കീമോതെറാപ്പി, റേഡിയേഷൻ അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ കഴിഞ്ഞാലും ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് ഏറെ സമയമെടുക്കാം.

ക്യാൻസർ ചികിത്സ പൂർത്തിയാകുന്നത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസവും നേട്ടവുമാണ്. എന്നാൽ ചികിത്സയ്ക്ക് ശേഷമുള്ള ജീവിതം അത്ര ലളിതമായിരിക്കില്ല. കീമോതെറാപ്പി, റേഡിയേഷൻ അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ കഴിഞ്ഞാലും ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് ഏറെ സമയമെടുക്കാം. രോഗം വീണ്ടും വരുമോയെന്ന ഭയം, ജോലിയിലേക്ക് തിരികെ പ്രവേശിക്കൽ, സാധാരണ ജീവിതവുമായി പൊരുത്തപ്പെടൽ എന്നിവ പലരിലും ആശങ്കകൾ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിൽ, ക്യാൻസർ അതിജീവിച്ചവരുടെ ദീർഘകാല ആരോഗ്യത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള 'സർവൈവർഷിപ്പ് കെയറിന്' (Survivorship Care) ഇന്ന് മെഡിക്കൽ രംഗത്ത് വലിയ പ്രാധാന്യമാണ് നൽകുന്നത്. ക്യാൻസർ അതിജീവിച്ചവർ കൂടുതൽ കാലം ജീവിക്കുക എന്നത് മാത്രമല്ല, മെച്ചപ്പെട്ട ജീവിതം നയിക്കുക എന്നത് കൂടിയാണ് സർവൈവർഷിപ്പ് കെയറിന്റെ ലക്ഷ്യം. സുഗമമായ ഒരു രണ്ടാം വരവിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പരിശോധനകൾ മുടക്കരുത്

ചികിത്സ കഴിഞ്ഞാൽ പിന്നെ ഡോക്ടറെ കാണേണ്ടതില്ലെന്ന് പലരും തെറ്റായി ധരിക്കാറുണ്ട്. എന്നാൽ രോഗം വീണ്ടും വരാനുള്ള സാധ്യത നിരീക്ഷിക്കാനും, ചികിത്സയുടെ ദീർഘകാല പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യാനും കൃത്യമായ പരിശോധനകൾ അനിവാര്യമാണ്. ക്ഷീണം, വേദന, ഉറക്കക്കുറവ്, ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കും.

2. വിട്ടുമാറാത്ത ക്ഷീണം അവഗണിക്കരുത്

ക്യാൻസർ ചികിത്സയ്ക്ക് ശേഷം കാണപ്പെടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് കടുത്ത ക്ഷീണമാണ്. ചികിത്സയ്ക്കിടയിൽ 80 ശതമാനം പേർക്കും, ചികിത്സ കഴിഞ്ഞ് മാസങ്ങളോ വർഷങ്ങളോ പിന്നിടുമ്പോൾ മൂന്നിലൊന്ന് പേർക്കും ഇത് അനുഭവപ്പെടാം. ഇത് ശ്രദ്ധക്കുറവിനും കാരണമാകാം. വ്യായാമം, നല്ല ഭക്ഷണം, കൃത്യമായ ഉറക്കം എന്നിവയിലൂടെ മാത്രമേ ഊർജ്ജസ്വലത തിരിച്ചുപിടിക്കാനാകൂ.

3. ശാരീരികവും മാനസികവുമായ മാറ്റങ്ങൾ

കീമോതെറാപ്പിയും സർജറിയും കാരണം പേശീബലക്കുറവ്, കൈകാലുകളിൽ തരിപ്പ്, ചലനപരിമിതികൾ എന്നിവ ഉണ്ടായേക്കാം. ഇതോടൊപ്പം ഓർമ്മക്കുറവ്, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാം. ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താനാകുമോ എന്ന ആശങ്കയും മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു.

ജീവിതം സാധാരണ നിലയിലാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  1. ജോലിക്ക് തിരികെ പ്രവേശിക്കുമ്പോൾ

ജോലിക്ക് തിരികെ പ്രവേശിക്കുമ്പോൾ തുടക്കത്തിൽ തന്നെ മുഴുവൻ സമയ ജോലി ചെയ്യുന്നതിന് പകരം ചെറിയ രീതിയിൽ ജോലികൾ ചെയ്തു തുടങ്ങാം. ശരീരത്തിനും മനസ്സിനും പൊരുത്തപ്പെടാൻ ഇത് സമയം നൽകും.

2. തുറന്ന ആശയവിനിമയം

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ തൊഴിലുടമയോടോ സഹപ്രവർത്തകരോടോ സംസാരിച്ച് ആവശ്യമായ ഇളവുകൾ വാങ്ങുന്നത് ജോലിസ്ഥലത്തെ സമ്മർദ്ദം കുറയ്ക്കും.

3. വ്യായാമം ശീലമാക്കുക

നടത്തം, യോഗ തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ ക്ഷീണം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

4. മാനസിക പിന്തുണ തേടുക

ആശങ്കകൾ മറികടക്കാൻ ആവശ്യമെങ്കിൽ കൗൺസിലിംഗ് സഹായം തേടാം.

5. ജീവിതശൈലിയും പ്രധാനം

ആരോഗ്യകരമായ ഭക്ഷണരീതിയാണ് രോഗമുക്തിക്ക് ഏറ്റവും പ്രധാനം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത് പ്രതിരോധശേഷി കൂട്ടാനും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും. പുകയിലയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും വേണം.