നമ്മുടെ സമൂഹത്തില്‍ പലപ്പോഴും ഉപദേശം നാലുപാടുനിന്നും സൗജന്യമായി ലഭിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തില്‍ 'ഔദ്യോഗിക ഉപദേശം' നല്‍കുന്നത് പലപ്പോഴും സുഹൃത്ത്, അയല്‍വാസി, കുടുംബാംഗം, എന്നിവരോ അതുമല്ലെങ്കില്‍ 'ഗൂഗ്ള്‍' ഒക്കെയായിരിക്കും. ദീര്‍ഘകാലം മരുന്നുകഴിച്ചാലുണ്ടാകുന്ന അപായം ചൂണ്ടിക്കാട്ടി അവര്‍ പലപ്പോഴും ബദല്‍ ചികിത്സാ മാര്‍ഗ്ഗങ്ങളായിരിക്കും നിര്‍ദ്ദേശിക്കുക.

ഇന്ന്, ഫെബ്രുവരി 13 അന്താരാഷ്ട്ര അപസ്മാര ദിനമാണ്. ലോകമെങ്ങും അമ്പത് ദശലക്ഷം മനുഷ്യരെ ബാധിച്ചിട്ടുള്ള അസുഖമാണ് അപസ്മാരം. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും ഇടത്തരം സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലുള്ളവരാണ്. തലച്ചോറിലെ കോശങ്ങളുടെ തകരാറുമൂലം ഇടയ്ക്കിടെ വൈദ്യുതി തരംഗങ്ങള്‍ ഉണ്ടാകുകയും അതുമൂലം കൈകാലുകളുടെ ചലനങ്ങള്‍, ഒരുവശത്തുണ്ടാകുന്ന തരിപ്പ്, പെരുമാറ്റത്തിലോ സംസാരത്തിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങി പലവിധത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരാണ് അപസ്മാര രോഗികള്‍.

കഴിഞ്ഞ കുറച്ചു ദശകങ്ങളായി അപസ്മാരത്തെക്കുറിച്ചുള്ള അറിവുകളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയത്തിലും ചികിത്സാരീതികളിലുമെല്ലാം നിര്‍ണ്ണായകമായ മാറ്റങ്ങളാണ് ഉണ്ടായത്. അപസ്മാര രോഗികളില്‍ മൂന്നില്‍ രണ്ടുഭാഗം പേര്‍ക്കും അനുയോജ്യമായ ചികിത്സകളിലൂടെ ചുഴലി അഥവാ അപസ്മാരം സംഭവിക്കുന്നതില്‍ നിന്ന് മോചനം ലാഭിക്കാം. സര്‍വ്വോപരി 'എപ്പിലെപ്റ്റോളജി' എന്ന പഠനശാഖ കൂടുതല്‍ ശക്തമായി വളരുകയും പുതിയ ചികിത്സാരീതികള്‍ വികസിച്ചുവരികയും ചെയ്തു. അതേസമയം അപസ്മാര ചികിത്സയില്‍ പുതിയതല്ലാത്ത, ആദ്യകാല വെല്ലുവിളികളില്‍ ചിലത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഇവയില്‍ അധികവും കാഴ്ചപ്പാടുകളുടെയും മാനസികാവസ്ഥകളുടെയും മാറ്റം സംഭവിക്കാത്തതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ്. 

ചികിത്സയെക്കുറിച്ചുള്ള ഭയവും ആശങ്കകളും...

മറ്റേതൊരു ചികിത്സാശാഖയെക്കാള്‍ കൂടുതല്‍ അപസ്മാര രോഗാവസ്ഥകളെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നത് മോഡേണ്‍ മെഡിസിന് തന്നെയാണ്. രോഗിയുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെടുത്തി, ശാസ്ത്രീയമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമാണ് രോഗനിര്‍ണ്ണയവും ചികിത്സാരീതികളും. അപസ്മാരരോഗിയുടെ പ്രായം, ലിംഗം, ശരീരഭാരം, ഏതു ഉപവിഭാഗത്തില്‍ പെട്ട രോഗമാണ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഏതെങ്കിലും ഒരു പ്രത്യേക മരുന്നോ മരുന്നുകളുടെ കോമ്പിനേഷനോ നല്‍കുന്നത്. രോഗിക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രതികൂലഫലങ്ങള്‍ ഒഴിവാക്കാനായി ഡോസ് നിയന്ത്രിച്ചുകൊണ്ടുള്ള മരുന്നുകളാണ് നിര്‍ദ്ദേശിക്കാറുള്ളത്.

