അന്തരീക്ഷമലിനീകരണം കൂടുതലുള്ള പ്രദേശങ്ങളില്‍ കൊവിഡ് മരണ നിരക്കും കൂടുതലാണെന്ന് പഠനം. ഹാര്‍വാഡ് സര്‍വ്വകലാശാലയിലേയും ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ഗവേഷകര്‍ അമേരിക്കയിലെ 3080 കൗണ്ടികളിലായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

മുടിനാരിന്‍റെ വ്യാസത്തിന്‍റെ മൂന്നു ശതമാനം മാത്രം വലുപ്പമുള്ള സൂഷ്മ പൊടിപടലങ്ങള്‍ മനുഷ്യരില്‍ വ്യാപകമായി ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദീര്‍ഘകാലം മലിനീകരണമുള്ള വായു ശ്വസിച്ചവരിലാണ് കൊവിഡ് 19 കൂടുതല്‍ ഗുരുതരമാകുന്നത്. മലിനമായ വായു ശ്വസിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് 15 ശതമാനം മരണ നിരക്ക് കൂടുതലാണെന്ന് പഠനം പറയുന്നു. 

വായുമലിനീകരണം രൂക്ഷമായ ഇന്ത്യയിലെ ദില്ലി അടക്കമുള്ള പ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് ഈ പഠനഫലമെന്നും ഗവേഷകര്‍ പറയുന്നു.  കേരളത്തിലെ അന്തരീക്ഷം ഏറെ ശുദ്ധവുമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വാഹനപ്പെരുപ്പം, നിര്‍മ്മാണ പ്രവര്‍ത്തികള്‍, മാലിന്യം കത്തിക്കല്‍, വ്യവസായശാലകളിലെ പുക എന്നിവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്.