കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഗവേഷകലോകം ഇതെപ്പറ്റിയുള്ള പഠനങ്ങളിലാണ്. നാം ഇന്ന് വരെ കേട്ടറിയുകയോ അനുഭവിച്ചറിയുകയോ ചെയ്യാതിരുന്ന രോഗമായതിനാല്‍ തന്നെ ഇതെക്കുറിച്ച് പഠിക്കാന്‍ ധാരാളം വിഷയങ്ങളുണ്ടാവുകയും ചെയ്തിരുന്നു. 

ഇതിനിടെയാണ് കൊവിഡ് 19 രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് എന്ന വൈറസ് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. അതായത്, ആദ്യഘട്ടത്തില്‍ ചൈനയില്‍ കണ്ട വൈറസ് തന്നെ ആകണമെന്നില്ല അടുത്തൊരു ഘട്ടത്തില്‍ മറ്റൊരു രാജ്യത്ത് കാണുന്നത്. 

പരസ്പരമുള്ള വ്യത്യാസത്തിന് അനുസരിച്ചാണ് ഇവയുണ്ടാക്കുന്ന അണുബാധയടെ തീവ്രതയും മറ്റും കിടക്കുന്നത്. യുകെയില്‍ പുതിയ തരം കൊറോണയെ കണ്ടെത്തിയെന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിവര്‍ത്തനം സംഭവിച്ച വിഭാഗത്തില്‍ പെടുന്ന രോഗകാരികളാണ് ഇവയെന്നും രോഗവ്യാപനം വര്‍ധിപ്പിക്കുന്നു എന്നതാണ് ഇവയുയര്‍ത്തുന്ന വെല്ലുവിളിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സമാനമായ തരത്തില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും പുതിയ ഇനത്തില്‍ പെടുന്ന കൊറോണയെ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതും രോഗവ്യാപനം വര്‍ധിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നതത്രേ. ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് അറിയിച്ചത്. 

'501.v2 എന്നറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്ന കൊറോണയാണ് നമ്മുടെ നാട്ടില്‍ കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ നമ്മള്‍ നേരിടുന്ന കൊവിഡ് രണ്ടാം തരംഗം ഇത് മൂലമാണ് ഉണ്ടായിട്ടുള്ളത്...'- വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി സ്വെലി കിസേ പറഞ്ഞു. 

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയിലായിരുന്നു. 900,000 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 20,000 പേര്‍ മരണത്തിന് കീഴടങ്ങി. രണ്ടാം തരംഗം ആരംഭിച്ചതോടെ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.

പുതിയ വിഭാഗത്തില്‍ പെടുന്ന വൈറസിനെ കണ്ടെത്തിയതോടെ ഇവിടെയുള്ള ഗവേഷകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഏതെല്ലാം തരത്തില്‍ രോഗകാരി ഭീഷണികളുയയര്‍ത്തിയേക്കാം എന്നതടക്കമുള്ള കാര്യങ്ങളില്‍ നിരീക്ഷണം നടത്തിവരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

Also Read:- കൊവിഡ് 19 തലച്ചോറിനേയും ബാധിക്കുന്നു!; കണ്ടെത്തലുമായി ഗവേഷകര്‍...