വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; നിങ്ങളറിയേണ്ട ചിലത്...
അല്‍പം ജാഗ്രതയോടെ തുടര്‍ന്നാല്‍ രോഗബാധയ്ക്കുള്ള അവസരം നമുക്ക് തന്നെ ഇല്ലാതാക്കാൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്

കഴിഞ്ഞ മാസം കോഴിക്കോട് നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏറെ ആശങ്കയോടെ ആഴ്ചകളാണ് തുടര്‍ന്നത്. രോഗബാധയേറ്റവരുമായി ബന്ധപ്പെട്ടവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കുകയും ക്വറന്‍റൈൻ ചെയ്യുകയും രോഗികളുള്ള പ്രദേശങ്ങള്‍ നിരീക്ഷണത്തിലാക്കുകയുമെല്ലാം ചെയ്തു.
നിപ വൈറസിന്‍റെ കേരളത്തിലുള്ള ചരിത്രം അത്രമാത്രം ഭയപ്പെടുത്തുന്നതാണല്ലോ. 2018ലാണ് മലയാളികള്‍ ആദ്യമായി നിപ വൈറസ് ബാധയെ കുറിച്ച് കേള്‍ക്കുന്നത്. അന്ന് കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങളിലായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്.
ഒരു കുടുംബത്തിലെ നാല് പേരും ഒരു നഴ്സുമടക്കം അഞ്ച് ജീവനുകള്‍ അന്ന പൊലിഞ്ഞു. എന്താണ് രോഗമെന്ന് കണ്ടെത്താൻ തന്നെ സമയമെടുത്തു. അതിനെ പ്രതിരോധിക്കാനും അന്ന് ഏറെ പ്രയാസപ്പെട്ടു. അന്ന് ഏറെ ഭീതിതമായ സാഹചര്യമായിരുന്നു കോഴിക്കോടുണ്ടായിരുന്നത്.
ഇക്കാരണം കൊണ്ട് തന്നെ കഴിഞ്ഞ മാസം കോഴിക്കോട് വീണ്ടും നിപ വൈറസ് മരണം സ്ഥിരീകരിച്ചപ്പോള്‍ വലിയ ആശങ്കയാണ് കേരളം മുഴുവൻ പരന്നത്. ആകെ ആറ് പേര്‍ക്ക് രോഗബാധയേല്‍ക്കുകയും ഇതില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു.
രോഗം കണ്ടെത്താൻ പെട്ടെന്ന് സാധിച്ചതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതുമെല്ലാം നിപ കൂടുതല്‍ സങ്കീര്‍ണമാകാതെ ഇക്കുറി നാം കടന്നുകിട്ടി. ഇതോടെയാണ് വിവിധയിടങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടി ഐസിഎംആറിന്‍റെ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തുടങ്ങിയത്.
കോഴിക്കോട് നിപ പടര്‍ന്ന മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന ആദ്യവാര്‍ത്ത വന്നതിന് പിന്നാലെ വയനാട്ടിലും വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ ചെറിയ ആശങ്കയിലാണ് കോഴിക്കോട്- വയനാട് മേഖലയിലുള്ളവര്‍.
എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇതോടാപ്പം തന്നെ ചില നിര്‍ദേശങ്ങളും ആളുകള്‍ക്കായി ഇവര്‍ ഇറക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ടതുണ്ട്. ഇത്തരത്തില്‍ അല്‍പം ജാഗ്രതയോടെ തുടര്‍ന്നാല്‍ രോഗബാധയ്ക്കുള്ള അവസരം നമുക്ക് തന്നെ ഇല്ലാതാക്കാൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്...
ഒന്ന്...
വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പാടില്ല. അവയ്ക്ക് പരുക്ക് ഏല്‍ക്കും വിധത്തില്‍ അവയെ കല്ലെറിയാനോ അടിക്കാനോ പാടുള്ളതല്ല. കാരണം പരുക്കേറ്റുകഴിയുമ്പോള്‍ വൈറസ് പകരുന്നതിന് സാധ്യക ഏറുന്നു.
രണ്ട്...
പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ എന്തെങ്കിലും ചെറിയ കേട് പറ്റിയ പഴങ്ങളാണെങ്കില്‍ പോലും അത് കഴിക്കാതെ ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെ മരത്തില്‍ നിന്ന് കിളികള്‍ കൊത്തിയോ, വിണ്ട്- അടര്‍ന്നോ താഴെ വീണുകിടക്കുന്ന പഴങ്ങളും ഒരു കാരണവശാലും കഴിക്കരുത്.
മൂന്ന്...
നിപ വൈറസ് സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് ലഭിക്കുന്ന പഴങ്ങളോ പച്ചക്കറികളോ എല്ലാം വെള്ളത്തിലിട്ടു വച്ച ശേഷം നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
നാല്...
വവ്വാലുകളുള്ള ഇടങ്ങളില്‍ തെങ്ങ്- പന എന്നിവയില്‍ നിന്ന് ശേഖരിക്കുന്ന തുറന്ന പാത്രങ്ങളിലുള്ള കള്ള് കുടിക്കരുത്. ഇതിലൂടെയും രോഗാണു ശരീരത്തിലെത്താം.
അഞ്ച്...
നിപ രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കുക. പനി അടക്കം എന്ത് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടാലും അത് നിസാരമാക്കി വയ്ക്കാതെ ആശുപത്രിയില്‍ ചികിത്സ തേടുക. അസുഖങ്ങള്‍ പിടിക്കുമ്പോള്‍ മാസ്ക് ധരിച്ചും ദൂരം പാലിച്ചും പരമാവധി മറ്റുള്ളവരിലേക്ക് രോഗാണുക്കളെത്താതെ നോക്കുക.
നിപ ലക്ഷണങ്ങള്‍...
നിപ വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പുറത്തുകാണാൻ നാല് മുതല്‍ 21 ദിവസം വരെ വേണ്ടിരാം. പനി, അസഹ്യമായ ക്ഷീണം, തലവേദന, ചുമ, തൊണ്ടവേദന എന്നിവയെല്ലാമാണ് നിപയുടെ പ്രാരംഭ ലക്ഷണങ്ങള്‍.
രോഗം മൂര്‍ച്ഛിച്ചുകഴിഞ്ഞാല്‍ ഛര്‍ദ്ദി, സ്ഥലകാലബോധം നഷ്ടപ്പെടുക, മാനസിക വിഭ്രാന്തി, ബോധക്ഷയം, ശ്വാസതടസം, അപസ്മാരം എന്നിങ്ങനെയുള്ള അസാധാരണമായ പ്രശ്നങ്ങളും ലക്ഷണമായി വരാം.
Also Read:- വയനാട്ടിലെ വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-