മൂക്കിലൂടെ വാക്സിനെടുക്കുമ്പോള്‍ ഉള്ള ഗുണമെന്തെന്നാല്‍ വൈറസ് പ്രധാനമായും ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ മൂക്കിലൂടെയാണ്. ഇവിടെ വച്ച് തന്നെ വൈറസിനെ പിടിച്ചുകെട്ടാൻ സാധിച്ചാല്‍ അത് രോഗം പിടിപെടുന്നതില്‍ നിന്നും അത് തീവ്രമാകുന്നതില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്തുന്നു. ഇതുവഴി രോഗവ്യാപനവും വലിയ രീതിയില്‍ നിയന്ത്രിതമാക്കാൻ സാധിക്കും. 

കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ഇപ്പോഴും രോഗവ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ എന്ന വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് നിലവില്‍ ഏറെയും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. 

കൊവിഡിനെതിരായ വാക്സിനുകള്‍ ഇതിനിടെ തന്നെ എല്ലാ രാജ്യങ്ങളിലും ലഭ്യമായിത്തുടങ്ങിയതാണ്. എങ്കിലും രോഗതീവ്രത കുറയ്ക്കുന്നതിന് മാത്രമാണ് ഇവ സഹായകമായത്. അത് വലിയ ആശ്വാസം തന്നെയാണ് നല്‍കുന്നത്. 

ഇപ്പോഴിതാ മൂക്കിലൂടെ എടുക്കാവുന്ന കൊവിഡ് വാക്സിൻ ആണ് ചര്‍ച്ചയാകുന്നത്. ഇന്ത്യയും ചൈനയുമാണ് ആദ്യമായി ഇത്തരത്തില്‍ കൊവിഡ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഇന്ത്യയിലാണെങ്കില്‍ പരിമിതമായ രീതിയില്‍ ഉപയോഗിക്കാനേ അനുമതി നല്‍കിയിട്ടുള്ളൂ. 

ഇന്ത്യയില്‍ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക് ആണ് നേസല്‍ കൊവിഡ് (മൂക്കിലൂടെ എടുക്കുന്ന ) വികസിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് അടിയന്തകരഘട്ടങ്ങളില്‍ ഉപയോഗിക്കാനെന്ന മാനദണ്ഡത്തില്‍ ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നേസല്‍ വാക്സിൻ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഇനി വലിയ പങ്ക് വഹിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് കുറച്ചുകൂടി വ്യക്തത വന്നെങ്കില്‍ മാത്രമേ അനുമതി നല്‍കാൻ സാധിക്കൂവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

മൂക്കിലൂടെ വാക്സിനെടുക്കുമ്പോള്‍ ഉള്ള ഗുണമെന്തെന്നാല്‍ വൈറസ് പ്രധാനമായും ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ മൂക്കിലൂടെയാണ്. ഇവിടെ വച്ച് തന്നെ വൈറസിനെ പിടിച്ചുകെട്ടാൻ സാധിച്ചാല്‍ അത് രോഗം പിടിപെടുന്നതില്‍ നിന്നും അത് തീവ്രമാകുന്നതില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്തുന്നു. ഇതുവഴി രോഗവ്യാപനവും വലിയ രീതിയില്‍ നിയന്ത്രിതമാക്കാൻ സാധിക്കും. 

ഇപ്പോള്‍ ലോകത്താകെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെയും കൊവിഡ് മരണങ്ങളുടെയും കണക്ക് പരിശോധിക്കുമ്പോള്‍ വലിയ കുറവ് കാണുന്നുണ്ട്, അത് ആശ്വാസം പകരുന്നതാണ്. എന്നാല്‍ ഇക്കാരണം കൊണ്ട് കൊവിഡ് നാമാവശേഷമാകുന്നു എന്ന് ചിന്തിക്കുന്നത് അപകടമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം പറയുന്നു. ഒമിക്രോണിന്‍റെ തന്നെ ഡസനിലധികം വകഭേദങ്ങള്‍ നിലവില്‍ രോഗം പടര്‍ത്തുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇനിയും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വകഭേദങ്ങള്‍ വന്നാലൊരുപക്ഷേ, രോഗതീവ്രത വീണ്ടും വര്‍ധിക്കാനോ, ശക്തമായ തരംഗങ്ങള്‍ ഉണ്ടാകാനോ ഉള്ള സാധ്യതയെ ഇപ്പോഴും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല എന്നതാണ് സത്യം. 

Also Read:- കൊവിഡിന് ശേഷം ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങള്‍