Asianet News MalayalamAsianet News Malayalam

മരുന്നില്ലാതെ രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം; നിങ്ങൾ ചെയ്യേണ്ടത്...

ക്രമം തെറ്റിയ ആഹാര ശീലങ്ങളും മാറിയ ജീവിതശൈലികളുമാണ് രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. മലയാളികളിൽ അപകടകരമായ വിധത്തിൽ രക്തസമ്മർദ്ദം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

natural ways to control your blood pressure
Author
Trivandrum, First Published Nov 21, 2019, 10:16 PM IST

'നിശ്ശബ്ദനായ കൊലയാളി' എന്നാണ് രക്തസമ്മർദ്ദം (blood pressure) എന്ന ആരോഗ്യപ്രശ്നത്തെ പൊതുവെ വിളിക്കുന്നത്. ക്രമം തെറ്റിയ ആഹാര ശീലങ്ങളും മാറിയ ജീവിതശൈലികളുമാണ് രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. മലയാളികളിൽ അപകടകരമായ വിധത്തിൽ രക്തസമ്മർദ്ദം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

മസ്തിഷ്‌കാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾ ഉണ്ടാകാൻ ഉയർന്ന രക്തസമ്മർദ്ദം കാരണമാകും. കൂടാതെ കാഴ്ചശക്തിയെ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില മാർഗ്ഗങ്ങളിലൂടെ അമിത രക്തസമ്മർദ്ദത്തെ എങ്ങനെ പ്രതിരോധിക്കാം. 

ഒന്ന്...

ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി നീക്കി വയ്ക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കൃത്യമായ വ്യായാമ മുറ ശീലമാക്കാം. വ്യായാമം പതിവാക്കുന്നതോടെ ശരീരത്തിലെ രക്തചംക്രമണം സുഗമമാകുകയും ഹൃദയം കൂടുതൽ കരുത്തുള്ളതാകുകയും ചെയ്യും. 

natural ways to control your blood pressure

രണ്ട്...

അമിതമായ ഉപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒട്ടനവധിയാണ്. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കിയേ തീരൂ. ദിവസവും 6 ഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. പായ്ക്കറ്റ് ഫുഡുക‌ൾ കഴിക്കുന്നത് ഉപ്പ് ധാരാളമായി ശരീരത്തിലെത്തും. ഇത് രക്തസമ്മർദ്ദം കൂട്ടാൻ കാരണമാകും. ഉപ്പ് അധികം അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതുപോലെ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ കു‌ടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുമ്പോൾ ചേർക്കുന്ന ഉപ്പിന്റെ അളവും കുറയ്ക്കാവുന്നതാണ്.

natural ways to control your blood pressure

മൂന്ന്...

മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മദ്യത്തോടൊപ്പം സാധാരണ കഴിക്കുന്ന ആഹാരങ്ങൾ പലപ്പോഴും ഉപ്പ് കൂടുതൽ ഉള്ളതായിരിക്കും. കൂടാതെ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവയോട് വല്ലാത്തൊരു ആസക്തി മദ്യം കഴിക്കുന്നവരിൽ കാണാറുണ്ട്. അതുകൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മദ്യം ഒഴിവാക്കുക.

natural ways to control your blood pressure

നാല്...

ടെൻഷൻ ഉള്ളവരിൽ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മാനസിക പിരിമുറുക്കം കൂടുതലായി അനുഭവിക്കുന്നവരിൽ ഹൃദയമിടിപ്പ് കൂടുതലായി കാണപ്പെടാറുണ്ട്. ഇത് മൂലം രക്തക്കുഴലുകളിൽ സമ്മർദ്ദം അനുഭവപ്പെടുന്നു. മനസ്സിനെ സംഘർഭരിതമാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയോ പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന തുടങ്ങിയവ ശീലമാക്കുകയോ ചെയ്യാം. 

natural ways to control your blood pressure

അഞ്ച്...

അമിതവണ്ണമുള്ളവരിൽ രക്തസമ്മർദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ അമിതവണ്ണം തടയേണ്ടത് ആവശ്യമാണ്. മുമ്പ് നടത്തിയ പഠനങ്ങൾ അനുസരിച്ച് ഏകദേശം 8 കിലോ ഭാരം കുറച്ചവരിൽ രക്തസമ്മർദ്ദത്തിന്റെ അളവ് 6.5 mm Hg വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 mm Hg - നോട് ചേർന്ന് നിൽക്കുന്നതാണ് അഭികാമ്യം. ശരീര ഭാരം കുറയുന്നതോടെ രക്തധമനികളുടെ പ്രവർത്തന ക്ഷമത മെച്ചപ്പെടുകയും രക്തചംക്രമണം അനായാസകരമായി നടക്കുകയും ചെയ്യും. 

natural ways to control your blood pressure

ആറ്...

പുകവലി രക്തസമ്മർദ്ദം കൂട്ടുന്നതിന് കാരണമാകും. പുകവലി ശീലമാകുമ്പോൾ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. പുകവലി ശീലമാക്കിയവരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നന്നേ ബുദ്ധിമുട്ടാണ്. ഓരോ തവണ സിഗരറ്റ് വലിക്കുമ്പോഴും പുക ഉള്ളിലെത്തും. ഈ സമയത്തെ രക്തസമ്മർദ്ദത്തിൽ താത്കാലിക വർദ്ധന ഉണ്ടാകും. അത് മാത്രമല്ല, നിക്കോട്ടിൻ രക്തധമനികൾക്ക് വളരെയേറെ ദോഷം ചെയ്യും.

natural ways to control your blood pressure
 

Follow Us:
Download App:
  • android
  • ios