Asianet News MalayalamAsianet News Malayalam

'മരണക്കിടക്കയിലാണെന്ന് അറിയാതെ തിരിച്ചുവന്നു; 'നിപ'യെ അതിജീവിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥി പറയുന്നു...

മെയ് 20ന് മെഡിക്കല്‍ കോളേജിലെ നഴ്‌സായ ലിനി സജീഷ് നിപ ബാധിച്ച് മരണമടഞ്ഞു. സാബിത്തിനേയും സാലിഹിനേയും ആശുപത്രിയില്‍ വച്ച് പരിചരിച്ച സംഘത്തില്‍ ലിനിയുമുണ്ടായിരുന്നു. രോഗത്തിന്റെ എല്ലാതരത്തിലുമുള്ള തീവ്രതയെ തിരിച്ചറിയുന്ന ഘടത്തിലായിരുന്നു ലിനിയുടെ മരണം. ഇതിനിടെ, മെയ് 15നാണ് കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അജന്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്
 

nipah survivor in kerala remember her own experience about her hospital days
Author
Trivandrum, First Published Jun 3, 2019, 7:14 PM IST

നിപ... 2018 മെയ് വരെ കേരളം അങ്ങനെയൊരു അസുഖത്തെ പറ്റി കേട്ടിരുന്നില്ല. പൂര്‍വ്വകാല ചരിത്രമുണ്ടായിട്ടുപോലും നമ്മളെ ബാധിക്കാതിരുന്നത് കൊണ്ടോ എന്തോ നമ്മളതെപ്പറ്റി ഒട്ടും ബോധ്യത്തിലായിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ അപൂര്‍വ്വരോഗത്തിന്റെ കടന്നുവരവ്. പനിയുടെ വേഷത്തില്‍ കോഴിക്കോട്ടുകാരനായ സാബിത്തിലൂടെയെത്തിയ നിപയെ പക്ഷേ അപ്പോഴൊന്നും തിരിച്ചറിയാന്‍ നമുക്കായില്ല. 

സാബിത്തിന്റെ മരണത്തിന് ശേഷം സഹോദരന്‍ സാലിഹും സമാനമായ രീതിയില്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍ മെയ് 18ന്, സാലിഹിന്റെ മരണത്തോടെ നിപയ്ക്ക് സ്ഥിരീകരണമായി. പിന്നീടങ്ങോട്ട് ഓരോ നിമിഷവും ഭീതിയുടേയും ആശങ്കയുടേതുമായിരുന്നു. 

നിപ സ്ഥിരീകരിച്ചതോടെ കോളറക്കാലത്തെയും വസൂരിക്കാലത്തെയും അതിഭീകരമായ സാമൂഹിക പശ്ചാത്തലങ്ങളെ ഓര്‍മ്മിപ്പിക്കും പോലെ കോഴിക്കോട് നഗരവും, മറ്റുപല പ്രദേശങ്ങളും ഒറ്റപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയവര്‍, നിപ ബാധിച്ച് മരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍, നാട്ടുകാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിങ്ങനെ പല തട്ടുകളിലുമുള്ള മനുഷ്യര്‍ പേടിയോടെ ഓരോ ദിവസത്തെയും തള്ളിനീക്കി. 

മെയ് 20ന് മെഡിക്കല്‍ കോളേജിലെ നഴ്‌സായ ലിനി സജീഷ് നിപ ബാധിച്ച് മരണമടഞ്ഞു. സാബിത്തിനേയും സാലിഹിനേയും ആശുപത്രിയില്‍ വച്ച് പരിചരിച്ച സംഘത്തില്‍ ലിനിയുമുണ്ടായിരുന്നു. രോഗത്തിന്റെ എല്ലാതരത്തിലുമുള്ള തീവ്രതയെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ലിനിയുടെ മരണം. 

ഇതിനിടെ, മെയ് 15നാണ് കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അജന്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യമൊന്നും നിപയുടെ സംശയമില്ലായിരുന്നു. പിന്നീടാണ് സംശയത്തെ തുടര്‍ന്ന് രക്തം പരിശോധിച്ചത്. അങ്ങനെ പൂനെയിലെ ലാബില്‍ നിന്ന് റിസള്‍ട്ട് വന്നു, പോസിറ്റീവാണ്. അതായത് നിപ സ്ഥിരീകരിച്ചിരിക്കുന്നു. 

'കണ്ണ് തുറക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ക്ഷീണമായിരുന്നു. ഒരാഴ്ച ഓര്‍മ്മയുണ്ടായിരുന്നില്ല. അപ്പോഴൊക്കെ ഐസിയുവില്‍ തന്നെയായിരുന്നു. അത് ശരിക്ക് എന്റെ മരണക്കിടക്കയായിരുന്നുവെന്ന് എനിക്കറിയുക കൂടിയില്ലായിരുന്നു. അത്രയും ഗുരുതരമായ അവസ്ഥയായിരുന്നു. അവിടെ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത് എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, ഭയങ്കര അത്ഭുതമാണ്'- നിപയെ അതിജീവിച്ച അജന്യ ഓര്‍ത്തെടുക്കുകയാണ് ആ ദിവസങ്ങളെ...

