Asianet News MalayalamAsianet News Malayalam

ഇന്ത്യയിലും പുതിയ കൊവിഡ് വകഭേദം; അറിയാം ലക്ഷണങ്ങളെ കുറിച്ച്...

ഇന്ത്യയിലും ബിഎഫ്.7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതുവരെ നാല് കേസുകളാണ് ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് കേസുകള്‍ ഗുജറാത്തില്‍ നിന്നും രണ്ട് കേസുകള്‍ ഒഡീഷയില്‍ നിന്നും.

new covid variant confirmed in india and here are the symptoms of omicron bf 7
Author
First Published Dec 22, 2022, 10:53 AM IST

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ഇക്കഴിഞ്ഞ ആഴ്ചകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചൈനയില്‍ അടുത്ത കൊവിഡ് തരംഗമെന്ന് തന്നെയെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്.ഒമിക്രോണ്‍ വൈറസിന്‍റെ പുതിയ വകഭേദമായ ബിഎഫ്.7 ആണ് പുതിയ തരംഗത്തിന് കാരണമായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ലോകമെമ്പാടും ജാഗ്രത പടരുന്നുണ്ട്. ഇന്ത്യയിലും ബിഎഫ്.7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതുവരെ നാല് കേസുകളാണ് ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് കേസുകള്‍ ഗുജറാത്തില്‍ നിന്നും രണ്ട് കേസുകള്‍ ഒഡീഷയില്‍ നിന്നും. ഇന്ത്യക്ക് പുറമെ ബെല്‍ജിയം, ഫ്രാൻസ്, ഡെന്മാര്‍ക്ക്, യുഎസ്, യുകെ എന്നിവിടങ്ങളിലെല്ലാം ബിഎഫ്.7 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചൈന, കൊറിയ, യുഎസ്, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതലായി കാണുന്നത്.

ബിഎഫ്.7 കുറിച്ച്...

ഒമിക്രോണ്‍ എന്ന വകഭേദത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. ഒമിക്രോണ്‍ തന്നെ വ്യതിയാനം സംഭവിച്ച് പല ഉപവകഭേദങ്ങളായി പിന്നീട് വന്നിരുന്നു. ഇതില്‍ ബിഎ.5 എന്ന വകഭേദത്തില്‍ നിന്നാണത്രേ ബിഎഫ്.7 ഉണ്ടായിരിക്കുന്നത്. 

വളരെ വേഗത്തില്‍ രോഗവ്യാപനം നടത്താൻ സാധിക്കുമെന്നതാണ് ഇതിന്‍റെ ഒരു പ്രത്യേകത. രോഗമുക്തി നേടിയവരില്‍ തന്നെ വീണ്ടും കൊവിഡ് എത്തിക്കാനും വാക്സിനെടുത്തവരില്‍ പോലും കൊവിഡ് പകര്‍ത്താനും ഇതിനുള്ള കഴിവ് കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വാക്സിനുകള്‍ക്കൊന്നും ബിഎ.7 പ്രതിരോധിക്കാൻ സാധിക്കില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ലക്ഷണങ്ങള്‍...

കൊവിഡ് 19 രോഗത്തില്‍ അടിസ്ഥാനപരമായി ചില ലക്ഷണങ്ങള്‍ പൊതുവില്‍ എല്ലാ വകഭേദത്തിലും കാണാം. ഇവ തന്നെയാണ് ബിഎഫ്.7ലും കാര്യമായി കാണുന്നത്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നിവ തന്നെയാണ് ലക്ഷണങ്ങളായി കാണുന്നതത്രേ. ശ്വാസകോശത്തിന്‍റെ മുകള്‍ഭാഗത്ത് അണുബാധയുണ്ടാക്കുന്ന രീതി തന്നെ ഈ വൈറസ് വകഭേദത്തിനും. 

ചെയ്യാവുന്നത്...

പുതിയ കൊവിഡ് വകഭേദം വന്നതോടെ നാം ഏറെക്കുറെ ഉപേക്ഷിച്ച കൊവിഡ് പ്രതിരോധമാര്‍ഗങ്ങളെല്ലാം പൊടി തട്ടി വീണ്ടും പുറത്തെടുക്കേണ്ടി വരാം. ഇപ്പോള്‍ തന്നെ പൊതുവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമാലോചിക്കുന്നുണ്ട്. 

പ്രത്യേകിച്ച് ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വരുന്ന അവസരത്തില്‍ കൊവിഡ് പ്രതിരോധം ഊര്‍ജ്ജസ്വലമാക്കിയില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയിലും ഇത് മറ്റൊരു തരംഗത്തിന് കാരണമാകാം. മാസ്ക് ധരിക്കുക, സമഹികാകലം പാലിക്കുക, കൈകള്‍ എപ്പോഴും ശുചിയാക്കുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ മറക്കാതെ ചെയ്യാം. 

ഇതോടൊപ്പം തന്നെ ചുമ, ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടാല്‍ അത് സീസണല്‍ ആണെന്ന് പറഞ്ഞ് വീട്ടിലിരിക്കാതെ പരിശോധിക്കുക. ടെസ്റ്റ് ഫലം വരും വരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാകാതിരിക്കുക. 

Also Read:- ചൈനയില്‍ ഇപ്പോള്‍ ചെറുനാരങ്ങ 'പൊന്ന്' പോലെ; കാരണം ഇതാണ്...

Latest Videos
Follow Us:
Download App:
  • android
  • ios