Asianet News MalayalamAsianet News Malayalam

Nail Care : നഖം നോക്കി അസുഖങ്ങള്‍ മനസിലാക്കാം; അറിയേണ്ടതെല്ലാം...

ശരീരം നല്‍കുന്ന ചില സൂചനകള്‍ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും പല അസുഖങ്ങൡലേക്കും വെളിച്ചം വീശുന്നതായിരിക്കാം. അത്തരത്തിലൊരു പ്രശ്‌നമാണ് നഖങ്ങളില്‍ പ്രകടമാകുന്ന ഘടനാപരമായ മാറ്റങ്ങള്‍
 

nail health can indicate many diseases
Author
Trivandrum, First Published Dec 18, 2021, 9:35 PM IST

നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളികളാവുന്ന പ്രശ്‌നങ്ങള്‍ ( Health Issues ), വിവിധ അസുഖങ്ങള്‍ ( Diseases ) എന്നിവയെല്ലാം ഉണ്ടാകുമ്പോള്‍ ശരീരം തന്നെ പല രീതിയില്‍ അതിന്റെ സൂചനകള്‍ നല്‍കാം. പൊതുവേ ഓരോ അസുഖങ്ങള്‍ക്കും അതിന്റേതായ രോഗലക്ഷണങ്ങളും ( Symptoms) കാണാം. 

എന്നാല്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും പല അസുഖങ്ങൡലേക്കും വെളിച്ചം വീശുന്നതായിരിക്കാം. അത്തരത്തിലൊരു പ്രശ്‌നമാണ് നഖങ്ങളില്‍ പ്രകടമാകുന്ന ഘടനാപരമായ മാറ്റങ്ങള്‍. നഖങ്ങളില്‍ നിറവ്യത്യാസം, വരകള്‍, പൊട്ടല്‍ എന്നിങ്ങനെയുള്ള ഓരോ സവിശേഷതയ്ക്കും കാരണങ്ങളുണ്ടാകാം. അത്തരത്തില്‍ അറിയേണ്ട ചിലത്...

നഖങ്ങളുടെ അറ്റം...

ആരോഗ്യകരമായ ശാരീരികാവസ്ഥയുള്ള ആളുകളില്‍ നഖങ്ങളുടെ അറ്റം അര്‍ധചന്ദ്രാകൃതിയിലാണ് കാണപ്പെടേണ്ടത്. ഇങ്ങനെയല്ല കാണപ്പെടുന്നത് എങ്കില്‍ അത് പോഷകാഹാരക്കുറവ്, വിഷാദരോഗം, വിളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുടെ ഭാഗമാകാം. എപ്പോഴും ക്ഷീണം, ഉത്കണ്ഠ, തലകറക്കം എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുക. 

നഖങ്ങളില്‍ മഞ്ഞനിറം...

സാധാരണഗതിയില്‍ നഖങ്ങള്‍ പരുക്കനായി ഇരിക്കുകയില്ല. ചെറിയ ചുവപ്പ് നിറം കലര്‍ന്നാണ് കാണേണ്ടും. എന്നാല്‍ ചിലരില്‍ ഇത് വിളര്‍ത്തും മഞ്ഞനിറത്തിലും കാണാറുണ്ട്. ഇത് കരള്‍, വൃക്ക, ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളെ സംബന്ധിക്കുന്ന തകരാറിനെയോ, വിളര്‍ച്ചയെയോ പോഷകാഹാരക്കുറവിനെയോ സൂചിപ്പിക്കുന്നതാകാം. 

nail health can indicate many diseases

അതുപോലെ 'ക്രോണിക് ബ്രോങ്കൈറ്റിസ്', തൈറോയ്ഡ്, ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, സോറിയാസിസ് എന്നീ പ്രശ്‌നങ്ങളുടെ ഭാഗമായും ഇത് വരാം. 

നഖത്തില്‍ വരകള്‍...

ചിലരില്‍ പരമ്പരാഗതമായ കാരണങ്ങളാല്‍ നഖങ്ങളില്‍ വരകള്‍ ഉണ്ടാകാറുണ്ട്. ഇത് ആദ്യഘട്ടത്തില്‍ നേര്‍ത്തതും പിന്നീട് പ്രായം ഏറും തോറും കട്ടി കൂടിവരുന്നതും ആകാം. ഇതല്ലാതെ നഖത്തില്‍ നീളത്തിലും കുറുകെയും വരകള്‍ വീഴുന്നത് സോറിയാസിസ്, ആര്‍ത്രൈറ്റിസ്, വൃക്ക രോഗം, എല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാകാം. നഖത്തില്‍ കുറുകെയുള്ള വരകളാണ് കൂടുതല്‍ പ്രശ്‌നം. ഇത് വൃക്ക രോഗത്തെ സൂചിപ്പിക്കുന്നതാകാം. 

നഖം പൊട്ടുന്നത്...

ചിലരില്‍ ഇടവിട്ട് നഖം പൊട്ടിപ്പോകാറുണ്ട്. തൈറോയ്ഡിന്റെയോ ഫംഗല്‍ അണുബാധയുടെയോ ഭാഗമായി ഇങ്ങനെ സംഭവിക്കാം. അതുപോലെ ്അമിതമായി നനവ് കൊള്ളുക, കെമിക്കലുകളുടെ ഉപയോഗം (നെയില്‍ പോളിഷ്, നെയില്‍ പോളിഷ് റിമൂവര്‍ എന്നിവയെല്ലാം ഉദാഹരണമാണ്) എന്നിവയും നഖം കൂടെക്കൂടെ പൊട്ടാനിടയാക്കും. 

നഖത്തില്‍ വെള്ള കുത്തുകള്‍...

ചിലരുടെ നഖത്തില്‍ വെള്ളനിറത്തില്‍ കുത്തുകളോ വരകളോ കാണാറുണ്ട്. ഇത് അധികവും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവാണ് സൂചിപ്പിക്കുന്നത്. അത്ര ഗൗരവമായൊരു പ്രശ്‌നമല്ല ഇത്. എന്നാല്‍ പിന്നീട് ഡയറ്റ് മെച്ചപ്പെടുത്തേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം ഭാവിയില്‍ കൂടുതല്‍ വിഷമതകളുണ്ടാകാം. 

nail health can indicate many diseases

നഖത്തില്‍ ചിതറിയ പോലെ ധാരാളം വെള്ള വരകളോ കുത്തുകളോ കാണുന്നത് അലര്‍ജിയുടെയോ ഫംഗല്‍ ബാധയുടെയോ ഭാഗമാകാം. 

നഖത്തില്‍ കറുപ്പ്...

സാധാരണഗതിയില്‍ നഖത്തില്‍ കറുപ്പോ കറുത്ത വരകളോ ഉണ്ടാകുന്നത് ഏതെങ്കിലും തരത്തിലുള്ള പരിക്കുകളുടെ ഭാഗമായോ അവയുടെ അവശേഷിപ്പായോ എല്ലാമാണ്. ചില സന്ദര്‍ഭങ്ങളില്‍ 'മെലനോമ' എന്ന ക്യാന്‍സറിന്റെ സൂചനയായും ഇതുണ്ടാകാം. അതിനാല്‍ ദീര്‍ഘകാലം ഈ നിറവ്യത്യാസം കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുക.

Also Read:- ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios