ജീവിതശൈലിയിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം, ശ്വാസകോശത്തെ സംരക്ഷിക്കാനും ശ്വാസകോശ രോഗങ്ങളിൽ നിന്നുള്ള ലക്ഷണങ്ങളും കേടുപാടുകളും കുറയ്ക്കാനും സഹായിക്കുമെന്നും ന്യൂട്രിയന്റ്സിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. സിഗരറ്റ് പുക, പാരിസ്ഥിതിക വിഷവസ്തുക്കൾ, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ സാധാരണ ദോഷകരമായ ഘടകങ്ങൾ ശ്വാസകോശത്തെ തകരാറിലാക്കും. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD), പൾമണറി ഫൈബ്രോസിസ് തുടങ്ങിയ അവസ്ഥകളും ജീവിത നിലവാരം കുറയ്ക്കും.
ജീവിതശൈലിയിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം, ശ്വാസകോശത്തെ സംരക്ഷിക്കാനും ശ്വാസകോശ രോഗങ്ങളിൽ നിന്നുള്ള ലക്ഷണങ്ങളും കേടുപാടുകളും കുറയ്ക്കാനും സഹായിക്കുമെന്നും ന്യൂട്രിയന്റ്സിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ലളിതമായ മാറ്റങ്ങൾ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുകയും മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യും. ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ ശ്വാസകോശത്തിന് വളരെ നല്ലതാണ്, കാരണം ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (സി, ഇ, ബീറ്റാ കരോട്ടിൻ) എന്നിവ വീക്കം ചെറുക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ആസ്ത്മ, സിഒപിഡി പോലുള്ള ശ്വസന പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
നട്സ്
ബദാം, വാൾനട്ട്, ഹാസൽനട്ട് എന്നിവയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശ സ്തരങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ദിവസവും ഒരു ചെറിയ പിടി നട്സ് കഴിക്കുന്നത് വായു മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.
മഞ്ഞൾ
ഭക്ഷണത്തിൽ മഞ്ഞളോ ഇഞ്ചിയോ ചേർക്കുന്നത് വളരെ ഗുണം ചെയ്യും. ഈ സുഗന്ധവ്യഞ്ജനങ്ങൾ രുചി മാത്രമല്ല നൽകുന്നത്; അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഫലങ്ങളുമുണ്ട്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുകയും ശ്വാസകോശാരോഗ്യത്തിനും സഹായിക്കുന്നു.
മത്സ്യങ്ങൾ
സാൽമൺ, സാർഡിൻ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും. ഈ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവയിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.


