അച്ഛന് പിന്നാലെ മടങ്ങുമ്പോള്‍ ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു നിബിയ. പെരുമ്പാവൂര്‍ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് (25) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. 

രാവിലെ ഏഴ് മണിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായത്. ഈ മാസം പത്തിനായിരുന്നു അപകടം നടന്നത്. കാറിലുണ്ടായിരുന്ന നിബിയയുടെ പിതാവ് ജോസഫ് ചോക്കോ സംഭവദിവസം തന്നെ മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ നിധിന്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ആസ്റ്റർ മെഡ്സിറ്റിയിൽ രാവിലെ 11ന് അവയവദാന ശസ്ത്രക്രിയ ആരംഭിച്ചു.
നിബിയയുടെ കണ്ണുകള്‍, ഹൃദയം, വൃക്കകള്‍, കരള്‍, പാന്‍ക്രിയാസുമാണ് ദാനം ചെയ്തത്. 

ഡോ. മാത്യു ജേക്കബ്, ഡോ. ഷെജോയ് പി. ജോഷ്വ, ഡോ. എസ്. റോമൽ, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ടി.കെ. ജയകുമാർ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് 1.45 നു മരണം സ്ഥിരീകരിച്ചു. ചേറ്റുകുഴിയിലെ എവർഗ്രീൻ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമയായിരുന്നു ജോസഫ്. വിവാഹസ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് നിബിയ മടങ്ങിയത്. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 
 ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2 വർഷം നഴ്‌സായി ജോലി ചെയ്ത നിബിയ ഒന്നരവർഷമായി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലുമായിരുന്നു.