നിലവില്‍ ഒമിക്രോൺ എന്ന വകഭേദമാണ് ലോകമാകെയും കൊവിഡ് കേസുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണിന് ശേഷം ഇതിന്‍റെ ഉപവകഭേദങ്ങള്‍ പലതും വന്നു. ഇപ്പോഴിതാ ഒമിക്രോണിന്‍റെ തന്നെ പുതിയൊരു ഉപവകഭേവും കൂടി കണ്ടെത്തപ്പെട്ടിരിക്കുകയാണ്.

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുക തന്നെയാണ്. 2019 അവസാനത്തോടെ വ്യാപകമാകാൻ തുടങ്ങിയ കൊവിഡ് 19 ലക്ഷക്കണക്കിന് ജീവനുകളെയാണ് അപഹരിച്ചത്. ഇതിനിടെ വാക്സിനെത്തിയെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച് വെല്ലുവിളികളുയര്‍ത്തിക്കൊണ്ടിരുന്നു.

നിലവില്‍ ഒമിക്രോൺ എന്ന വകഭേദമാണ് ലോകമാകെയും കൊവിഡ് കേസുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണിന് ശേഷം ഇതിന്‍റെ ഉപവകഭേദങ്ങള്‍ പലതും വന്നു. ഇപ്പോഴിതാ ഒമിക്രോണിന്‍റെ തന്നെ പുതിയൊരു ഉപവകഭേവും കൂടി കണ്ടെത്തപ്പെട്ടിരിക്കുകയാണ്.

ആദ്യം യുകെയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ ബിഎ. 4.6 എന്ന ഈ പുതിയ വകഭേദം ഇപ്പോള്‍ യുഎസിലും കൂടുതല്‍ കേസുകള്‍ക്ക് കാരണമായതോടെ ഇതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ആഗസ്റ്റ് പകുതിയോടെ യുകെയിലെ ആകെ കേസുകളുടെ 3.3 ശതമാനം ബിഎ.4.6 മൂലമുള്ളതായിരുന്നു. ഇത് നിലവില്‍ 9 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. യുഎസിലും ആകെ കേസുകളുടെ 9 ശതമാനം ബിഎ.4.6 തന്നെയാണ് സൃഷ്ടിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലും ഇത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. 

ഇതോടെ പുതിയ വകഭേദം അപകടഭീഷണി ഉയര്‍ത്തുമോയെന്നും ആശങ്കയ്ക്കുള്ള വക ഇതിലുണ്ടോയെന്നുമെല്ലാം ഏവരും അന്വേഷിക്കുകയാണ്. 

ബിഎ. 4.6

എങ്ങനെയാണ് ബിഎ.4.6 വകഭേദം ഉണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ നിലവില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. എങ്കിലും പ്രാഥമികമായി ഒമിക്രോണിന്‍റെ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ 'കോമ്പിനേഷൻ'ആണിതെന്നാണ് കരുതപ്പെടുന്നത്. വൈറസ് ശരീരകോശങ്ങളിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനില്‍ തന്നെയാണ് ഇതിലും വ്യത്യസ്തത കാണുന്നതത്രേ. വൈറസിന്‍റെ പുറത്തായി നാരുപോലെ കാണപ്പെടുന്നതാണ് സ്പൈക്ക് പ്രോട്ടീനുകള്‍. ഇതുപയോഗിച്ചാണ് ഇവ കോശങ്ങളിലേക്ക് കയറിപ്പറ്റുന്നത്. 

രോഗതീവ്രത കൂട്ടുമോ? 

പൊതുവില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ കാര്യമായ രീതിയില്‍ രോഗികളെ ബാധിക്കാറില്ല. ബിഎ.4.6 ന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ രോഗവ്യാപനത്തിന്‍റെ കാര്യത്തിലെത്തുമ്പോള്‍ ഓരോ പുതിയ വകഭേദവും സൃഷ്ടിച്ചത് പോലെ തന്നെ ഇതും പുതിയ വെല്ലുവിളി തന്നെയാണ് സൃഷ്ടിക്കുന്നത്. 

രോഗവ്യാപനം മുമ്പുണ്ടായിരുന്ന വകഭേദത്തെക്കാള്‍ കൂട്ടുന്നതാണ് ഇവകളുടെ പൊതുസ്വഭാവം. അതിനാല്‍ തന്നെ ബിഎ.4.6ഉം രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. വാക്സിന്‍ മൂന്ന് ഡോസ് വരെ സ്വീകരിച്ചവരില്‍ പോലും വളരെ എളുപ്പത്തില്‍ ഇത് കടന്നുചെല്ലുന്നുവെന്നാണ് ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. എങ്കിലും വാക്സിൻ സ്വീകരിക്കുന്നത് എപ്പോഴും രോഗം മൂലം വലിയ സങ്കീര്‍ണതകള്‍ വരുന്നത് ഒഴിവാക്കാൻ ഉപകരിക്കും എന്നതിനാല്‍ വാക്സിനോട് അരുത് പറയേണ്ടെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 

Also Read:- പുതിയ കൊവിഡ് കേസുകളില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍; ഹൃദയാഘാത സാധ്യത കൂടുന്നോ?