'സാധാരണ ഒരു പനിയാണെന്നായിരുന്നു ആദ്യം കരുതിയത്. അങ്ങനെ ഹോസ്റ്റലില്‍ നിന്ന് കൊയിലാണ്ടിയിലെ വീട്ടിലേക്ക് പോയി. അവിടെയുള്ള ഒരാശുപത്രിയില്‍ കാണിച്ചപ്പോള്‍ അവരാണ് മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റാന്‍ പറഞ്ഞത്. മെഡിക്കല്‍ കോളേജില് വന്നിട്ട് എത്രയോ ദിവസങ്ങള് എനിക്ക് ഓര്‍മ്മയിലില്ല. പിന്നെ രോഗം സ്ഥിരീകരിച്ചു. ഞാനിതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ബീച്ച് ഹോസ്പിറ്റലിലാണ് പഠിക്കുന്നതെങ്കിലും പ്രാക്ടിക്കലിന് മെഡിക്കല്‍ കോളേജില്‍ വരണം. അന്ന് സാബിത്തിനെ കൊണ്ടുവന്ന ദിവസം ഞാനും കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അതുവഴിയാണ് രോഗം പകര്‍ന്നതത്രേ. പിന്നെ ബോധം വന്ന് ഐസിയുവില്‍ നിന്ന് മാറ്റിയപ്പോഴും ഞാന്‍ കാര്യങ്ങള്‍ മുഴുവനായി അറിഞ്ഞിരുന്നില്ല. ഐസൊലേഷന്‍ വാര്‍ഡിലായപ്പോഴും അമ്മയും അച്ഛനും മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ആരും വന്നിരുന്നില്ല. പൂര്‍ണ്ണമായും ഭേദമായ ശേഷമാണ് നിപ എന്ന് പറയുന്ന അസുഖത്തിനെ പറ്റിയും, അതുണ്ടാക്കിയ പേടി, മരണങ്ങള്‍... ഇതൊക്കെയും ഞാനറിയുന്നത്... '- അജന്യ പറയുന്നു. 

രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങിയപ്പോള്‍ അജന്യയും ഉബീഷ് എന്ന യുവാവും മാത്രമാണ് അതില്‍ നിന്ന് തിരിച്ചുവന്നത്. ജൂണ്‍ 11ഓടെയാണ് രോഗം പൂര്‍ണ്ണമായും ഭേദമായി അജന്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത്. കേരളം ഒരുമാസത്തെ ഭീതിക്കും ആശങ്കകള്‍ക്കുമൊടുവില്‍ അന്നാണ് അറിഞ്ഞ് ചിരിച്ചത്. 

'രോഗം മാറിവന്നതില്‍പ്പിന്നെ രണ്ടാഴ്ച കൂടി നല്ല റെസ്റ്റ് എടുത്തു. പിന്നെ ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ആ രോഗത്തിന്റെ പേരില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റിനിര്‍ത്തലോ, മറ്റ് പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. മാതാപിതാക്കള്‍, കുടുംബക്കാര്‍, നാട്ടുകാര്‍, സൂഹൃത്തുക്കള്‍, ആശുപത്രി ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍- ഇങ്ങനെ എല്ലാവരില്‍ നിന്നും സഹായങ്ങളും പിന്തുണയുമാണ് ഉണ്ടായിട്ടുള്ളൂ...'- അജന്യ സന്തോഷത്തോടെ ഓര്‍ക്കുന്നു.

ഇക്കുറി നിപയെന്ന ആശങ്കയെ എതിരിടുമ്പോള്‍, 16 ജീവന്‍ നഷ്ടപ്പെട്ടതിന്റെ വേദന നല്‍കിയ ജാഗ്രത കൂടി കേരളം പുലര്‍ത്തുകയാണ്. എങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാവുന്ന സാഹചര്യത്തില്‍ നമ്മളെത്തുന്നുമില്ല. എന്നാല്‍ അജന്യക്ക് പൂര്‍ണ്ണവിശ്വാസമാണ്, ഒന്നും വരില്ലെന്ന്...

'ഇന്നിപ്പോ ഇങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍, സത്യത്തില് എനിക്കങ്ങനെ വലിയ പേടിയൊന്നും ഉണ്ടായില്ല. ഒരു മരണം പോലും ഇനി, നിപയെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെയെല്ലാം നേരിടാന്‍ പ്രാപ്തരാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് നല്ല ശുഭാപ്തിവിശ്വാസത്തിലാണ്. ഭീതിയല്ല, ജാഗ്രത തന്നെയാണ് വേണ്ടത്, അക്കാര്യത്തില്‍ സംശയം വേണ്ട..' - മരണത്തോളമെത്തി തിരിച്ചുവന്നിട്ടും നിപയെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ അജന്യ ആത്മവിശ്വാസത്തിലാണ്. അതേ ആത്മവിശ്വാസവും കൂട്ടത്തില്‍ അല്‍പം കരുതലും തന്നെയാണ് ഇക്കാര്യത്തില്‍ നമ്മളോരോരുത്തരും പുലര്‍ത്തേണ്ടതും. 

Follow Us:
Download App:
  • android
  • ios