അധികം രോഗികളുടെ കാര്യത്തിലും പുതിയ മരുന്നുകള്‍ നല്കുമ്പോള്‍ അപൂര്‍വ്വമായോ പറയത്തക്കവിധം ഇല്ലാത്ത രൂപത്തിലോ മാത്രമേ പാര്‍ശ്വഫലങ്ങള്‍ കാണിക്കാറുള്ളൂ. ഗൗരവമായ തോതില്‍ മരുന്നുകളുടെ റിയാക്ഷന്‍ സംഭവിക്കുന്നത് വളരെ അപൂര്‍വ്വമാണ്. ജനങ്ങള്‍ ഭയപ്പെടുന്ന ഈ പാര്‍ശ്വഫലമുണ്ടാക്കുന്നതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് മടങ്ങ് അപകടകരമാണ് അപസ്മാരം ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നത്.

ഉപദേശികളുടെ ആധിക്യം...

നമ്മുടെ സമൂഹത്തില്‍ പലപ്പോഴും ഉപദേശം നാലുപാടുനിന്നും സൗജന്യമായി ലഭിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തില്‍ 'ഔദ്യോഗിക ഉപദേശം' നല്‍കുന്നത് പലപ്പോഴും സുഹൃത്ത്, അയല്‍വാസി, കുടുംബാംഗം, എന്നിവരോ അതുമല്ലെങ്കില്‍ 'ഗൂഗ്ള്‍' ഒക്കെയായിരിക്കും. ദീര്‍ഘകാലം മരുന്നുകഴിച്ചാലുണ്ടാകുന്ന അപായം ചൂണ്ടിക്കാട്ടി അവര്‍ പലപ്പോഴും ബദല്‍ ചികിത്സാ മാര്‍ഗ്ഗങ്ങളായിരിക്കും നിര്‍ദ്ദേശിക്കുക. നിങ്ങളുടെ ആരോഗ്യാവസ്ഥ നിങ്ങളുടെ ഡോക്ടര്‍മാരുമായോ അടുത്ത കുടുംബാംഗങ്ങളുമായോ മാത്രം ചര്‍ച്ച ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ഓര്‍ക്കുക, അവര്‍ മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശീലനം നേടിയ ശേഷമാണ്.

മനുഷ്യനിര്‍മിത തടസ്സങ്ങളും വിവാഹത്തിനുള്ള ബുദ്ധിമുട്ടുകളും...

കാലങ്ങളോളമായി അപസ്മാര രോഗത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണകളും മൂലം ലക്ഷ്യബോധത്തോടെ സമ്പൂര്‍ണ്ണമായി ജീവിതം നയിക്കാനാവാത്ത സ്ഥിതി വിശേഷം ഇപ്പോഴും വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപസ്മാരമുള്ള കുട്ടികള്‍ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിന് യാതൊരു തടസ്സവുമില്ല. അധികം പേര്‍ക്കും രക്ഷിതാക്കളുടെ നിരന്തരമായ നിരീക്ഷണവും ആവശ്യമില്ല. അവര്‍ക്ക് ഏതു വിധത്തിലുള്ള വിദ്യാഭ്യാസവും തൊഴില്‍ രംഗവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവരുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുകയാണ് വേണ്ടത്.

ഭൂരിപക്ഷം അപസ്മാര രോഗികള്‍ക്കും വിവാഹം ചെയ്യുകയോ കുട്ടികളുണ്ടാകുകയോ ആകാം. ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുന്നത് ഒഴിവാക്കാനായി രോഗവിവരം മുന്‍കൂട്ടി അറിയിക്കണമെന്ന് മാത്രം. ഇത് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ വഴിയും അറിയിക്കാം. ശക്തമായി വരുന്ന ബോധവത്കരണ ശ്രമങ്ങളിലൂടെയും പുതുതലമുറ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയും പതുക്കെപ്പതുക്കെ ഈ തടസ്സങ്ങള്‍ മാറി വരുന്നുണ്ട്.

