Asianet News MalayalamAsianet News Malayalam

Neck Pain : കഴുത്തുവേദന പതിവാണോ? കാരണം മനസിലാക്കാം...

കഴുത്തുവേദന തന്നെ പല വിധത്തിലുണ്ട്. ഇതിന് പല കാരണങ്ങളും വരാറുണ്ട്. അത്തരത്തില്‍ കാണുന്ന ഏഴ് തരം കഴുത്തുവേദനയും അതിനുള്ള കാരണങ്ങളുമാണ് ഇനി വിശദീകരിക്കുന്നത്. 

neck pain types and its causes
Author
Trivandrum, First Published Aug 7, 2022, 1:51 PM IST

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. വിവിധ തരത്തിലുള്ള ശരീരവേദനകളെല്ലാം ഇതിലുള്‍പ്പെടാറുണ്ട്. ഇത്തരത്തിലൊരു പ്രശ്നമാണ് കഴുത്ത് വേദനയും ( Neck Pain). ഇടയ്ക്കിടെ കഴുത്തുവേദന വരുന്നുവെങ്കില്‍ അതിന്‍റെ കാരണം ( Causes of Neck Pain )  കണ്ടെത്തി പരിഹരിക്കുന്നതാണ് ഉചിതം. 

കഴുത്തുവേദന ( Neck Pain) തന്നെ പല വിധത്തിലുണ്ട്. ഇതിന് പല കാരണങ്ങളും വരാറുണ്ട്. അത്തരത്തില്‍ കാണുന്ന ഏഴ് തരം കഴുത്തുവേദനയും അതിനുള്ള കാരണങ്ങളുമാണ് ( Causes of Neck Pain ) ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

ഓസിപിറ്റല്‍ ന്യൂറാള്‍ജിയ: കഴുത്തിന്‍റെ മുകള്‍ഭാഗം, തലയുടെ പിൻഭാഗം എന്നിവിടങ്ങളിലായി വേദന അനുഭവപ്പെടുന്നത് ഇതാകാം. അതുപോലെ തന്നെ ചെവികള്‍ക്ക് പിന്നിലും വേദനയുണ്ടാകാം. ഓസിപിറ്റല്‍ നാഡികള്‍ക്ക് സംഭവിക്കുന്ന പരുക്കോ അണുബാധയോ ആകാം ഇതിന് കാരണമാകുന്നത്. 

രണ്ട്...

സെര്‍വിക്കല്‍ റഡിക്കുലോതി: കഴുത്തിലെ ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന കഴുത്ത് വേദനയാണിത്. ഇത് കഴുത്തില്‍ അസഹനീയമായ വേദനയുണ്ടാക്കാം. കഴുത്തില്‍ മാത്രമല്ല, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വേദന വ്യാപിച്ചുവരാം. 

മൂന്ന്...

ഫേസറ്റ് ആര്‍ത്രോപതി : കഴുത്തില്‍ നട്ടെല്ലിന്‍റെ ചെറിയ സന്ധികളിലായി വാതം ബാധിക്കുന്നതോടെ അനുഭവപ്പെടുന്ന കഴുത്ത് വേദനയാണിത്. അധികവും പ്രായമായവരിലും വാതമുള്ളവരിലുമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. 

നാല്...

മയോഫേഷ്യല്‍ പെയിൻ സിൻഡ്രോം: കഴുത്തിലെ പേശികള്‍ ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന വേദനയാണിത്. കഴുത്തിന് പുറമെ മുതുക്, തോള്‍, നെഞ്ച് എന്നിവിടങ്ങളിലും ഇതിന്‍റെ വേദന വരാം. ഇത് ആവര്‍ത്തിച്ചുള്ള ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍, അതുവഴി പേശികള്‍ക്ക് വരുന്ന സമ്മര്‍ദ്ദം, പേശികളിലെ പരുക്ക്, ഇരിപ്പോ നടപ്പോ കൃത്യമായ ഘടനയില്‍ ആകാതെ പതിവാകുന്നത്  തുടങ്ങി പല പ്രശ്നങ്ങള്‍ മൂലവും വരാം. 

അഞ്ച്...

സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് : സെര്‍വിക്കല്‍ സ്പൈനില്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന ശോഷണത്തെ തുടര്‍ന്നുണ്ടാകുന്ന വേദനയാണിത്. കഴുത്തില്‍ മുറുക്കം വേദന എന്നിവയാണിതില്‍ അനുഭപ്പെടുക. 

ആറ്...

വിപ്ലാഷ് നെക്ക്പെയിൻ: കഴുത്തിന് പെട്ടെന്നുള്ള ആഘാതങ്ങള്‍ മൂലമേല്‍ക്കുന്ന പരുക്ക്, ഉളുക്ക് എന്നിവ മൂലമുണ്ടാകുന്ന വേദനയാണിത്. അധികവും അപകടങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് വാഹനാപകടങ്ങളില്‍.

ഏഴ്...

ഫൈബ്രോമയാള്‍ജിയ : ഉറക്കപ്രശ്നം, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കഴുത്തുവേദനയാണിത്. മാനസികപ്രശ്നങ്ങള്‍ മൂലവും കഴുത്തുവേദനയുണ്ടാകാം. ഉത്കണ്ഠ, വിഷാദരോഗം എന്നിവയെല്ലാം ഇതിനുുദാഹരണമാണ്. 

Also Read:- ടെൻഷൻ കൊണ്ടുള്ള തലവേദന എങ്ങനെ തിരിച്ചറിയാം?

Follow Us:
Download App:
  • android
  • ios