ്ച് സെന്റമീറ്ററില്‍ കൂടിയ സ്തനാര്‍ബുദമാണെങ്കില്‍ പോലും സ്തനം നീക്കം ചെയ്യാതെ സംരക്ഷിക്കാന്‍ സാധിക്കും. സ്തനം നിലനിര്‍ത്തി ശസ്ത്രക്രിയ നടത്തി റേഡിയേഷന്‍ കൂടി നല്‍കുന്നത് സ്തനം നീക്കം ചെയ്യുന്നത് ഒഴിവാക്കാന്‍ സഹായിക്കും. 

ക്യാന്‍സറുകളില്‍ ഏറ്റവും കൂടുതല്‍ റിസല്‍ട്ടുള്ളതാണ് സ്വനപേടക കാന്‍സര്‍. ഈ രോഗം വന്ന് ചികിത്സ തേടുന്നവരില്‍ 90 ശതമാനം പേരും റേഡിയേഷനിലൂടെ ആശ്വാസം നേടിയവരാണ്. സ്റ്റേജ് -4 ആണെങ്കില്‍ മാത്രമാണ് നാം ശസ്ത്രക്രിയ ചെയ്ത് അത് നീക്കം ചെയ്യേണ്ടി വരിക.

റേഡിയേഷന്‍ വേദനയുള്ള ചികിത്സയല്ല...

റേഡിയേഷന്‍ എന്നത് ഒരു വേദനയുള്ള ചികിത്സയല്ല. അത് നാം ഒരു മെഷിനു താഴെ പോയി കിടക്കുന്നു. എക്‌സ് റേ ഉപയോഗിച്ച് രോഗബാധിതമായ കോശങ്ങളെ കൊല്ലുന്നു എന്നു മാത്രമേയുള്ളൂ. ഇത് പൊള്ളലോ, കറണ്ടടിപ്പിക്കലോ, വേദനയോ ഉള്ള കാര്യമല്ല. ആളുകള്‍ക്ക് ഇതിനെക്കുറിച്ചുള്ള പേടിയാണ് റേഡിയേഷനില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണം. 
വളരെ സൂക്ഷ്മതയോടെ, സിടി സ്‌കാന്‍ പ്ലാനിംഗ് ഉപയോഗിച്ചാണ് റേഡിയേഷന്‍ നല്‍കുന്നത്. അതുകൊണ്ട് ഏതു ഭാഗത്താണോ ആവശ്യമുള്ളത് ആ ഭാഗത്തു മാത്രമേ റേഡിയേഷന്‍ ചെയ്യാറുള്ളൂ. ഇത് ഒരു ദിവസം കൊണ്ട് ചെയ്യുന്ന ചികിത്സയുമല്ല, സാധാരണഗതിയില്‍ നാലുമുതല്‍ ആറ് ആഴ്ച വരെ എടുക്കുന്ന ചികിത്സയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയില്‍ രോഗികള്‍ക്ക് കുറച്ച് വേദനയും തുപ്പല്‍ ഇറക്കാനുള്ള ബുദ്ധിമുട്ട് ഒക്കെയുണ്ടാകും. എന്നാല്‍ ഇതെല്ലാം കീമോതെറാപ്പി പോലെ താല്‍ക്കാലികമാണ്. മൂന്നോ നാലോ ആഴ്ചകള്‍ക്കു ശേഷം സ്വാഭാവികരീതിയിലേക്ക് മാറും.

കീമോതെറാപ്പിയെ ഭയപ്പെടേണ്ട...

രോഗികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ചികിത്സയാണ് കീമോതെറാപ്പി. ഇതുകൊണ്ട് മുടി നഷ്ടപ്പെടുകയും ദഹനക്കേടുമെല്ലാം ഉണ്ടാകുമെങ്കിലും ആറു മാസത്തിനുള്ളില്‍ അതെല്ലാം സ്വാഭാവികനിലയിലേക്ക് വരും. ഇവിടെ ഡോക്ടര്‍മാര്‍ പറയുന്നതിനെക്കാള്‍ ജനങ്ങള്‍ക്ക് ഭയപ്പാട് മാറാന്‍ രോഗശമനം നേടിയവര്‍ തന്നെ ഇക്കാര്യം പൊസിറ്റീവ് ആയി പറയുന്നത് നല്ല ഗുണം ചെയ്യും. റേഡിയോതെറാപ്പി ചികിത്സയെടുത്തവരില്‍ ചെറിയൊരു ശതമാനം ആളുകളില്‍ എട്ടോ പത്തോ വര്‍ഷത്തിനു ശേഷം സെക്കന്റ് ക്യാന്‍സറിനു സാധ്യതയുണ്ട്. എങ്കിലും രോഗശമനത്തിന്റെ കുറച്ചു നല്ല വര്‍ഷങ്ങള്‍ ലഭിക്കുന്നു എന്നത് വളരെ പ്രധാനമാണ്. 

ഓര്‍മ്മിക്കുക, അറിവാണ് ശക്തി. ക്യാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള അനേകം തെറ്റിദ്ധാരണകളില്‍ ചിലത് മാത്രമാണിത്. സ്വയം പഠിക്കുന്നതിലൂടെ, നമുക്ക് ഈ മിഥ്യകളെ വെല്ലുവിളിക്കാനും നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാനും ഈ രോഗത്തോട് പോരാടുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും കഴിയും. നമുക്കൊരുമിച്ച് മൗനം വെടിയാം, മിഥ്യാധാരണകളെ തകര്‍ക്കാം, അറിവും പ്രതീക്ഷയും സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായവും നല്‍കി ക്യാന്‍സറിനെ നേരിടാന്‍ നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും പ്രാപ്തരാക്കാം.

ലേഖനം: ഡോ. സുറിജ് സാലിഹ്
സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്,
സ്റ്റാര്‍കെയര്‍ ഹോസ്പിറ്റൽ, 
കോഴിക്കോട്

Follow Us:
Download App:
  • android
  • ios