ലളിതമായ ചികിത്സയും അപസ്മാരത്തിന്റെ വിരോധാഭാസവും...

താരതമ്യേന ഗൗരവം കൂടിയ അപസ്മാര രോഗം ഉള്ളവരാണ് കുറഞ്ഞ അപകടമുണ്ടാക്കുന്ന രോഗാവസ്ഥയുള്ളവരെക്കാള്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നതെന്നത് ഒരു വിരോധാഭാസമാണ്. കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കുന്നത്, ഗാഡ്ജറ്റ് ഉപയോഗം, ദൈനംദിന ചികിത്സ എന്നിവയോടുള്ള ഗൗരവമില്ലാത്ത സമീപനം കാരണമാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ഒരു മരുന്ന് മാത്രം കഴിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോഴാകട്ടെ, ഈ രോഗികളോ കുടുംബാംഗങ്ങളോ പലപ്പോഴും അസംതൃപ്തരാണ് താനും. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് നിര്‍ത്തുകയോ മറ്റു ചികിത്സാരീതികളിലേക്ക് പോകുകയോ ചെയ്യുകയാണ് പലപ്പോഴും അവര്‍ ചെയ്യുക.

അപസ്മാരത്തില്‍ നിന്ന് മുക്തി നേടുന്നതിനുള്ള തടസ്സം...

അപസ്മാര രോഗത്തിനുള്ള ചികിത്സയില്‍ പ്രധാനം അപസ്മാരം ഉണ്ടാകുന്നതില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടുക എന്നതു തന്നെയാണ്. മരുന്നുകള്‍ കഴിക്കുന്നതിലൂടെ ഇത് സാധ്യമാണ്. എന്നാല്‍ ചില രോഗികള്‍ക്ക് ഇത് ഫലപ്രദമാകാതെ വന്നാല്‍ കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ രോഗിക്ക് അപസ്മാരം സംഭവിക്കുന്നത് തത്സമയം തന്നെ രേഖപ്പെടുത്തുന്ന വിഡിയോ ഇ.ഇ.ജി (Video EEG) ടെസ്റ്റ് സാധാരണയായി നടത്താറുണ്ട്. ഇതിന് പിറകെ തലച്ചോറിന്‍റെ എം ആര്‍ ഐ, തലച്ചോറിന്റെ പെറ്റ് സ്റ്റഡി തുടങ്ങിയ എപ്പിലെപ്സി പ്രോട്ടോക്കാളുകളും പാലിക്കാറുണ്ട്.

അസാധാരണമായ വിധത്തിലുണ്ടാകുന്ന അപസ്മാരം മൂലം നിശ്ചിതഭാഗം തലച്ചോറില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന സാഹചര്യങ്ങളില്‍ സൂക്ഷ്മമായ ടെസ്റ്റുകള്‍ക്കും വിലയിരുത്തലിനും ശേഷം എപ്പിലെപ്സി സര്‍ജറിയും രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. അപ്സമാര രോഗമുക്തിക്കുള്ള സാധ്യത ഏറെയുണ്ടായിട്ടും അത് സ്വീകരിക്കാനുള്ള ഒരു മടി ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. ഏതു ഘട്ടത്തിലും പൂര്‍ണ്ണമായ അപസ്മാര രോഗമുക്തി സാധ്യമാണെന്ന് ഉറപ്പുനല്‍കുകയാണ് ഒരു മികച്ച എപ്പിലെപ്സി ചികിത്സാ കേന്ദ്രത്തിന്‍റെ പ്രസക്തി.

ലേഖനം തയ്യാറാക്കിയത് : ഡോ. സച്ചിന്‍ സുരേഷ് ബാബു
സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ആന്‍റ് ന്യൂറോളജി വിഭാഗം മേധാവി,
സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ന്യൂറോസയന്‍സസ്, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്