Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ഇന്ത്യയില്‍ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

ഇന്ത്യയില്‍ നിലവില്‍ ബിഎ.5 വകഭേദങ്ങള്‍ മൂലമുള്ള കേസുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇവിടെ 80 ശതമാനത്തോളം കേസുകളും ബിഎ.2.75 മൂലമുള്ളതാണ്. എന്നാലിനി സ്ഥിതിഗതികള്‍ മാറുമോയെന്നത് കണ്ടറിയണം. 

new omicron variant confirmed in india
Author
First Published Oct 18, 2022, 10:14 AM IST

കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും തുടരുന്നത്. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും രോഗവ്യാപനം നടത്തി. ഏറ്റവും ഒടുവിലായി ഒമിക്രോണ്‍ എന്ന വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗം കേസുകളും സൃഷ്ടിച്ചിരുന്നത്. 

ഇപ്പോഴിതാ അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്‍റെ വിശദപരിശോധനയിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. 

ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണത്രേ ഇത്. യുഎസില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്നതിന് ഇടയാക്കിയ വകഭേദമാണിത്. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുണെയില്‍ ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്.  ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യയില്‍ നിലവില്‍ ബിഎ.5 വകഭേദങ്ങള്‍ മൂലമുള്ള കേസുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇവിടെ 80 ശതമാനത്തോളം കേസുകളും ബിഎ.2.75 മൂലമുള്ളതാണ്. എന്നാലിനി സ്ഥിതിഗതികള്‍ മാറുമോയെന്നത് കണ്ടറിയണം. 

ഇപ്പോള്‍ വരുന്ന വകഭേദങ്ങളെല്ലാം തന്നെ ഒമിക്രോണില്‍ നിന്നുള്ളതാണ്. ഇവയെ നിസാരമായി കാണാൻ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പെട്ടെന്ന് കൊവിഡ് കേസുകള്‍ ഒന്നിച്ച് ഉയരുന്നതിന് ഇടയാക്കാൻ ഒരുപക്ഷെ ഇവയ്ക്ക് സാധിക്കുമെന്നും അതിനാല്‍ തന്നെ പ്രതിരോധം സജീവമാക്കി തുടരണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. 

മറ്റ് രാജ്യങ്ങളില്‍ തീവ്രരോഗവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യത്തും ഇതെച്ചൊല്ലി ആശങ്കകളുണ്ടായിരുന്നു. കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ഇപ്പോള്‍ രാജ്യത്തും പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 

Also Read:- 'ഇതെന്താണ് ജയിലോ?'; ചൈനയില്‍ നിന്നുള്ള വീഡിയോ ചര്‍ച്ചയാകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios